ആർ.സി.സിയിലും എം.സി.സിയിലും റോബോട്ടിക് സർജറി സംവിധാനത്തിന് 60 കോടി

തിരുവനന്തപുരം: റീജനൽ കാൻസർ സെൻറർ (ആർ.സി.സി), മലബാർ കാൻസർ സെൻറർ എന്നിവിടങ്ങളിൽ റോബോട്ടിക് സർജറി സംവിധാനം സ്ഥാപിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. 60 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. രണ്ടിടത്തും 18.87 കോടി ചെലവിൽ ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിലാണ് പദ്ധതി നടപ്പാക്കുക. വകുപ്പുകൾ സമർപ്പിച്ച വിവിധ പദ്ധതി നിർദേശങ്ങളും അംഗീകരിച്ചു.

റസിലിയൻറ് കേരള ഫലപ്രാപ്തിയാധിഷ്ഠിത പദ്ധതിയുടെ കീഴിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സമർപ്പിച്ച 49.02 കോടി രൂപയുടെ രണ്ടാംവർഷത്തേക്കുള്ള വിശദ പ്രവർത്തന രൂപരേഖക്ക് തത്വത്തിൽ അംഗീകാരം നൽകി. ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതിയാണിത്.

എറണാകുളം ജില്ലയിലെ എളംകുളത്ത് പുതുതായി പൂർത്തീകരിച്ച അഞ്ച് എം.എൽ.ഡി സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിനോടനുബന്ധിച്ച് കൊച്ചി കോർപറേഷനിലെ 54-ാം ഡിവിഷനിൽ ഭൂഗർഭ സ്വീവേജ് ശൃഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണത്തിന് അംഗീകാരം നൽകി. 63.91 കോടിയാണ് ചെലവ്.

* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ കരട് സംഘടന പ്രമാണം (മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ), നിയമാവലി (റൂൾസ് ആൻഡ് റെഗുലേഷൻ) എന്നിവക്ക് അംഗീകാരം നൽകി. ഗവേണിങ് കൗൺസിലിൽ സർക്കാർ നോമിനികളായി. യൂനിവേഴ്സിറ്റി കോളജ് ഡബ്ലിനിലെ സ്കൂൾ ഓഫ് മെഡിസിൻ വിഭാഗം പ്രഫസർ വില്യം ഹാൾ, എം.സി. ദത്തൻ (സീനിയർ ഉപദേഷ്ടാവ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി), പ്രഫ. എം. രാധാകൃഷ്ണപിള്ള, പ്രഫ. സുരേഷ് ദാസ്, പ്രഫ. എസ്. മൂർത്തി ശ്രീനിവാസുല, ഡോ. ബി. ഇക്ബാൽ, ഡോ. ജേക്കബ് ജോൺ എന്നിവരാണ് അംഗങ്ങൾ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ എട്ടംഗങ്ങളെയും ഉൾപ്പെടുത്തി. 

Tags:    
News Summary - 60 crore for robotic surgery system in RCC and MCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.