അമ്പലപ്പുഴ: അത്യാഹിത വിഭാഗം ശരിയായാല്‍ എല്ലാം ശരിയാകുമെന്നാണ് ആശുപത്രിയെ സംബന്ധിച്ച് സാധാരണ പറയാറ്. അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ ആദ്യമെത്തുന്നത് അത്യാഹിത വിഭാഗത്തിലാണ്. ഇവിടെ നിന്നാണ് ഏത് വിഭാഗത്തില്‍ ചികിത്സ തേടണമെന്ന് തീരുമാനിക്കുന്നത്. ഇവിടെ മതിയായ ചികിത്സ നല്കാന് വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിക്കെതിരെ ആരോപണമുയരാൻ പ്രധാനകാരണം.
ഏറ്റവും നല്ല ചികിത്സാസംവിധാനമുള്ള സര്‍ക്കാര്‍ ആശുപത്രിയാണ് ഇതെന്ന് ആലപ്പുഴക്കാര് അഭിമാനിക്കുമ്പോഴും പോരായ്മകളുടെ കാര്യത്തിലും പിന്നിലല്ല. അത്യാഹിത വിഭാഗത്തിന് മുന്നില്‍നിന്നും അകത്തേക്ക് കയറിയാല്‍ ഒരുഭാഗത്ത് മെഡിസിനും മറ്റൊരു ഭാഗത്ത് സർജറിയുമാണ് പ്രവര്‍ത്തിക്കുന്നത്.
ഒ.പി ചീട്ടുമായെത്തുന്ന രോഗികളെ സ്വീകരിക്കാന്‍ പലപ്പോഴും ഒഴിഞ്ഞ കസേരകള്‍ മാത്രമാണുള്ളത്. മണിക്കൂറുകളോളമുള്ള രോഗികളുടെ കാത്തിരിപ്പിനൊടുവില്‍ പാഞ്ഞെത്തുന്ന ഹൗസ് സർജന്മാരെയും പി.ജി വിദ്യാര്‍ഥികളെയും മാത്രമാണ് കാണാറുള്ളത്. ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടര്‍മാരില്‍ പലരും അത്യാഹിതത്തില്‍ കാണാറില്ല. അത്യാഹിതത്തില്‍ ഡ്യൂട്ടിയിലുള്ള എം.ഒ ഉള്‍പ്പെടെ പ്രധാന ജീവനക്കാരുടെ പേരുവിവരം പ്രദര്‍ശിപ്പിക്കണമെന്ന നിർദേശമുണ്ടെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല.
ആഴ്ചകള്‍ക്ക് മുമ്പ് ഡ്യൂട്ടിചെയ്ത വിവരങ്ങളാണ് പലപ്പോഴും ബോര്‍ഡിൽ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ചികിത്സ വൈകുമ്പോള്‍ ചിലര്‍ ഡ്യൂട്ടി എം.ഒയെ അന്വേഷിച്ചാൽ വാര്‍ഡില്‍ അടിയന്തര പരിശോധനകള്‍ക്ക് പോയെന്നുള്ള ന്യായം നിരത്തുകയാണ് പതിവ്. രാത്രികാലങ്ങളില്‍ രോഗികളുമായെത്തുന്നവരാണ് ഏറെ വലയുന്നത്.
ഡ്യൂട്ടിയില്‍ പ്രധാന ഡോക്ടർമാർ ഉണ്ടാവില്ല. പ്രത്യേകിച്ച് അപകടങ്ങളില്‍ പരിക്കേറ്റ് വരുന്നവര്‍ മണിക്കൂറുകളോളം കാത്തിരുന്നാലും മതിയായ ചികിത്സ ലഭിക്കാറില്ല. തലക്ക് ഗുരുതര പരിക്കേറ്റ് വരുന്നവരെ പലപ്പോഴും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കേണ്ട സാഹചര്യമാണുള്ളത്.
മെഡിക്കൽ കോളജിലെ മാമോഗ്രാമും കാത്ത്ലാബും പ്രവർത്തനം നിലച്ചിട്ട് പരിഹാരമായിട്ടില്ല. മാമോഗ്രാം മെഷീൻ പ്രവർത്തന രഹിതമായിട്ട് മാസങ്ങള്‍ പിന്നിടുന്നു. സ്ത്രീകളുടെ സ്തനാർബുദ നിർണയം നടത്തുന്നതിനായാണ് മാമോഗ്രാഫി പരിശോധന നടത്തുന്നത്. ബി.പി.എൽ രോഗികൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് 750 രൂപയുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈടാക്കുന്നത്.
എന്നാൽ, സ്വകാര്യ ആശുപത്രികളിൽ ഇതിന് 2500 രൂപ വരെ ഈടാക്കുന്നുണ്ട്. ആശുപത്രിയിലെത്തുന്ന ബി.പി.എൽ വിഭാഗത്തിൽപെട്ടവർ ഉൾപ്പെടെ സ്വകാര്യസ്ഥാപനങ്ങളിൽ പോയി അമിത ഫീസ് നൽകി പരിശോധന നടത്തേണ്ട ഗതികേടിലാണ്. ദിനംപ്രതി നിരവധി രോഗികളാണ് പരിശോധനക്ക് ആശുപത്രിയിലെത്തുന്നത്.
കാത്ത്ലാബിന്റെ പ്രവർത്തനവും നിലച്ചു. ആഞ്ജിയോഗ്രാം ചെയ്യേണ്ട രോഗികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. യന്ത്രത്തിന്റെ കാലപ്പഴക്കമാണ് ഇതിന് കാരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ എട്ടുതവണയാണ് യന്ത്രം തകരാറിലായത്.
അത്യാഹിതത്തിലെത്തുന്ന രോഗികള്‍ക്ക് തുടര്‍ചികിത്സക്ക് എക്സ് റേ, ലാബ് പരിശോധന, സി. ടി തുടങ്ങിയവ വേണ്ടിവരും. ഇതില്‍ എക്സ് റേ പരിശോധന നടത്തുന്നത് അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന മുറികളിലാണ്. ഇവിടെ എത്തുന്ന രോഗികള്‍ ഇടുങ്ങിയ ഇടനാഴിക്കുള്ളില് മണിക്കൂറുകളോളം കാത്തുനില്ക്കണം.
അത്യാഹിതവിഭാഗത്തില്‍ നിന്നും നിരീക്ഷണവിഭാഗത്തിലേക്കും മറ്റ് വാര്‍ഡുകളിലേക്കും പറഞ്ഞയക്കുന്ന രോഗികളെ ഇതുവഴിയാണ് കൊണ്ടുപോകുന്നത്. എക്സ്റേ എടുക്കാന്‍ ഊഴവും കാത്ത് വീല്‍ച്ചെയറിലും സ്ട്രെച്ചറിലും കഴിയുന്ന രോഗികള്ക്കിടയിലൂടെ വേണം മറ്റൊരു രോഗിയെ കൊണ്ടുപോകാന്‍.
അപകടത്തിലും മറ്റ് പരിക്കേറ്റവര്‍ക്കും അത്യാസന്നരോഗികള്ക്കും സി.ടി സ്കാന്‍ വേണ്ടിവന്നാല്‍ ദിവസങ്ങളോളം കാത്തിരിക്കണം.അപകടത്തില്പ്പെട്ടവരാണെങ്കില്പോലും ചികിത്സക്കുവേണ്ടി റിപ്പോര്‍ട്ടിനായി കാത്തിരിക്കണം. ആധുനിക സ്കാനിങ് സംവിധാനം ഉണ്ടെങ്കിലും ചികിത്സതേടുന്നവരുടെ എണ്ണം കൂടുന്നതാണ് കാലതാമസത്തിന് കാരണം. പുതിയ സ്കാനിങ് യന്ത്രങ്ങള്‍ കൂടി സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ. എം.ആർ.ഐ സ്കാനിങിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
കിടപ്പുരോഗികള്‍ക്കും ആരോഗ്യപരിരക്ഷാ പദ്ധതിയിലുള്ളവര്‍ക്കും സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്.ഐ പരിശോധനയാണ് നടത്തേണ്ടത്. ഒരു എം.ആര്.ഐ ചെയ്ത് റിസൽട്ട് കിട്ടാൻ 45 മണിക്കൂറോളം വേണ്ടിവരും. ഇത്തരത്തില്‍ യന്ത്രം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചാല്‍ 18 പേരുടെ പരിശോധനയാണ് നടത്താനാകുന്നത്. എന്നാല്‍, ഇവിടെ ദിവസേന 30 മുതല്‍ 50 ഓളം പേരുടെ എം.ആര്.ഐക്കുള്ള നിർദേശം നല്‍കാറുണ്ട്. പുതിയ എം.ആര്.ഐ യന്ത്രം സ്ഥാപിച്ചാൽ മാത്രമേ ഇതിന് പരിഹാരമാകൂ.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകളില്‍ പലതും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. കുട്ടികള്‍ക്കും നേത്രവിഭാഗത്തിലെ മരുന്നുകള്‍ പലതുമില്ല. മണിക്കൂറുകളോളം നീണ്ടനിരയില്നിന്ന് കൗണ്ടറിനടുത്തെത്തുമ്പോഴാണ് മരുന്ന് ലഭ്യമല്ലെന്ന വിവരം കിട്ടുന്നത്. ഇത് പലപ്പോഴും വാക്കേറ്റത്തിന് ഇടയാക്കുന്നു.
ഫാര്‍മസിയില്‍ ലഭ്യമാകുന്ന മരുന്നുവിവരം ദിവസവും ഓരോവിഭാഗം മേധാവികളെ അറിയിച്ചാല്‍ ഫാര്‍മസിയിലെ വാക്കേറ്റം ഒഴിവാക്കാനാകും. ഫാര്‍മസിയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണിതിന് കാരണം.ആശുപത്രിയില്‍ കേന്ദ്രീയ ലാബ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ക്ക് മറ്റ് ലാബുകളെ വേണം ആശ്രയിക്കാന്‍. ഹൃദ് രോഗികള്‍ക്ക് ആവശ്യമായ പരിശോധനകള്‍ പോലുമില്ലെന്നാണ് പറയുന്നത്.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പുതിയ അത്യാഹിത വിഭാഗവും ഇതിന്റെ ഭാഗമായുള്ള ഒ.പി കൗണ്ടറും പ്രവർത്തിച്ചുതുടങ്ങി.അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് അവിടുന്നുതന്നെ ഒ.പി ചീട്ടെടുക്കാം. എച്ച്. സലാം എം.എല്‍.എ വിളിച്ചുകൂട്ടിയ യോഗത്തിലാണ് തീരുമാനം.
പരിശോധനസാമ്പിൾ അത്യാഹിത വിഭാഗത്തിന് സമീപത്തുനിന്ന് ശേഖരിച്ച് ജീവനക്കാർതന്നെ ലാബിലെത്തിക്കും.അത്യാഹിതത്തിൽ തിരക്ക് ഏറെ അനുഭവപ്പെടുന്ന വൈകീട്ട് നാലുമുതൽ രാത്രി 11 വരെയുള്ള സമയം ഡ്യൂട്ടി എം.ഒമാർ ഉണ്ടാകണമെന്ന നിർദേശവും നടപ്പാക്കി. രാത്രികാലത്ത് അപകടങ്ങളിൽപെട്ട് എത്തുന്നവരുടെ ഉൾപ്പെടെ സി.ടി സ്കാൻ റിപ്പോർട്ട് ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കാനും നടപടി സ്വീകരിച്ചു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.