രാജ്യത്തെ സ്ത്രീകളിൽ 50 ശതമാനവും അനീമിയ ബാധിതർ -ഷബാന ആസ്മി

ന്യൂഡൽഹി: വർഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ പൊതുആരോഗ്യാവസ്ഥ മെച്ചപ്പെടാതെ തുടരുകയാണെന്ന വിമർശനവുമായി നടിയും സാമൂഹിക പ്രവർത്തകയുമായ ഷബാന ആസ്മി. രാജ്യത്തെ പകുതിയിലധികം സ്ത്രീകളെയും ബാധിച്ചിരിക്കുന്ന അനീമിയ (വിളർച്ച) എന്ന രോഗാവസ്ഥ പോലും സാധാരണ ശ്രദ്ധിക്കപ്പെടാറ് ഗർഭധാരണ കാലത്ത് മാത്രമാണെന്നും അവർ പറയുന്നു.

ഐക്യരാഷ്ട്ര സഭ പോപുലേഷൻ ഫണ്ട് അംബാസഡർ എന്ന നിലക്ക് മുംബൈയിലെ ചേരികളിലടക്കം കഴിയുന്ന സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. പ്രാഥമികമായി തെറ്റായ ഭക്ഷണക്രമത്തിന്‍റെ ഫലമാണ് വിളർച്ച. വിളർച്ചയെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടെങ്കിലും പ്രശ്നത്തിന്‍റെ തീവ്രത നിസ്സാരമായി അവഗണിക്കപ്പെടുകയാണ്. മാംസം, മത്സ്യം, ഇലക്കറികൾ എന്നിവ അവയുടെ വില കാരണം പലർക്കും വാങ്ങാനാകുന്നില്ല. പല സ്ത്രീകൾക്കും സമീകൃതാഹാരത്തിന് ആവശ്യമായ അടിസ്ഥാന പോഷകാഹാര പരിജ്ഞാനം ഇല്ലെന്നതും പ്രശ്നമാണ് -നടി പറഞ്ഞു.

മാത്രമല്ല, പല കുടുംബങ്ങളിലും ഭക്ഷണം കഴിക്കുന്നതിൽ പോലും ലിംഗപരമായ വേർതിരിവുകളുണ്ട്. പ്രത്യേകിച്ച് ഗ്രാമീണ സാഹചര്യങ്ങളിൽ സ്ത്രീകൾ തങ്ങളേക്കാൾ കുടുംബത്തിന്‍റെ ആവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. പോഷകമൂല്യമുള്ള ഭാഗങ്ങൾ കുടുംബാംഗങ്ങൾ കഴിക്കുകയും ശേഷം ബാക്കിയാകുന്നത് മാത്രം സ്ക്രീകൾ കഴിക്കുന്നതും ഇന്ത്യയിൽ സാധാരണമാണ്.

സാമൂഹികമായ ഈ വേർതിരിവിന് പുറമേ, പോഷകസമൃദ്ധമായ ഭക്ഷണത്തിനും ആരോഗ്യപരിപാലനത്തിനുമുള്ള താങ്ങാനാവാത്ത വിലയും അനീമിയ വ്യാപിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ട് -ഷബാന ആസ്മി വ്യക്തമാക്കുന്നു. സ്ത്രീകളുടെ ആരോഗ്യത്തിനും അവകാശങ്ങൾക്കും സജീവമായി മുൻഗണന നൽകുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള സുസ്ഥിരമായ പ്രവർത്തനം കൂടാതെ ഇക്കാര്യത്തിൽ യഥാർത്ഥ മാറ്റം കാണാൻ കഴിയില്ലെന്നും ഷബാന ആസ്മി കൂട്ടിച്ചേർത്തു.

Tags:    
News Summary - Over 50 percentage of Indian women are anaemic says Shabana Azmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.