ലണ്ടൻ: പാരമ്പര്യ സ്തനാർബുദ രോഗികൾക്ക് ആശ്വാസമായി പുതിയ മരുന്ന് പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി വിദഗ്ധർ. ബി.ആർ.സി.എ ഒന്ന്, രണ്ട് ജീനുകൾ വഴി സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദം വീണ്ടുമെത്താതെ സൂക്ഷിക്കാൻ ഓലപരിബ് (olaparib) മികച്ച മരുന്ന് ആണെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ റിപ്പോർട്ട് പറയുന്നു. നേരത്തെ വികസിപ്പിച്ച മരുന്ന് 10 വർഷത്തെ പരീക്ഷണ ഘട്ടം പൂർത്തിയാക്കാനായിരുന്നു തീരുമാനമെങ്കിലും അപകട ഘട്ടം അതിവേഗം പിന്നിടുന്നുവെന്ന് കണ്ടെത്തിയതോടെ രണ്ടര വർഷത്തിനു ശേഷം നിർത്തിവെച്ചിരുന്നു.
സ്താനാർബുദ രോഗികളിൽ ഒരിക്കൽ ഭേദമായി രണ്ടാം വരാതെ സൂക്ഷിക്കുന്നതിൽ 40 ശതമാനത്തിനു മേൽ ഇത് വിജയമാണെന്നാണ് കണ്ടെത്തൽ. ചികിത്സ പൂർത്തിയാക്കി ഒരു വർഷം ഇതേ മരുന്ന് നൽകിയ സ്ത്രീകളിൽ 85.9 ശതമാനവും അർബുദം തിരിച്ചുവരാതെ മൂന്നു വർഷം കഴിഞ്ഞതായും കണ്ടെത്തി. പാരമ്പര്യമായി സ്തനാർബുദ ജീനുകളോടെ ജനിച്ചവരിൽ നേരത്തെ മരുന്നുകൾ കാര്യമായി ഫലിച്ചിരുന്നില്ല. ഒരിക്കൽ ചികിത്സ പൂർത്തിയായവരിലും രോഗം തിരിച്ചുവരാൻ സാധ്യതയേറെയായിരുന്നു. ഇതിനാണ് ആശ്വാസമാകുന്നത്.
ശരീരത്തിെല അർബുദ കോശങ്ങൾക്ക് ഡി.എൻ.എ സ്വയം പരിവർത്തിപ്പിക്കാനുള്ള ശേഷി നശിപ്പിക്കുന്നതാണ് ഓലപരിബ്. അതുവഴി അർബുദ കോശങ്ങൾ നശിച്ചുപോകുന്നു. ബി.ആർ.സി.എ ഒന്ന്, രണ്ട് ജീനുകളിലാണ് ഇത് കൂടുതൽ ഫലപ്രദം. പാർശ്വഫലങ്ങളും കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.