ഏറെ നാള് ഡിമന്‍ഷ്യ ബാധിച്ച ആളുകളെ പരിചരിക്കുന്ന ആളുകള്‍ എല്ലാതരത്തിലും പ്രയാസങ്ങള്‍ അനുഭവിക്കാറുണ്ട്. അതിനാല്‍ പല ആളുകള്‍ മാറിമാറി രോഗിയെ പരിചരിക്കുന്ന രീതിയാണ് ഏറ്റവും നല്ലത്
പ്രായമായ എല്ലാവരിലും മറവിരോഗം ബാധിക്കുന്നില്ല എന്നതാണ് വാസ്തവം. ഓരോരുത്തരുടെയും ശാരീരിക, മാനസികാവസ്ഥകളെ അടിസ്ഥാനമാക്കിയാണ് ഡിമെൻഷ്യ അല്ലെങ്കിൽ മറവിരോഗം ബാധിക്കുന്നത്. സാധാരണ 65 വയസ്സ് മുതലുള്ളവരിലാണ് ഇത് കണ്ടുവരുന്നതെങ്കിലും പ്രായമാകല്‍ മാത്രമല്ല ഇതിന്റെ കാരണം എന്ന് തിരിച്ചറിയണം. മറ്റു രോഗങ്ങളുടെ ഭാഗമായോ അല്ലാതെയോ മറവിരോഗം ബാധിക്കാം. ചിലരില്‍ പാരമ്പര്യ ഘടകങ്ങളും ഇതിന് കാരണമാകാറുണ്ട്. ഓർമക്കുറവുതന്നെയാണ് ഈ അവസ്ഥകള്‍ ബാധിച്ചുതുടങ്ങുന്നതിന്റെ പ്രധാന ലക്ഷണം. ചിന്താശേഷി കാര്യക്ഷമമല്ലാതെ വരുക, വൈകാരികതലത്തിലെ അസന്തുലിതാവസ്ഥ, പരസ്പര ബന്ധമില്ലാത്ത പെരുമാറ്റരീതി എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
പൊതുവെ ഡിമെൻഷ്യ രണ്ടുതരത്തില്‍ കണക്കാക്കാറുണ്ട്. ചികിത്സകൊണ്ട് പരിഹരിക്കാവുന്നതും ചികിത്സകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയാത്ത അവസ്ഥകളും. കടുത്ത ഡിപ്രഷന്, തൈറോയ്ഡ് ഹോര്‍മോണ്‍ കുറയുന്ന അവസ്ഥയായ ഹൈപ്പോ തൈറോയ്ഡിസം, തലച്ചോറില്‍ ട്യൂമറുകള്പോലുള്ള അവസ്ഥകള്‍ എന്നിവ കാരണം ഡിമെൻഷ്യ അനുഭവപ്പെടാം. ചികിത്സകൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന ഡിമെൻഷ്യ അവസ്ഥകളാണിവ. ഡിമെൻഷ്യക്ക് കാരണമാകുന്ന ഈ രോഗാവസ്ഥകള്‍ ചികിത്സിക്കുകവഴി ഇത്തരം ഡിമെൻഷ്യ ഒരു പരിധിവരെ മാറ്റിയെടുക്കാന്‍ കഴിയും.
ഡിമെൻഷ്യ ബാധിക്കുന്നവരില്‍ പ്രധാനമായും കണ്ടുവരുന്നത് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത അവസ്ഥകളാണ്. ഇതില്‍ത്തന്നെ അൽഷൈമേഴ്സ് ആണ് ഏറ്റവും കൂടുതല്‍ പേരില്‍ കണ്ടുവരുന്നത്. ഇതുകഴിഞ്ഞാല്‍ വാസ്കുലര്‍ ഡിമെൻഷ്യ പോലുള്ള അവസ്ഥകളും ചിലരില്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇവ പരിഹരിക്കാന്‍ ചികിത്സ ഫലപ്രദമാകാറില്ല എന്നതുകൊണ്ടുതന്നെ രോഗിയുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാകാതിരിക്കാനുള്ള ചില മരുന്നുകള്‍ നല്‍കുകയും പരിചരണവും മാത്രമാണ് താല്‍ക്കാലിക പ്രതിവിധി.
ജീവിതശൈലീ രോഗങ്ങള്‍ അമിതമായ രീതിയില്‍ അനുഭവിക്കുന്നവരില്‍ ഡിമെൻഷ്യപോലുള്ള അവസ്ഥകള്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരുടെ രക്തധമനികളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ തലച്ചോറില്‍ ആവശ്യമായ രക്തപ്രവാഹം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കും. ക്രമേണ ഓർമക്കുറവ് സംഭവിക്കാനും ഡിമെൻഷ്യപോലുള്ള അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. അതുകൊണ്ടുതന്നെ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകണം. ഇതിന്റെ തുടര്‍ച്ചയായി സമീകൃതാഹാരം കഴിക്കുക, നടത്തം, ഓട്ടം തുടങ്ങിയ വ്യായാമരീതികള്‍ ശീലമാക്കുക തുടങ്ങിയവയും പതിവാക്കാം. കേരളത്തില്‍ ജീവിതശൈലീരോഗങ്ങള്‍ കൂടുതലായതിനാല്‍ ഡിമെൻഷ്യ സാധ്യതയും കൂടുതലാണ്.
ആരംഭഘട്ടത്തില്‍തന്നെ ഡിമെൻഷ്യ തിരിച്ചറിയേണ്ടത് പ്രധാനമാണ്. അതിനായി ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. ഓർമക്കുറവ് തന്നെയാണ് പ്രധാന ലക്ഷണം. എന്നാല്‍, വളരെ മുമ്പ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തുവെക്കുന്നതില്‍ ഇവര്‍ക്ക് പ്രയാസമുണ്ടാകില്ല. പകരം, അടുത്തകാലത്ത് നടന്നതോ അല്ലെങ്കില്‍ തൊട്ടു മുമ്പ് നടന്നതോ ആയ കാര്യങ്ങള്‍ മറന്നുപോകുക, പതിവായി ചെയ്യുന്ന ചില കാര്യങ്ങളുടെ ക്രമംതെറ്റിപ്പോകുക, ചില കാര്യങ്ങള്‍ ചെയ്യാന്‍ പൂര്‍ണമായും മറന്നുപോവുക തുടങ്ങിയവ ഇത്തരം ആളുകളില്‍ സംഭവിക്കാറുണ്ട്. വീടിനുള്ളില്പോലും വഴി തെറ്റി നടക്കുന്ന അവസ്ഥയും സാധാരണമാണ്. ചിലര്‍ വാഹനം പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോകും. വാഹനം ഓടിച്ച് വീട്ടില്‍ വരുന്നവഴി പോലും ചില സമയങ്ങളില്‍ ഓര്‍ക്കാന്‍ കഴിയില്ല. ഇത്തരത്തിൽ ഗുരുതര അവസ്ഥകളും ഇതിന്റെ ഭാഗമായി അനുഭവപ്പെടാറുണ്ട്. പതിവായി കാണുന്ന ആളുകളുടെ പേര്, മുഖം എന്നിവ ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയും ഡിമെൻഷ്യയുടെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍തന്നെ ഡോക്ടറെ സമീപിക്കുകയും എത്രത്തോളം ഗുരുതരാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഡിമെൻഷ്യ ബാധിച്ച രോഗികളുടെ പരിചരണം നിര്‍ണായകമാണ്. അതീവ ശ്രദ്ധയോടെ വേണം ഇത്തരം രോഗികളോട് പെരുമാറാനും ഇടപെടാനും. അവരോടൊപ്പം ചേര്ന്നുനിന്നുകൊണ്ടുമാത്രം ആശയവിനിമയം നടത്താന്‍ ശ്രദ്ധിക്കണം. ഒരിക്കലും അമിത ശബ്ദത്തിലോ കടുത്ത വാക്കുകള്‍ ഉപയോഗിച്ചോ അവരോട് ഇടപെടാന്‍ ശ്രമിക്കരുത്. ഏറ്റവും സൗഹൃദപരമായി മാത്രം ഇടപെടുക. കൂടാതെ, അവരുടെ സുരക്ഷ ഏറ്റവും പ്രധാനമാണ്. അതുകൊണ്ടുതന്നെ രോഗികള്‍ എന്തുതന്നെ ചെയ്യുന്നുണ്ടെങ്കിലും അവരുടെ സുരക്ഷ ഉറപ്പാക്കണം. അമിതമായി അക്രമാസക്തമാകുന്ന രോഗികളെ പ്രത്യേകം ശ്രദ്ധിക്കണം. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് കണ്ടെത്തി, അത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ഇത്തരം രോഗികളെ പരിചരിക്കുന്ന ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും തീര്‍ച്ചയായും ശ്രദ്ധിക്കണം. ഏറെനാള്‍ ഡിമെൻഷ്യ ബാധിച്ച ആളുകളെ പരിചരിക്കുന്ന ആളുകള്‍ എല്ലാതരത്തിലും പ്രയാസങ്ങള്‍ അനുഭവിക്കാറുണ്ട്. അതിനാല്‍ പല ആളുകള്‍ മാറിമാറി രോഗിയെ പരിചരിക്കുന്ന രീതിയാണ് ഏറ്റവും നല്ലത്.
കഴിയുമെങ്കില്‍ ഇടക്കെങ്കിലും ഈ സാഹചര്യത്തില്‍നിന്ന് വിട്ട് മാനസിക സന്തോഷം നല്കുന്ന സാഹചര്യങ്ങളിലേക്ക് മാറിനില്ക്കാന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ തുടര്‍ച്ചയായി ഡിമെൻഷ്യരോഗിയെ പരിചരിക്കുന്ന ആള് കടുത്ത ഡിപ്രഷന് അവസ്ഥയിലൂടെ കടന്നുപോകുകയും അധികം വൈകാതെ മറ്റു രോഗാവസ്ഥകളിലേക്ക് നീങ്ങുകയും ചെയ്തേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.