ദുബൈ: 'നിങ്ങളാണ് ഞങ്ങൾക്ക് ആത്യന്തികമായ സമ്മാനം നൽകിയത്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാൻ ഞങ്ങളെ അനുവദിക്കുക. നിങ്ങൾക്ക് ഇപ്പോൾ യു.എ.ഇയിൽ ഒരു കുടുംബമുണ്ട്, മുഹമ്മദ് ബിൻ സായിദ് എന്ന സഹോദരനുമുണ്ട്' - മഹാമാരിക്കാലത്ത് ജീവത്യാഗം ചെയ്ത് രാജ്യത്തെ സംരക്ഷിച്ച കോവിഡ് മുൻനിര പോരാളികളുടെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചപ്പോൾ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാൻ പറഞ്ഞ വാക്കുകളാണിത്.
മുതിർന്ന ലബോറട്ടറി ടെക്നീഷ്യനായിരുന്ന അഹമ്മദ് അൽ സബായുടെ സഹോദരൻ മുഹമ്മദ് അൽ സബായിയെയാണ് ആദ്യമായി ഫോണിൽ വിളിച്ചത്. കലിതുള്ളിയ കോവിഡിനെ നേരിട്ട് യു.എ.ഇയെ സംരക്ഷിക്കുന്നതിനിടെ ജീവത്യാഗം ചെയ്ത അഹമ്മദ് അൽ സബാ, അൽ ഐനിലെ മെഡ്‌ക്ലിനിക് ഹോസ്പിറ്റലിൽ ലബോട്ടറി ടെക്നീഷ്യനായിരുന്നു. കോവിഡിനെതിരെ മുൻനിരയിൽ നിലയുറപ്പിച്ച് പോരാട്ടം തുടരുന്നതിനിടെ ജീവത്യാഗം ചെയ്ത പോരാളികളുടെ കുടുംബാംഗങ്ങളെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാൻ തിങ്കളാഴ്ച ഫോണിൽ വിളിച്ച് സംസാരിച്ചത്.
അഹമ്മദ് അൽ സബാക്ക് പുറമെ അൻവർ അലി പി, ലെസ്ലി ഓറിൻ ഒകാംപോ, ഡോ. ബസ്സാം ബെർണീഹ്, ഡോ. സുധീർ വാഷിംകർ എന്നിവരുടെ കുടുംബങ്ങളെയും ശൈഖ് മുഹമ്മദ് ബന്ധപ്പെട്ട് നന്ദിയും സ്നേഹവും അറിയിച്ചു.'നിങ്ങളെപ്പോലൊരാൾ സഹകരിക്കുന്നതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. ഞങ്ങളോടൊപ്പം പ്രവർത്തിക്കുക. നിങ്ങളെ പരിപാലിക്കേണ്ടത് ഞങ്ങളുടെ കടമ മാത്രമല്ല ഉത്തരവാദിത്തവുമാണ്... എന്നെ ഒരു സഹോദരനായി കണക്കാക്കുക.' -ഭർത്താവ് നടത്തിയ ത്യാഗത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനിടെ അൽ ഐനിലെ ബർജീൽ ഹോസ്പിറ്റലിലെ ഡോക്ടറായിരുന്നു സുധീർ വാഷിംകറുടെ ഭാര്യ ഡോ. വർഷ വാഷിംകറിനോട് ശൈഖ് മുഹമ്മദ് ഇങ്ങനെയാണ് പറഞ്ഞത്.ബർജീൽ ഹോംകെയറിലെ നഴ്‌സായിരുന്ന ലെസ്ലി ഓറിൻ ഒകാംപോയുടെ ഭർത്താവ് ജൂലിയസ് കോൺസെപ്ഷിയനോട് സംസാരിച്ചപ്പോൾ അവർ പരമമായ ത്യാഗമാണ് രാജ്യത്തിന് വേണ്ടി ചെയ്തതെന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.
മെഡിക്ലിനിക് അൽ ഐൻ ഹോസ്പിറ്റലിലെ ഡോ. ബസ്സാം ബെർണീഹയുടെ ഭാര്യ റാണ അൽ ബുന്നിയോട് ഫോണിലൂടെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു: 'ഇത്തരത്തിലുള്ളവരുടെ ത്യാഗം വിലമതിക്കാനാവാത്തതാണ്. തീർത്താൽ തീരാത്തതാണ് അവരോടുള്ള കടപ്പാട്. നിങ്ങൾ ഞങ്ങളുടെ സഹോദരിയാണ്. ഞങ്ങളുടെ മകളാണ്. ഇതാണ് നിങ്ങളുടെ രാജ്യം, നിങ്ങൾ ഞങ്ങളുടെ കുടുംബമാണ്.'
'നിങ്ങളെ ഒരു കുടുംബമായി കണക്കാക്കുന്നത് ഞങ്ങളുടെ സന്തോഷമാണ്. ഇത് നിങ്ങളുടെ വീടാണ്.' എയർപോർട്ട് റോഡിലെ മെഡ്‌ക്ലിനിക് ഹോസ്പിറ്റലിൽ പേഷ്യൻറ് അഡ്മിനിസ്ട്രേറ്ററായിരുന്ന അൻവർ അലി പി.യുടെ ഭാര്യ തൻസീം ബാനുവിനോട് സംസാരിക്കുമ്പോഴും ശൈഖ് മുഹമ്മദ് അദ്ദേഹം നടത്തിയ മഹനീയമായ ജീവത്യാഗമാണ് സ്മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.