വേനലിനെ നേരിടാൻ സംഭാരവും തണ്ണിമത്തനും

വര്‍ഷം തോറും ചൂടിങ്ങനെ കൂടികൂടിവരുന്നു, ചൂടിനെച്ചൊല്ലി പരാതി പറയാതെ ഒരു ദിവസവും കടന്നു പോകാറുമില്ല. ശ്ശോ എന്തൊരു ചൂടെന്നു പറഞ്ഞാല്‍ മാത്രം പോരല്ലോ. വേനല്‍ച്ചൂടിനെ നമുക്ക് പ്രതിരോധിക്കേണ്ടെ. മാര്‍ച്ച് ആദ്യവാരം ഇതാണ് ഗതിയെങ്കില്‍ മെയ്മാസം എത്തുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ. ഏപ്രില്‍ മധ്യത്തോടെ മഴയത്തെുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അതുവരെ നമുക്ക് അസുഖങ്ങളില്ലാതെയും ആരോഗ്യം നിലനിര്‍ത്തിയും മുന്നോട്ടുപോകുക തന്നെ വേണം.

വേനലില്‍ ചെയ്യേണ്ടതെന്തൊക്കെ
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണമെന്ന് പറഞ്ഞു തരേണ്ടതില്ലല്ലോ. ചൂടുകാലത്ത് ത്വക്കില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുമെന്നതിനാല്‍  ദിവസവും ധാരാളം വെള്ളം കുടിക്കണം. ഉന്മേഷം ലഭിക്കാനും  നിര്‍ജലീകരണം തടയാനും ഇത് കൂടിയേ തീരു. ശരീരത്തിലെ അഴുക്ക് പുറത്തു കളയാനും വെള്ളം സഹായിക്കുന്നു. സംഭാരമാണ് ഏറ്റവും നല്ല ദാഹശമിനി. മോരില്‍ വെള്ളം ചേര്‍ത്ത് ഇഞ്ചിയും നാരകത്തി​​​െൻറ ഇലയും കറിവേപ്പിലയും പച്ചമുളകും അല്‍പം ഉപ്പും ചേര്‍ത്തുള്ള സംഭാരം ഒന്നാന്തരം ദാഹശമിനിയാണ്. ഇതു കഴിഞ്ഞെ മറ്റെന്തിനും സ്ഥാനമുളളൂ. മറ്റു ശീതള പാനീയങ്ങള്‍ കഴിക്കന്നുതിനേക്കാള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണകരമായത് സംഭാരം തന്നെെയാണ്. കോളകള്‍ ഒരു കാരണവശാലും കഴിക്കരുത്. പാക്കറ്റിലോ കുപ്പിയിലോ വരുന്ന ശീതള പാനീയങ്ങള്‍ വേനല്‍ക്കാലത്ത് ഒഴിവാക്കിയാല്‍ അത്രയും നന്ന്.

തണ്ണിമത്തനാണ് താരം
തൈര് തണുപ്പാണെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും ചൂടുകാലത്ത് തൈര് കുടിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ മോര് എത്ര വേണമെങ്കിലും കുടിക്കാം. പാല്‍, കാരറ്റ് മില്‍ക്ക്, ബീറ്റ്‌റൂട്ട് മില്‍ക്ക് എന്നിവയൊക്കെ ചൂടുകാലത്ത് കുടിക്കുന്നത് നല്ലതാണ്. ദിവസത്തില്‍  ഒരു തവണയെങ്കിലും ജ്യൂസ് അഥവാ പഴച്ചാര്‍ നിര്‍ബന്ധമാക്കണം. പുളി രസമുള്ള പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുളളതിനാല്‍ ശരീരത്തെ സൂര്യതാപത്തില്‍ നിന്നും അന്തരീക്ഷ മാലിന്യങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. കരിമ്പ് ജ്യൂസ് കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കും. തണ്ണിമത്തന്‍, പാഷന്‍ ഫ്രൂട്ട്, മാമ്പഴം എന്നിവയും ജ്യൂസാക്കി കുടിക്കാവുന്നതാണ്. വഴിയോരങ്ങളിലും ജ്യൂസ് ഷോപ്പുകളിലും തണ്ണിമത്തന്‍ തന്നെയാണ് താരം. ദാഹവും വിശപ്പും ഒരുമിച്ച് ശമിപ്പിക്കാനാണേല്‍ തണ്ണിമത്തന്‍ ജ്യൂസ് തന്നെയാണ് തകര്‍പ്പന്‍. തണ്ണിമത്തന്‍ കഷണങ്ങളാക്കി കഴിക്കുന്നതും തുല്യഫലം ചെയ്യും. വലുപ്പവും കുരുവും കുറഞ്ഞതും നിറം കൂടിയതുമായ കിരണ്‍ തണ്ണിമത്തനാണ് ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയം.

മല്ലി, ബാര്‍ളി, പതിമുഖം, രാമച്ചം എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം വേനലില്‍ അത്യുത്തമമാണ്. വേനല്‍ക്കാലത്ത് ചുക്ക്, ജീരകം എന്നിവയിട്ട് തിളപ്പിച്ച വെള്ളം നിര്‍ബന്ധമായും ഒഴിവാക്കണം. ശുദ്ധമായ മണ്‍കലത്തിലോ കൂജയിലോ രാമച്ചം ഇട്ടുവെച്ച് തണുപ്പിച്ച വെള്ളം കുടിക്കുന്നത് ചൂടിന് ആശ്വാസവും കുളിര്‍മ്മയും നല്‍കും. ഇഞ്ചി ചതച്ചിട്ട മോരിന്‍ വെള്ളം, തേങ്ങവെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവയും നല്ലതാണ്. കുടിവെള്ളം തിളപ്പിക്കുമ്പോള്‍ മൂന്നോ നാലോ ഏലക്ക കൂടിയിട്ടാല്‍ സ്വാദും മണവും കൂടും എന്നാല്‍ തുളസി, ചുക്ക്, ജീരകം തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം വേനലില്‍ തുടര്‍ച്ചയായി കുടിക്കരുത്. കോളകള്‍ കുടിച്ചാല്‍, അമ്ല സ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂടു കൂട്ടും. വൃക്കകളുടെ അധ്വാന ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചൂട് കൂടിയ അന്തരീക്ഷത്തില്‍ നിന്ന് വന്ന ഉടനേ ഫ്രിഡ്ജില്‍ നിന്നെടുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. വേനലില്‍ ചായയും കാപ്പിയും പരമാവധി കുറയ്ക്കണം. കഫീനും ആല്‍ക്കഹോളും അടങ്ങിയ പാനീയങ്ങള്‍  വേനല്‍ക്കാലത്ത് നല്ലതല്ല. 

വേനല്‍ക്കാലത്ത് പ്രത്യേകിച്ചും ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ് പപ്പായ. സ്ഥിരമായി പപ്പായ കഴിച്ചാല്‍ രോഗപ്രതിരോധശേഷിയും ആരോഗ്യവും വര്‍ദ്ധിക്കുകയും ദഹനം സുഗമമാവുകയും ചെയ്യും. വേനല്‍കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് നെല്ലിക്ക. ഇത് ജ്യൂസായോ, ഉപ്പിലിട്ടോ കഴിക്കാം. പഴവര്‍്ഗ്ഗങ്ങളില്‍ പേരക്കക്കും ഇൗ സീസണിൽ ഒട്ടേറെ പാധാന്യമുണ്ട്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം തുടങ്ങിയ പോഷകഘടകങ്ങള്‍ അടങ്ങിയ പേരക്ക ജ്യൂസായും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച്, മാങ്ങ, മുന്തിരി, മുസമ്പി, ഇളനീര്‍, ചെറുപഴം തുടങ്ങിയവയും ദിവസേന കഴിക്കുന്നത് വളരെ നല്ലതാണ്.

Tags:    
News Summary - Water lemon and Buttermilk for Summer - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.