ഭക്ഷണത്തിലെ മായം: രഹസ്യമായി അന്വേഷിക്കുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുവെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: മാര്‍ക്കറ്റില്‍ മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിന് മുമ്പായി തന്നെ തടയുന്നതിനായി രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുവെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും കമ്മീഷണര്‍ക്ക് ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്യും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേരളത്തെ സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ എല്ലാവരും സഹകരിക്കണം. മറ്റ് വകുപ്പുകളോടൊപ്പം ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളുടേയും സഹകരണം ആവശ്യമാണ്. സേഫ് ഫുഡ് ഡെസ്റ്റിനേഷന്‍ എന്ന രീതിയില്‍ കേരളത്തെ മാറ്റാനായി വലിയൊരു പ്രവര്‍ത്തന പരിപാടിയ്ക്കും പരിശോധനകള്‍ക്കുമാണ് തുടക്കം കുറിക്കുന്നത്.

എഫ്.എസ്.എസ്. ആക്ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കുക, ജീവനക്കാര്‍ക്ക് ഹൈല്‍ത്ത് കാര്‍ഡ്, പരിശീലനം ഉറപ്പാക്കുക, ഹൈജീന്‍ റേറ്റിംഗ്, മൈബൈല്‍ ആപ്പ്, ശക്തമായ അവബോധം എന്നിവയിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സ്വീകരിക്കും. ഒരിക്കല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കണ്ട് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള നിയമ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഒരു പ്രത്യേക ഓഫീസറെ നിയോഗിക്കും.

ഫെബ്രുവരി മാസം മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ശക്തമായ പരിശോധനകളുണ്ടാകും. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ എത്രയും വേഗം ലൈസന്‍സ് എടുക്കണം. ഫെബ്രുവരി ഒന്നു മുതല്‍ ഹൈല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവയില്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. ഓരോ സ്ഥാപനവും ശുചിത്വ മേല്‍നോട്ടത്തിനായി സ്ഥാപനത്തിലെ ഒരാളെ ചുമതലപ്പെടുത്തേണ്ടതാണ്. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരീശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിംഗിനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹൈജീന്‍ റേറ്റിഗും സ്ട്രീറ്റ് ഫുഡ് ഹബും നടപ്പിലാക്കി വരുന്നു. 785 സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിംഗ് നേടിയിട്ടുണ്ട്. ഹൈജീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ ജനങ്ങളിലെത്തും. ഇതിലൂടെ തൊട്ടടുത്തുള്ള ഹൈജീന്‍ റേറ്റിംഗുള്ള ഹോട്ടലുകളറിയാനും പരാതിപ്പെടാനും സാധിക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Adulteration in food: Veena George said it was designed to investigate with a secretive nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.