ഇന്നും കണ്ണിൽ കാണാം കുഞ്ഞുമുഖങ്ങളിലെ ആ നിറപുഞ്ചിരി

മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ വൈസ് പ്രസിഡൻറി​െൻറ കസേരയിലിരുന്ന ഞാൻ ഇന്ന് ദുബൈയിലെ ഒരു സൂപ്പർമാർക്കറ്റിലെ സെയിൽസ്മാനാണ്. 2010-15 വർഷത്തിൽ കിടങ്ങയം വാർഡിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണ 10ാം വാർഡ് നെരിയാട്ടുപാറയിൽനിന്ന് വിജയിച്ച് വൈസ് പ്രസിഡൻറ് സ്ഥാനത്തുമെത്തി. എന്നാൽ, രണ്ടര വർഷത്തിനകം രാജിവെച്ച് പ്രവാസമണ്ണിലേക്ക് വരേണ്ടിവന്നു. കാരണമെന്താണ് ചോദിച്ചാൽ തീർത്തും വ്യക്തിപരമായ സാമ്പത്തികപ്രയാസങ്ങൾതന്നെ. കാരണം, ജനസേവനം പണമുണ്ടാക്കാനുള്ള വഴിയല്ലല്ലോ, അപ്പോൾ ബാധ്യതകൾ തീർക്കാൻ ഇതല്ലാതെ മാർഗമില്ല. നേര​േത്ത മദ്റസയിൽ അധ്യാപകനായ ഞാൻ അങ്ങനെയാണ് പ്രവാസജീവിതത്തിലേക്ക് കൂടുകൂട്ടാനെത്തിയത്.

പഞ്ചായത്ത് മെംബറായിരിക്കുന്ന കാലത്താണ് മലപ്പുറം ജില്ല പഞ്ചായത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി പ്രത്യേകം സ്കൂൾ തുറക്കുന്നത്. പുഴയും പാടവും പൂക്കളും പറവകളുമുള്ള ലോകത്തെ നോക്കി, എന്നാൽ ഒന്നും ചെയ്യാനാവാതെ ഇരിക്കുന്ന ആ കുസൃതിക്കുട്ടികളുടെ മുഖങ്ങളിൽ നോക്കിയിരിക്കാൻതന്നെ വല്ലാത്തൊരു ഇഷ്​ടമാണ്. സ്ഥിരമായി കാണുമ്പോൾ അവർ നമ്മെ തിരിച്ചറിയുന്നതും ചില അക്ഷരങ്ങളും ശബ്​ദങ്ങളും പറഞ്ഞുവെന്ന് അവരുടെ അമ്മമാർ നമ്മോട് പറയുന്നതുമെല്ലാം വളരെ ആനന്ദമുണ്ടാക്കുന്നതുതന്നെയാണ്. തീർത്തും നിഷ്കളങ്കരായ അവരോടൊപ്പം തിരക്കിനിടെ സമയം കണ്ടെത്തി ചെലവിടുകയായിരുന്നു ജനസേവനത്തിനിടയിലെ പ്രധാന സന്തോഷം. അവരെയെല്ലാം കൂട്ടി വർഷത്തിൽ ഒരു യാത്ര സംഘടിപ്പിക്കും. മറ്റെന്തു തിരക്കുണ്ടെങ്കിലും ആ യാത്ര ഞാൻ ഇന്നേവരെ മുടക്കിയിട്ടില്ല. പാലക്കാട് മലമ്പുഴയിലും കോഴിക്കോട് ബീച്ചിലും മലപ്പുറം കോട്ടക്കുന്നിലുമെല്ലാം വിസ്മയം തുടിക്കുന്ന കണ്ണുകൾ വിടർത്തി ആ കുഞ്ഞുങ്ങൾ നോക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന നിറപുഞ്ചിരിയുണ്ട്; എത്ര വില കൊടുത്താലും കിട്ടാത്ത സന്തോഷമാണത്. കടലുകടന്നിട്ട് കാലമേറെയായിട്ടും ഇന്നും കണ്ണടച്ചിരുന്നാൽ എനിക്ക് കാണാനാവും കുഞ്ഞുമുഖങ്ങളിലെ ആ നിറകൺചിരി.

ജനപ്രതിനിധിയെന്ന നിലയിൽ പരമാവധി എല്ലാ സേവനങ്ങളും നൽകിയെന്ന ചാരിതാർഥ്യം ഇപ്പോഴുമുണ്ട്. ഇനിയും ജനപ്രതിനിധിയായി ജനത്തെ സേവിക്കാൻ തന്നെയാണ് താൽപര്യം. ഞാൻ രാജിവെച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ മാധ്യമങ്ങളിൽ വന്നൊരു പരാമർശം മാത്രമാണ് അൽപമെങ്കിലും വേദനിപ്പിച്ചത്. മുസ്​ലിംലീഗ് സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നേര​േത്ത വിമതൻ ജയിച്ച വാർഡ് എന്നായിരുന്നു ആ പരാമർശം. എന്നാൽ, വിമതനല്ലെന്നും വിമർശനങ്ങൾക്കതീതനായ മുസ്​ലിംലീഗുകാരനാണെന്നും സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയാണ് ആ വേദനയെ അന്ന് ഞാൻ മറികടന്നത്.

അബ്​ദുറഹ്മാൻ സി.പി
2010-15
മെമ്പർ കിടങ്ങയം വാർഡ്2015-20

വൈസ് പ്രസിഡൻറ്, നെരിയാട്ടുപാറ വാർഡ്

പാർട്ടി: മുസ്​ലിംലീഗ്

പഞ്ചായത്ത്: ആനക്കയം, മലപ്പുറം

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-12 02:43 GMT