കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പ്രതിരോധിക്കാം

ജോലിയുടെയും പഠനത്തിന്‍െറയും വിനോദത്തിന്‍െറയും ഭാഗമായി മണിക്കൂറുകളാണ് നാമോരോരുത്തരും കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത്. കമ്പ്യൂട്ടര്‍ സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കും.
ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ കണ്ണിലും കാഴ്ചയിലും ഉണ്ടാകുന്ന അസ്വസ്ഥതകളെ ‘കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം’ എന്നാണ് പറയുന്നത്. കണ്ണുവേദന, തലവേദന, കാഴ്ച മങ്ങല്‍, കണ്ണെരിച്ചില്‍, കടച്ചില്‍, തടച്ചില്‍ എന്നിങ്ങനെയുണ്ടാവുന്ന പല ബുദ്ധിമുട്ടുകളും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോത്തിന്‍െറ ലക്ഷണങ്ങളാണ്. കണ്ണിന്‍െറ പേശികള്‍ക്കുണ്ടാവുന്ന ക്ഷീണവും കണ്ണിന്‍െറ നനവ് കുറയുന്നതുമാണ് ഇതിന്‍െറ മുഖ്യകാരണങ്ങള്‍.
ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം നമുക്ക് പ്രതിരോധിക്കാനാവും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്നവര്‍ നേത്രരോഗവിദഗ്ധന്‍െറ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ കണ്ണട ധരിക്കേണ്ടതാണ്.

മോണിറ്ററിന്‍െറ ഉയരം
കമ്പ്യൂട്ടര്‍ മോണിറ്ററിന്‍െറ മുകളറ്റം നേര്‍ദൃഷ്ടിയുടെ തൊട്ടുതാഴെ വരുന്നവിധമാണ് വെക്കേണ്ടത്. അതായത്, മോണിറ്ററിന്‍െറ മധ്യഭാഗം നേര്‍ദൃഷ്ടിയില്‍നിന്ന് 15^20 ഡിഗ്രി (4^5 ഇഞ്ച്) താഴെയായിരിക്കണം. മോണിറ്റര്‍ അല്‍പം ചരിച്ചാണ് വെക്കേണ്ടത്.

മോണിറ്ററിലേക്കുള്ള ദൂരം
മോണിറ്റര്‍ കണ്ണുകളില്‍നിന്ന് 20^28 ഇഞ്ച് ദൂരെയായിരിക്കണം. കമ്പ്യൂട്ടറിനുമുന്നില്‍ കസേരയില്‍ നിങ്ങള്‍ ചാരിയിരുന്നു കൈനീട്ടിയാല്‍ സ്ക്രീന്‍ തൊടാന്‍ പറ്റുമെങ്കില്‍ നിങ്ങള്‍ അടുത്താണ് ഇരിക്കുന്നത്.
കുട്ടികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മുതിര്‍ന്നവരുടേതല്ലാതെ അവരുടെ ഉയരത്തിനനുസൃതമായ കസേരയും മേശയും ഉണ്ടായിരിക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ അത് കഴുത്ത് വേദനക്കും കണ്ണുകടച്ചിലിനുമിടയാക്കും.

കണ്ണുചിമ്മല്‍
കമ്പ്യൂട്ടറില്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ നമ്മള്‍ കണ്ണുകള്‍ ചിമ്മുന്നത് കുറയുന്നു (മൂന്നുമടങ്ങ് വരെ). ഓരോ തവണയും കണ്ണടച്ചു തുറക്കുമ്പോള്‍ കണ്ണിന് നനവും കാഴ്ചക്ക് തെളിച്ചവും തരുന്ന കണ്ണുനീര്‍ നേത്രപടലത്തിനു മുകളില്‍ പരക്കുന്നു. അതിനാല്‍, കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ആവര്‍ത്തിച്ച് കണ്ണ് ചിമ്മുവാന്‍ ശ്രദ്ധിക്കുക.

20^20^20 നിയമം
കണ്ണിന്‍െറ മസിലുകള്‍ക്ക് വിശ്രമം നല്‍കാനുദ്ദേശിച്ചുള്ളതാണ് ഈ നിയമം- 20 മിനിറ്റ് കൂടുമ്പോള്‍, 20 സെക്കന്‍ഡ് നേരം, 20 അടി ദൂരത്തേക്ക് നോക്കുക, അല്ലെങ്കില്‍ 20 സെക്കന്‍ഡ് കണ്ണടച്ചിരിക്കുക.

മുറിയിലെ പ്രകാശം
കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കോ കണ്ണുകളിലേക്കോ നേരിട്ട് പ്രകാശം തട്ടുന്ന തരത്തിലായിരിക്കരുത് മുറിയിലെ വിളക്കുകള്‍. മോണിറ്ററിനോട് ചേര്‍ന്ന് ഒരു പോക്കറ്റ് കണ്ണാടി വെച്ചാല്‍ മുറിയിലെ ഏതെങ്കിലും ലൈറ്റിന്‍െറ പ്രതിഫലനം കാണുന്നുണ്ടെങ്കില്‍ മോണിറ്ററിന്‍െറ സ്ഥാനം മാറ്റേണ്ടതാണ്.

‘ആന്‍റി-ഗ്ളെയര്‍’ സ്ക്രീന്‍
പ്രകാശത്തിന്‍െറ പ്രതിഫലനംകൊണ്ട് കണ്ണിലുണ്ടാകുന്ന അസ്വസ്ഥത കുറക്കാന്‍ ‘ആന്‍റി^ഗ്ളെയര്‍’ ഫില്‍ട്ടര്‍ സ്ക്രീനില്‍ ഘടിപ്പിക്കാം. അല്ളെങ്കില്‍ ‘ആന്‍റി^ഗ്ളെയര്‍’ ആവരണമുള്ള ലെന്‍സുകള്‍ കണ്ണടയില്‍ ഉപയോഗിക്കാം. മോണിറ്റര്‍ വിരിയില്ലാത്ത ജനലരികില്‍ വെക്കുന്നതും ഗ്ളെയറിനു കാരണമാകാം. അതിനാല്‍, ജനലുകള്‍ കര്‍ട്ടനുകളോ ബൈ്ളന്‍ഡുകളോ ഉപയോഗിച്ച് മറക്കേണ്ടതാണ്.
 
കമ്പ്യൂട്ടറില്‍നിന്നുള്ള പ്രകാശം
‘ബ്രൈറ്റ്നെസ്’ മുറിയിലെ പ്രകാശതീവ്രതയേക്കാള്‍ കുറവായി ക്രമീകരിക്കുക. കൂടുതല്‍ നേരം ഒരു ഡോക്യുമെന്‍റ് ടൈപ് ചെയ്യുകയോ വായിക്കുകയോ ചെയ്യുമ്പോള്‍ വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളാക്കുന്നതാണ് നല്ലത്.
കമ്പ്യൂട്ടര്‍ വെച്ചിരിക്കുന്ന മേശയുടെ പ്രതലത്തിനും മുറിയുടെ ചുവരുകള്‍ക്കും പ്രകാശം പ്രതിഫലിപ്പിക്കാത്ത ‘മാറ്റ് ഫിനിഷ്’ നല്‍കുന്നതാണ് നല്ലത്.
ടൈപ് ചെയ്യാനുള്ള ഡോക്യുമെന്‍റ് കീബോര്‍ഡിന്‍െറ നിരപ്പില്‍ വെക്കുമ്പോള്‍ കണ്ണുകള്‍ക്ക് കൂടുതല്‍ ആയാസമുണ്ടാക്കുന്ന രീതിയില്‍ മുകളിലേക്കും താഴേക്കും നോക്കേണ്ടതായി വരും. അതൊഴിവാക്കാന്‍ സ്ക്രീനിനോട് ചേര്‍ന്ന് ഒരു ‘ഡോക്യുമെന്‍റ് ഹോള്‍ഡര്‍’ ഘടിപ്പിക്കാവുന്നതാണ്.
സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും സമ്പൂര്‍ണ നേത്രപരിശോധന നടത്തേണ്ടതാണ്. ഇതുകൂടാതെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്‍െറ ലക്ഷണങ്ങളേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ഒരു നേത്രരോഗ വിദഗ്ധന്‍െറ സേവനം തേടേണ്ടതാണ്.

(കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രിയിലെ കണ്‍സല്‍ട്ടന്‍റ് ഒഫ്താല്‍മോളജിസ്റ്റാണ് )
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.