കോവിഡിന്റെ രണ്ടാം ത രംഗം ഇനിയും ഉച്ചസ്ഥായിയിലെത്തിയിട്ടില്ല. രാജ്യം മറ്റൊരു ലോക് ഡൗണിലൂടെ കടന്നുപോകുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധന ഓക്സിജൻ ക്ഷാമത്തിനും ആരോഗ്യസംവിധാനങ്ങളുടെ ദൗർലഭ്യതക്കും ഇടയാക്കി. അടിയന്തര ചികിത്സ ലഭിക്കാതെ ദിനവും ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ എരിതീയിലെണ്ണ എന്നപോലെ ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു എന്ന വാർത്തയും.
ഒരു കഷണം ബ്രഡ് കുറച്ചുദിവസം അന്തരീക്ഷത്തിൽ തുറന്നുവെച്ചാൽ അതിൽ പൂപ്പൽ വളരുന്നതു കാണാം. ബ്രഡിൽ മാത്രമല്ല, ജീർണിക്കാത്ത എല്ലാ ജൈവപദാർഥങ്ങളിലും ഇത്തരം പലവിധത്തിലുള്ള പൂപ്പലുകൾ വളരുന്നത് കാണാം. ഇവയെയാണ് ഫംഗസുകൾ എന്നു പറയുന്നത്. പൊതുവെ സസ്യങ്ങളിലാണ് ഫംഗസുകൾ രോഗങ്ങളുണ്ടാക്കുന്നത്. പ്രകൃതിയിൽ 50,000ത്തിൽപരം ഫംഗസുകളുണ്ട്. അതിൽ വെറും 300ൽപരം ഫംഗസുകൾക്കു മാത്രമേ മനുഷ്യരിൽ രോഗങ്ങളുണ്ടാക്കാൻ കഴിവുള്ളൂ. ചുണങ്ങ് എന്ന ത്വഗ്രോഗം ഒരു ഫംഗസ് ബാധയാണ്. അതുപോലെ 'മ്യൂക്കോർമൈസെറ്റ്സ്' എന്നറിയപ്പെടുന്ന ഒരുതരം ഫംഗസുകളുണ്ടാക്കുന്ന രോഗമാണ് 'മ്യൂക്കോർമൈക്കോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് രോഗം.
മ്യൂക്കോർമൈക്കോസിസ് ഒരു പുതിയ രോഗമല്ല. ഏകദേശം 135 വർഷങ്ങൾക്കു മുമ്പ് (1885ൽ) ഈ രോഗബാധ മനുഷ്യരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ അപൂർവമായി കാണപ്പെടുന്ന ഒരു രോഗമാണെങ്കിലും ചികിത്സ വൈകിയാൽ മരണംപോലും സംഭവിക്കാം. ലോകത്ത് ബ്ലാക്ക് ഫംഗസ് രോഗം കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്നാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള ഭൂഖണ്ഡമായതാണ് കാരണമായി കരുതപ്പെടുന്നത്.
അപൂർവരോഗമായതിനാൽ ഇതൊരു പൊതുജനാരോഗ്യ പ്രശ്നമായിരുന്നില്ല ഇതുവരെയും. എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗത്തോടുകൂടി കേരളമുൾപ്പെടെ രാജ്യത്ത് 19ലേറെ സംസ്ഥാനങ്ങളിൽ മ്യൂക്കോർമൈക്കോസിസ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് നിർദേശം നൽകിക്കഴിഞ്ഞു.
മറ്റു ഫംഗസ് രോഗങ്ങളെപ്പോലെ മ്യൂക്കോർമൈക്കോസിസും ഒരു അവസരവാദ രോഗമാണ്. അതായത്, പൂർണ ആരോഗ്യവാനായ ഒരു വ്യക്തിയെ ഈ രോഗം ബാധിക്കില്ല. എന്നാൽ, അസുഖങ്ങളോ മറ്റു പല കാരണങ്ങൾ കൊണ്ടോ
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയുേമ്പാൾ ഈ ഫംഗസ് നമ്മുടെ പ്രതിരോധശേഷിയെ പരാജയപ്പെടുത്തുകയും രോഗകാരിയായി മാറുകയും ചെയ്യും. നമ്മുടെ പ്രതിരോധശേഷി ക്ഷയിക്കുന്ന പല സന്ദർഭങ്ങളുണ്ട്. അസുഖങ്ങളാണ് അതിൽ പ്രധാനം. അനിയന്ത്രിതമായ പ്രമേഹം, എയ്ഡ്സ്, കാൻസർ രോഗങ്ങൾ, വൃക്കപരാജയം മുതലായവ ഉദാഹരണങ്ങളാണ്. രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ചില ചികിത്സകൾ ഉദാഹരണത്തിന് സ്റ്റിറോയ്ഡ് മരുന്നുകൾ, അവയവമാറ്റ ശസ്ത്രക്രിയ, മജ്ജ മാറ്റിവെക്കൽ മുതലായ ചികിത്സകൾക്കുശേഷം കൊടുക്കുന്ന ചില മരുന്നുകൾ ഒക്കെ നമ്മുടെ രോഗപ്രതിരോധ ശേഷി കുറക്കുകയും ഈ അവസ്ഥ തക്കം പാർത്തിരിക്കുന്ന ഫംഗസുകൾ മുതലെടുത്ത് രോഗമുണ്ടാക്കുകയും ചെയ്യുന്നു.
ഫംഗസുകൾ സർവവ്യാപിയാണ്. കരയിലും വെള്ളത്തിലും വായുവിലും ജീർണിക്കുന്ന ജൈവ പദാർഥങ്ങളിലും എന്തിന്, നമ്മുടെ ശരീരത്തിൽ പോലും ഇവയുടെ സാന്നിധ്യമുണ്ട്. മനുഷ്യപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇവക്കെതിരെ പ്രതിരോധം നമ്മളാർജിച്ചു. എന്നാൽ, എപ്പോഴെങ്കിലും അതൊന്ന് പിഴച്ചാൽ ആ അവസരം മുതലെടുത്ത് ഇവ രോഗകാരികളായി മാറുന്നു.
കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയോടെയാണ് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടത്. രോഗം കണ്ടെത്തിയവരിലധികവും പ്രമേഹരോഗികളായിരുന്നു. പ്രമേഹരോഗം നിയന്ത്രണവിധേയമല്ലാത്തവരിൽ പൊതുവെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതോടൊപ്പം കോവിഡ് രോഗം കൂടി ബാധിക്കുേമ്പാൾ പ്രതിരോധ ശേഷി വീണ്ടും കുറയുന്നു. ഈയവസ്ഥ മ്യൂക്കോർമൈസെറ്റുകൾ പ്രയോജനപ്പെടുത്തി രോഗകാരികളായി മാറുന്നു. കോവിഡ് മൂർച്ഛിക്കുന്ന ചില രോഗികൾക്ക് സ്റ്റിയറോയ്ഡ് ചികിത്സ വേണ്ടിവന്നേക്കാം. ഇത് രോഗപ്രതിരോധ ശേഷി വീണ്ടും കുറയുന്നതിന് കാരണമാകും. ഒപ്പം, പഞ്ചസാരയുടെ നില അനിയന്ത്രിതമായി ഉയരുന്നതിനും കാരണമാകും. ഈ അനുകൂല സാഹചര്യങ്ങൾ മ്യൂക്കോർമൈക്കോസിസ് രോഗത്തിന് സഹായകമായി മാറുന്നു.
രോഗം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്നതായി കാണപ്പെടുന്നതിനാൽ രോഗലക്ഷണങ്ങളും വ്യത്യസ്തങ്ങളാകാം. എന്നാൽ, രോഗം കൂടുതലും ബാധിക്കുന്നത് മൂക്കിനെയും തലയോട്ടിയിൽ മൂക്കിന് ചുറ്റുമുള്ള അറകളെയുമാണ്. സൈനസുകൾ എന്നാണ് ഈ അറകൾ അറിയപ്പെടുന്നത്. ഇവിടെ അണുബാധയുണ്ടാകുന്നതുകൊണ്ട് ശക്തമായ തലവേദന, മൂക്കിൽനിന്നും പഴുപ്പോ തവിട്ടുനിറമുള്ള ദ്രാവകമോ ഉണ്ടാകും. ചിലപ്പോൾ മൂക്കിൽനിന്നും രക്തസ്രാവവും ഉണ്ടാവാം. മൂക്കിലും കവിൾത്തടങ്ങളിലും നീല നിറവ്യത്യാസവും കൂടാതെ പനിയും പ്രകടമാകാം. രോഗം കണ്ണിന് സമീപത്തേക്ക് വ്യാപിക്കുന്നതോടെ കണ്ണിന് പിറകിൽ വേദന, കണ്ണിന് ചുറ്റും നീര്, കണ്ണിന് ചുമപ്പ്, കാഴ്ച മങ്ങൽ, രണ്ടായി കാണുക, കവിൾ തടങ്ങളിൽ നീര് മുതലായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. രോഗം കണ്ടെത്തി ചികിത്സ ലഭിച്ചില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുക, ജന്നി, ഛർദി, ബോധക്ഷയം മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകാം. രോഗം തലച്ചോറിേലക്ക് ബാധിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇവ. ചിലപ്പോൾ മരണവും സംഭവിക്കാം.
മൂക്കിൽനിന്നും രോഗം ശ്വാസകോശത്തിലേക്ക് വ്യാപിച്ചാൽ ചുമ, രക്തം കലർന്ന കഫം, പനി മുതലായ ലക്ഷണങ്ങളാകും കാണുക. അപൂർവമായി ചെറുകുടൽ, ത്വക്ക്, കരൾ, വൃക്കകൾ മുതലായ അവയവങ്ങളെയും ബാധിക്കാം.
ആരംഭത്തിലേ രോഗസാധ്യത മുൻകൂട്ടിക്കണ്ടാൽ രോഗനിർണയം എളുപ്പമാകും. പരിചയസമ്പന്നനായ ഒരു ഡോക്ടർക്ക് രോഗവിവരങ്ങളുടെയും ലക്ഷണങ്ങളുടെയും സഹായത്തോടെയും എൻഡോസ്കോപ്പി, സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ, ബയോപ്സി മുതലായ പരിശോധനകളിലൂടെയും രോഗനിർണയം സാധ്യമാകും. ഇതിൽ എൻഡോസ്കോപ്പി പരിശോധനയാണ് എളുപ്പവും കൃത്യവും.
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വലിയ പൊള്ളലേറ്റവർ, പോഷകക്കുറവുള്ളവർ മുതലായവരിലും രോഗസാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ, കോവിഡ് വിമുക്തരായ രോഗികൾ മുൻ വിവരിച്ച രോഗലക്ഷണങ്ങൾ അവഗണിക്കരുത്. എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടണം.
ആരംഭദശയിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കുകയാണെങ്കിൽ സങ്കീർണതകളൊന്നും ഇല്ലാതെ ചികിത്സ സാധ്യമാകും. ബ്ലാക്ക് ഫംഗസിനെതിരായ ആൻറി ഫംഗൽ മരുന്നുകൾ ലഭ്യമാണ്. എന്നാൽ, രോഗനിർണയം വൈകിയാൽ ഈ ഫംഗസ് രക്തധമനികളെ ബാധിക്കുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ രക്തചംക്രമണം തടസ്സപ്പെട്ട ഭാഗം ചീഞ്ഞ് 'കറുത്ത' നിറമാകുന്നു. അതുകൊണ്ടാണ് ഇതിനെ 'ബ്ലാക്ക് ഫംഗസ് രോഗം' എന്നറിയപ്പെടുന്നത്. ഇങ്ങനെ നശിച്ച താടിയെല്ലുകൾ, കണ്ണുകൾ, തലയോട്ടിയുടെ മറ്റു ഭാഗങ്ങൾ ഒക്കെയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും. ഇ.എൻ.ടി സർജൻ, ന്യൂറോ സർജൻ, ജനറൽ സർജൻ, ഡെൻറൽ സർജൻ മുതലായവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിലുള്ള ശസ്ത്രക്രിയകൾ വരെ വേണ്ടിവരാം. കാലതാമസമില്ലാതെ രോഗനിർണയത്തിനും ഉചിതമായ ചികിത്സക്കും ഊന്നൽ കൊടുക്കണം.
രോഗപ്രതിരോധം
മരണസാധ്യതയും രോഗസങ്കീർണതകളും വളരെ കൂടുതലുള്ള മാരകരോഗമാണ് ബ്ലാക്ക് ഫംഗസ്. രോഗബാധിതരിൽ പകുതിയിലേറെ പേർ പലപ്പോഴും മരണത്തിന് കീഴ്പ്പെടും. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്. പ്രമേഹരോഗികളിൽ രോഗസാധ്യത വളരെ കൂടുതലുള്ളതിനാൽ പ്രമേഹരോഗ ചികിത്സക്ക് ഊന്നൽ നൽകണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രണവിധേയമാക്കണം. കോവിഡ് ചികിത്സ വേളയിലും ശേഷവും ഇത് വളരെ ശ്രദ്ധിക്കണം.
1. സ്റ്റിറോയിഡുകൾ വേണ്ടിവരുന്ന രോഗികളിൽ ഇൻസുലിൻ പോലുള്ള മരുന്നുകൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർത്ത് പ്രമേഹരോഗ നിയന്ത്രണം ഫലവത്താക്കണം.
2. കോവിഡാനന്തരം അനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണിന് പിറകിലെ വേദന, മൂക്കിൽനിന്ന് പഴുപ്പ്, രക്തം കലർന്ന കഫം ഇവയൊന്നും അവഗണിക്കരുത്. വൈദ്യസഹായം വൈകിപ്പിക്കരുത്.
3. കോവിഡ് ചികിത്സക്ക് ശേഷം വ്യക്തിശുചിത്വം നന്നായി പാലിക്കുക.
4. പൊടിപടലങ്ങളുള്ളിടത്തുനിന്ന് അകന്നുനിൽക്കുക.
5. ആവി പിടിക്കുന്നതിനും മറ്റും ശുദ്ധജലം ഉപയോഗിക്കുക.
6. വീട്ടിൽ ഓക്സിജൻ ആവശ്യമായുള്ള രോഗികൾ അണുവിമുക്തമായ മാസ്കും മറ്റും ഉപയോഗിക്കുക.
7. നിത്യമുപയോഗിക്കുന്ന മാസ്കുകൾ ദിവസവും കഴുകി വൃത്തിയാക്കുക.
8. രോഗപ്രതിരോധ ശേഷി കുറഞ്ഞ, രോഗസാധ്യത കൂടിയവർ രോഗപ്രതിരോധത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
(കോഴിക്കോട് ഐ.എം.എ മീഡിയ സെൽ ചെയർമാനും ഇഖ്റ ഹോസ്പിറ്റൽ ചീഫ് ഡയബറ്റോളജിസ്റ്റുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.