ദുബൈ: പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിലെയും വിവിധ സംസ്ഥാന/ സ്വകാര്യ/ കൽപിത സർവകലാശാലകളിലെയും ബിരുദതലത്തിലുള്ള വ്യത്യസ്തങ്ങളായ കോഴ്സുകളിലെ പ്രവേശനത്തിന് അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജിക്ക് (കോമൺ യൂനിവേഴ്സ്റ്റി എൻട്രൻസ് ടെസ്റ്റ്) മാർച്ച് 22 വരെ https://cuet.nta.nic.in/ എന്ന വെബ്സൈറ്റ് അപേക്ഷിക്കാം. ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രവേശന പരീക്ഷ മേയ് എട്ട് മുതൽ ജൂൺ ഒന്ന് വരെയാണ് നടക്കുക.
ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. സി.യു.ഇ.ടി (യു.ജി) പരീക്ഷക്ക് അപേക്ഷിക്കാൻ പ്രായം സംബന്ധിച്ച നിബന്ധനകൾ ഇല്ലെങ്കിലും പ്രവേശന സമയത്ത് സ്ഥാപനങ്ങളുടെ നിബന്ധനകൾ പാലിക്കണം. പ്രവേശനം അതത് സ്ഥാപനങ്ങളിലെ സംവരണ രീതിയനുസരിച്ചായിരിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. 13 ഭാഷാ വിഷയങ്ങളും 23 ഡൊമൈൻ സ്പെസിഫിക് വിഷയങ്ങളും ഒരു ജനറൽ ടെസ്റ്റും അടക്കം 37 വിഷയങ്ങളിൽ പരീക്ഷ നടക്കും. ഒരു അപേക്ഷകന് അഞ്ച് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും ഗൾഫിൽ ദുബൈ, അബൂദബി, ഷാർജ, മനാമ, ദോഹ, കുവൈത്ത്, മസ്കത്ത്, റിയാദ് എന്നീ സ്ഥലങ്ങളിലും സെന്ററുകളുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന നിലവിലെ വിലാസം/ സ്ഥിരം വിലാസം എന്നിവ അനുസരിച്ചായിരിക്കും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനാവുക.
സ്വന്തമായി ഉപയോഗിക്കുന്ന ഇ-മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ മാത്രമേ നൽകാവൂ. ഓരോ സ്ഥാപനവും നടത്തുന്ന കോഴ്സുകളുടെ വിശദാംശങ്ങൾ അറിയുവാൻ അതത് വെബ്സൈറ്റുകൾ സന്ദർശിക്കണം.(തയാറാക്കിയത് പി. ടി. ഫിറോസ് )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.