സോഷ്യൽ മീഡിയ, പ്രത്യേകിച്ച് ഫേസ്ബുക്കും വാട്സ്ആപ്പും വഴിയുള്ള സന്ദേശങ്ങളുടെ ആധി ക്യം നിമിത്തം ഏതാണ് ശരി, ഏതാണ് തെറ്റെന്ന് തിരിച്ചറിയാൻ അത്രയെളുപ്പം കഴിയാത്ത അവസ്ഥയാണിപ്പോൾ. ഏതു തള്ളണം, ഏതു കൊള്ളണമെന്ന് അറിയാത്ത അവസ്ഥ. ഈ അടുത്തകാലത്ത് എളുപ്പം തടികുറക്കാനെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ കീറ്റോ ഡയറ്റിനെക്കുറിച്ചാണ് ഈ കുറിപ്പ്.
കാലം മാറി, രോഗങ്ങളും...
കീറ്റോ ഡയറ്റ് അഥവാ എൽ.സി.എച്ച്.എഫിനെ (ലോ കാർബോഹൈഡ്രേറ്റ് ഹൈ ഫാറ്റ് ഡയറ്റ്)കുറിച്ചറിയണമെങ്കിൽ ആദ്യം കുറച്ച് ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ അറിയുന്നത് നല്ലതാ.
ഓരോ കാലഘട്ടങ്ങളിലും ഉണ്ടായിരുന്ന രോഗങ്ങളുടെയൊക്കെ രീതിക്രമങ്ങൾ ഓരോ തരത്തിലായിരുന്നു. ആൻറിബയോട്ടിക്കുകളുടെയും രോഗാണു സിദ്ധാന്തത്തിെൻറയുമൊക്കെ മുമ്പുള്ള കാലത്ത് ആളുകൾ മരിച്ചുകൊണ്ടിരുന്നത് ന്യുമോണിയ, ക്ഷയം, വയറിളക്കം, മെനിഞ്ചൈറ്റിസ് തുടങ്ങി അണുബാധകൾകൊണ്ടുള്ള രോഗങ്ങൾകൊണ്ടായിരുന്നു. നാൽപതും അമ്പതും വയസ്സിലൊക്കെ ആളുകൾ മരിക്കുന്നത് സാധാരണം.
പെനിസിലിനിെൻറ കണ്ടുപിടിത്തം (പെൻസിൽ അല്ല, പെനിസിലിൻ)-അലക്സാണ്ടർ ഫ്ലെമിങ്ങിെൻറ കണ്ടുപിടിത്തം ഒരു വിപ്ലവമായിരുന്നു. പിന്നാലെ അതിനെക്കാൾ വമ്പന്മാരായ ആൻറിബയോട്ടിക്കുകൾ വന്നു. ക്ഷയരോഗത്തിനും കൃത്യമായ ചികിത്സയായി. പേവിഷബാധയും പോളിയോയും പോലുള്ളവ വാക്സിനുകളുടെ മുന്നിൽ തോറ്റുതുടങ്ങി. പതിെയപ്പതിയെ ജനങ്ങളുടെ പ്രായം ഉയർന്നുതുടങ്ങി. ഇപ്പോ അറുപതും എഴുപതുമൊക്കെ എത്തിയില്ലെങ്കിലാണ് പ്രശ്നം. മുപ്പതും നാൽപതുമൊക്കെ അകാലമരണത്തിെൻറ ലിസ്റ്റിലേക്ക് കയറാൻ തുടങ്ങി.
അപ്പോൾ പുതിയൊരു കൂട്ടം രോഗങ്ങൾ കയറിവന്നു. പ്രമേഹവും രക്തസമ്മർദവും മസ്തിഷ്കാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളുമെല്ലാം പതിയെ പടികയറിവന്നു. ജീവിതശൈലി മാറിയതായിരുന്നു ഒരു കാരണം. പണ്ട് ഒരു നേരം തികച്ച് കഴിക്കാൻ ഇല്ലാഞ്ഞ കാലത്തെപ്പോലെയല്ല ഇന്ന്. അതുപോലെ ജോലിയുടെ രീതിയും നടപ്പിെൻറ ദൂരവുമെല്ലാം മാറി. അക്കൂട്ടത്തിൽ ആൾക്കാർ കൂടുതൽ കാലം ജീവിക്കുകയും കൂടിയായപ്പോൾ നമ്മൾ ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങേണ്ട അവസ്ഥയായി.
ഇത്തരം രോഗങ്ങളിലേക്ക് നയിക്കാനുള്ള കാരണങ്ങളെ പൊതുവെ വിളിക്കാറുള്ളത് റിസ്ക് ഫാക്ടറുകൾ അഥവ അപകടഘടകങ്ങളെന്നാണ്. അതായത്, പുകവലി, പ്രമേഹം, പൊണ്ണത്തടി, രക്താതിസമ്മർദം, രക്തത്തിലെ കൊഴുപ്പുകളുടെ (കൊളസ്ട്രോൾ, ട്രൈ ഗ്ലൈസെറൈഡുകൾ, എൽ.ഡി.എൽ എന്നിവയും മറ്റു പലതും) അളവുകൾ എന്നിവ ഹൃദ്രോഗത്തിെൻറയും മസ്തിഷ്കാഘാതത്തിെൻറയും റിസ്ക് ഫാക്ടറുകളാണെന്ന് പറയാം. ഹൃദ്രോഗവും മസ്തിഷ്കാഘാതവും ഇന്നും ലോകത്തിലെ വലിയ കൊലയാളികളിൽ മുന്നിൽത്തന്നെയാണ്.
അമിതഭാരം പ്രശ്നം തന്നെ
ഇത്തരം ജീവിതശൈലീരോഗങ്ങളെക്കുറിച്ച് കൂടുതലായി അവബോധമുണ്ടായതോടെ അമിതഭാരം പ്രശ്നമാണെന്ന ബോധം ആളുകളിൽ ഉണ്ടായിത്തുടങ്ങി. ശരിയാണ്. അമിതഭാരം പ്രശ്നംതന്നെയാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയടക്കം പല രോഗങ്ങളും വരാനുള്ള സാധ്യത പൊണ്ണത്തടി ഉള്ളവരിൽ കൂടുതലാണ്. സ്വാഭാവികമായും ഭക്ഷണനിയന്ത്രണവും വ്യായാമവും പിന്നെ വണ്ണം കുറയ്ക്കാനുള്ള ചില്ലറ പൊടിക്കൈകളും പലരും പരീക്ഷിക്കാൻ തുടങ്ങി. പൊടിയും ഗുളികയും പച്ചമരുന്നുമൊക്കെ പ്രയോഗിച്ച് ജീവൻവരെ നഷ്ടപ്പെട്ടവരും കുറവല്ല.
ആദ്യം എന്താണ് പൊണ്ണത്തടി അല്ലെങ്കിൽ അമിതവണ്ണമെന്ന് നോക്കാം. ബോഡി മാസ് ഇൻഡക്സ് എന്ന സൂചകംെവച്ചാണ് ശരീരഭാരം കൂടുതലാണോ കുറവാണോ എന്ന് തീരുമാനിക്കുന്നത്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ പൊക്കം മീറ്ററിൽ കണക്കാക്കി അതിെൻറ സ്ക്വയർ (പൊക്കം X പൊക്കം) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ബോഡി മാസ് ഇൻഡക്സ്. ബോഡി മാസ് ഇൻഡക്സ് 18.5 തൊട്ട് 24.9 വരെ ആയിരിക്കുന്നതാണ് ഉത്തമം. അതിൽ കൂടുന്നതും അതിനെക്കാൾ ഒരുപാട് കുറയുന്നതും നല്ലതല്ല.
കീറ്റോ ഡയറ്റ് അഥവാ എൽ.സി.എച്ച്.എഫ്
വ്യായാമംപോലെതന്നെ ഭക്ഷണക്രമവും പ്രധാനമാണ് ശരീരഭാരം നിയന്ത്രിക്കുന്നതിൽ. പലപല ഡയറ്റ് പ്ലാനുകൾ ആളുകൾ പരീക്ഷിച്ചുനോക്കാറുണ്ട്. അത്തരത്തിൽ ഈ അടുത്തിടെ കേട്ട ഒന്നാണ് കീറ്റോ ഡയറ്റ്. കീറ്റോ അല്ലെങ്കിൽ കീറ്റോജനിക് ഡയറ്റ് എന്താണെന്ന് നോക്കാം.
അന്നജത്തിെൻറ അളവ് വളരെ കുറച്ചും അതേസമയം കൊഴുപ്പിെൻറ അളവ് കൂട്ടിയുമുള്ള ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്. മാംസ്യത്തിെൻറ (പ്രോട്ടീൻ) അളവിൽ മാറ്റങ്ങളില്ല. സാധാരണ നമ്മുടെ ഭക്ഷണക്രമത്തിൽ, ദിവസവും ആവശ്യമായ ഊർജത്തിെൻറ 50-60 ശതമാനം അന്നജത്തിൽനിന്നും 15-25 ശതമാനം മാംസ്യത്തിൽനിന്നും ബാക്കി കൊഴുപ്പിൽനിന്നുമാണ് വരേണ്ടത് എന്നാണു പറയാറുള്ളത്. എന്നാൽ, കീറ്റോ ഡയറ്റിൽ 10 ശതമാനം ഊർജം മാത്രമേ അന്നജത്തിൽനിന്നും കിട്ടൂ. ഭൂരിഭാഗം ഊർജവും കൊഴുപ്പിൽനിന്നായിരിക്കും.
കീറ്റോ ഡയറ്റെന്ന പേരു വരാൻ കാരണമുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് ഗ്ലൂക്കോസ് ഉണ്ടാക്കി അതാണ് കോശങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുക. തലച്ചോറിന് ഗ്ലൂക്കോസ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. കീറ്റോ ഡയറ്റുകാർ കഴിക്കുന്ന ഭക്ഷണത്തിൽ അന്നജം കുറവാണല്ലോ. അപ്പോ ശരീരം ഗ്ലൂക്കോസ് ഉണ്ടാക്കാൻ വേറെ പണി നോക്കും. കൊഴുപ്പിനെ ഉപയോഗിച്ച് കരളിൽെവച്ച് ശരീരം കീറ്റോൺ ബോഡി എന്ന ചെറു തന്മാത്ര ഉണ്ടാക്കും. ഇവന്മാരെ തലച്ചോറിനും മറ്റും ഉപയോഗിക്കാം. അതായത് കീറ്റോ ഡയറ്റുകാരുടെ രക്തത്തിൽ കീറ്റോൺ ബോഡികൾ കൂടുതലായിരിക്കും.
കീറ്റോയുടെ മടങ്ങിവരവ്...
ഇത് ഇപ്പോൾ ‘വൈറലായി’ എങ്കിലും 1920കളിൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുമായിരുന്ന ഒരുതരം ജന്നി രോഗത്തിന് മരുന്നായി കീറ്റോ ഡയറ്റ് ഉപയോഗിക്കുമായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയതോടെ ഇതിനെ ആളുകൾ മറന്നു.
പിന്നീടിവൻ ഒരു തിരിച്ചുവരവ് നടത്തുന്നത് ആളുകളെ മൊത്തത്തിൽ ഒന്ന് ഞെട്ടിച്ചുകൊണ്ടാണ്. അന്നുവരെ പറഞ്ഞിരുന്ന ഭക്ഷണക്രമത്തെയൊക്കെ മാറ്റിമറിച്ചുകൊണ്ട് കൊഴുപ്പ് കൂട്ടിയും അന്നജം കുറച്ചും മുട്ട, ഇറച്ചി, (ബീഫ്, മട്ടൻ, പോർക്ക് അടക്കം കൊഴുപ്പോടുകൂടി), വെണ്ണ, നെയ്യ് ഒക്കെ ഇഷ്ടംപോലെ കഴിച്ചോ എന്ന് പറഞ്ഞു കീറ്റോ കളംപിടിച്ചു. പുതിയ സംഗതി അല്ല. പത്തുമുപ്പത് വർഷം മുമ്പത്തെ സംഗതിയാണ്.
കീറ്റോകൊണ്ട് തടി കുറയുമോ?
ഈ ഭക്ഷണരീതികൊണ്ട് ഭാരം കുറയുമെന്നാണോ അപ്പോൾ പറയുന്നത്? ചെറിയ ഒരു കാലയളവിൽ നോക്കിയാൽ ശരീരഭാരം കുറയുന്നതായിതന്നെ കാണുന്നു. പഠനങ്ങൾ കാണിക്കുന്നത് ഈ ഭക്ഷണരീതി തൂക്കം കുറക്കാൻ സഹായിക്കും എന്നുതന്നെയാണ്. പക്ഷേ, എങ്ങനെയാണ് ഈ ഭക്ഷണരീതികൊണ്ട് ഭാരം കുറയുന്നതെന്നതിനു കൃത്യമായ ഉത്തരം നമ്മുടെ പക്കലില്ല.
അതൊരു കുറവുതന്നെയാണ്. പ്രത്യേകിച്ച് ശാസ്ത്രീയത എന്നു പറയുന്നത് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോവുന്നതുകൂടിയാണെന്നതോർക്കുമ്പോൾ. പത്തുനാൽപത് വർഷം ഇവൻ ഇവിടെയുണ്ടായിട്ടും നമുക്ക് കൃത്യമായ വിലയിരുത്തലുകളിലെത്തിച്ചേരാൻ പറ്റാത്തത് ഒരു പോരായ്മതന്നെയാണ്. അത്തരം ഒരു ഭക്ഷണരീതി പിന്തുടരാൻ അതുകൊണ്ടുതന്നെ ഉപദേശിക്കാൻ പറ്റില്ല.
ഭാരം കുറക്കാനുള്ള ഉത്തമമായ രീതി എന്നത് നമ്മൾ പിന്തുടരുന്ന ക്രമംകൊണ്ട് 10 ശതമാനമെങ്കിലും ഭാരം കുറക്കാനും അത് ഒരു വർഷമെങ്കിലും കൂടാതെ നോക്കാനും കഴിയണം. മറ്റൊരു സുപ്രധാന കാര്യം ‘ഭാരം കുറയ്ക്കുന്നതിനെക്കാൾ ശ്രമകരമായത് ആ കുറഞ്ഞ അവസ്ഥ നിലനിർത്തിക്കൊണ്ടുപോകുന്നതിനാണ് എന്നതാണ്’. അങ്ങനെ നോക്കുേമ്പാഴും കീറ്റോ ഡയറ്റിനെക്കൊണ്ട് കാലങ്ങൾ നീണ്ടുനിൽക്കുന്ന മാറ്റമുണ്ടാകുന്നതായി കാണാൻ കഴിയുന്നില്ല.
ദീർഘകാലം ഈ രീതി തുടരുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്നും കൃത്യമായി അറിയില്ല. വളരെ വലിയ അളവിൽ കൊഴുപ്പ് കഴിക്കുന്നതുമൂലം, മുന്നോട്ട് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും എന്നുമറിയില്ല.
ഒപ്പം കീറ്റോ ഡയറ്റ് പിന്തുടരുന്നവർ പറയുന്ന എല്ലാ വാദങ്ങളും കണ്ണുംപൂട്ടി വിശ്വസിക്കാനും കഴിയില്ല. ഉദാഹരണത്തിന്, പൂരിത കൊഴുപ്പുകൾ എന്ന സാച്ചുറേറ്റഡ് ഫാറ്റ് ഒരു കുഴപ്പവുമില്ല എന്ന രീതിയിലാണ് കീറ്റോ ഡയറ്റുകാർ പറയുന്നത്. നമുക്ക് ഇതുവരെ ലഭിച്ച പഠനങ്ങളുടെ ആകെത്തുക ഇത് ശരിയല്ല എന്നാണ് കാണിക്കുന്നത്. ഒപ്പം രക്തത്തിലെ കൊളസ്ട്രോളും കുഴപ്പമില്ലെന്ന രീതിയിൽ നടത്തുന്ന പ്രചാരണങ്ങളും ശരിയല്ല.
കുറുക്കുവഴി വേണ്ട...
അതായത്, യഥാർഥത്തിൽ നമ്മൾ ലക്ഷ്യംവെക്കേണ്ടത് പൊടുന്നനെ ശരീരഭാരം കുറക്കാനല്ല. സമീകൃതാഹാരം ശരിയായ അളവിൽ കഴിച്ച്, ഭാരം ഒരു നിശ്ചിത അളവിൽ നിലനിർത്തുന്നതോടൊപ്പം, ദീർഘകാലാടിസ്ഥാനത്തിൽ രോഗസാധ്യത കുറക്കുക എന്നതാണ്. ഒപ്പം അമിതവണ്ണം ഉണ്ടാവാതെ നോക്കുകയെന്നതാവണം മുഖ്യ ലക്ഷ്യം. ഇതിനു കുറുക്കുവഴികൾ പരീക്ഷിക്കാതെ, ഒരു വിദഗ്ധെൻറ സഹായത്തോടെ ചിട്ടയായ വ്യായാമവും ഭക്ഷണവും ജീവിതത്തിെൻറ ഭാഗമാക്കി ആരോഗ്യകരമായ ജീവിതം നയിക്കാൻ ലക്ഷ്യംവെക്കുന്നതാണ് കീറ്റോയുടെ പിന്നാലെ ഓടുന്നതിനെക്കാൾ ഉത്തമം.
ഡാഷ് ഡയറ്റ്
ലോകപ്രശസ്തമായ ഡയറ്റുകളിൽ മുൻനിരയിലുള്ളതാണ് ഡാഷ് ഡയറ്റ്. ഭക്ഷണനിയന്ത്രണത്തിലൂടെ അമിതരക്തസമ്മർദം കുറക്കലാണ് ഡാഷ് ഡയറ്റിെൻറ(ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ് ഹൈപർ ടെൻഷൻ) ലക്ഷ്യം. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപന്നങ്ങൾ എന്നിവ ധാരാളം കഴിക്കുകയാണ് ഇതിൽ ഒന്നാമതായി ചെയ്യേണ്ടത്. പൂരിത കൊഴുപ്പും കൊളസ്ട്രോളും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണം പരമാവധി കുറക്കുകയും വേണം. മുഴു ധാന്യങ്ങൾ (തവിട് കളയാത്ത), മത്സ്യം, കോഴിയിറച്ചി, അണ്ടിവർഗങ്ങൾ എന്നിവ കൂടുതലായി കഴിക്കണം. സോഡിയം, മധുരം, മധുരപാനീയങ്ങൾ, ചുവന്ന ഇറച്ചി എന്നിവ പരമാവധി കുറക്കുകയും വേണം.
ഡാഷ് ഡയറ്റ് പ്രകാരം ഭക്ഷണം ക്രമീകരിക്കുന്നവരിൽ രണ്ടാഴ്ചകൊണ്ടുതന്നെ രക്തസമ്മർദം കുറയുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മേൽപറഞ്ഞ പലതരം ഭക്ഷ്യവിഭാഗങ്ങളിൽനിന്നുള്ള നിശ്ചിത അളവാണ് ആവശ്യം. എന്നാൽ, ഒാരോരുത്തർക്കും എത്ര അളവാണ് ആവശ്യം എന്നത് ഒാരോരുത്തരുടെയും ദൈനംദിനം ഊർജാവശ്യം പരിഗണിച്ച് വേണം ക്രമീകരിക്കാൻ. ക്രമാനുഗതമായി അളവിൽ മാറ്റം വരുത്താൻ കഴിയും. ഉദാഹരണത്തിന്, ആദ്യം ഒരു ദിവസത്തെ ഉപ്പ് ഉപയോഗം ഒരു ടീസ്പൂൺ (2400 മില്ലി ഗ്രാം സോഡിയം) ആയി കുറക്കാം. പിന്നീട് ശരീരം അതിനോട് പൊരുത്തപ്പെടുമ്പോൾ ഉപ്പിെൻറ അളവ് 1500 മില്ലിഗ്രാം (ടീസ്പൂണിെൻറ മൂന്നിൽ രണ്ട്) ആയി കുറക്കാം. അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്താണ് ഡാഷ് ഡയറ്റ് പ്രൊമോട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഡയറ്റായി ഡാഷ് ഡയറ്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏറ്റവും മികച്ച ഹൃദയസൗഹൃദ ഡയറ്റ്, മികച്ച രണ്ടാമത്തെ പ്രമേഹനിയന്ത്രണ ഡയറ്റായും ഡാഷ് തിരഞ്ഞെടുക്കപ്പെട്ടു.
തയാറാക്കിയത്: ഡോ. നെൽസൺ ജോസഫ്
ഇൻഫോ ക്ലിനിക്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.