Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ...
cancel

കോവിഡി​ന്‍റെ രണ്ടാം ത രംഗം ഇനിയും ഉച്ചസ്​ഥായിയിലെത്തിയിട്ടില്ല. രാജ്യം മറ്റൊരു ലോക്​ ഡൗണിലൂടെ കടന്നുപോകുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധന​ ഓക്​സിജൻ ക്ഷാമത്തിനും ആരോഗ്യസംവിധാനങ്ങളുടെ ദൗർലഭ്യതക്കും ഇടയാക്കി. അടിയന്തര ചികിത്സ ലഭിക്കാതെ ദിനവും ജീവനുകൾ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ എരിതീയിലെണ്ണ എന്നപോലെ ബ്ലാക്ക്​ ഫംഗസ്​ രോഗം പടരുന്നു എന്ന വാർത്തയും.

ബ്ലാക്ക്​ ഫംഗസ്​ രോഗം

ഒരു കഷണം ബ്രഡ്​ കുറച്ചുദിവസം അന്തരീക്ഷത്തിൽ തുറന്നുവെച്ചാൽ അതിൽ പൂപ്പൽ വളരുന്നതു കാണാം. ബ്രഡിൽ മാത്രമല്ല, ജീർണിക്കാത്ത എല്ലാ ജൈവപദാർഥങ്ങളിലും ഇത്തരം പലവിധത്തിലുള്ള പൂപ്പലുകൾ വളരുന്നത്​ കാണാം. ഇവയെയാണ്​ ഫംഗസുകൾ എന്നു പറയുന്നത്​. പൊതുവെ സസ്യങ്ങളിലാണ്​ ഫംഗസുകൾ രോഗങ്ങളുണ്ടാക്കുന്നത്. പ്രകൃതിയിൽ 50,000ത്തിൽപരം ഫംഗസുകളുണ്ട്​. അതിൽ വെറും 300ൽപരം ഫംഗസുകൾക്കു മാത്രമേ മനുഷ്യരിൽ രോഗങ്ങളുണ്ടാക്കാൻ കഴിവുള്ളൂ. ചുണങ്ങ്​ എന്ന ത്വഗ്​​രോഗം ഒരു ഫംഗസ്​ ബാധയാണ്​. അതുപോലെ 'മ്യൂക്കോർമൈസെറ്റ്​സ്​' എന്നറിയപ്പെടുന്ന ഒരുതരം ഫംഗസുകളുണ്ടാക്കുന്ന രോഗമാണ്​ 'മ്യൂക്കോർമൈക്കോസിസ്​' അഥവാ ബ്ലാക്ക്​ ഫംഗസ്​ രോഗം.

പുതിയ രോഗമല്ല

മ്യൂക്കോർമൈക്കോസിസ് ഒരു പുതിയ രോഗമല്ല. ഏകദേശം 135 വർഷങ്ങൾക്കു മുമ്പ്​ (1885ൽ) ഈ രോഗബാധ മനുഷ്യരിൽ സ്​ഥിരീകരിച്ചിട്ടുണ്ട്​. വളരെ അപൂർവമായി കാണപ്പെടുന്ന ഒരു രോഗമാണെങ്കിലും ചികിത്സ വൈകിയാൽ മരണംപോലും സംഭവിക്കാം. ലോകത്ത്​ ബ്ലാക്ക്​ ഫംഗസ്​ രോഗം കൂടുതലും റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​ ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്നാണ്​. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള ഭൂഖണ്ഡമായതാണ്​ കാരണമായി കരുതപ്പെടുന്നത്​.

രോഗികൾ കൂടുന്നു

അപൂർവരോഗമായതിനാൽ ഇതൊരു പൊതുജനാരോഗ്യ പ്രശ്​നമായിരുന്നില്ല ഇതുവരെയും. എന്നാൽ, കോവിഡി​ന്‍റെ രണ്ടാം തരംഗത്തോടുകൂടി കേരളമുൾപ്പെടെ രാജ്യത്ത്​ 19ലേറെ സംസ്​ഥാനങ്ങളിൽ മ്യൂക്കോർമൈക്കോസിസ്​​ രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. ഇതിനെ തുടർന്ന്​ ബ്ലാക്ക്​ ഫംഗസ്​ ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്​ഥാനങ്ങൾ കേന്ദ്രത്തിന്​ നിർദേശം നൽകിക്കഴിഞ്ഞു.

ഒരു 'അവസരവാദ' രോഗം

മറ്റു​ ഫംഗസ്​ രോഗങ്ങളെപ്പോലെ മ്യൂക്കോർമൈക്കോസിസും ഒരു അവസരവാദ രോഗമാണ്​. അതായത്​, പൂർണ ആരോഗ്യവാനായ ഒരു വ്യക്തിയെ ഈ രോഗം ബാധിക്കില്ല. എന്നാൽ, അസുഖങ്ങളോ മറ്റു പല കാരണങ്ങൾ കൊണ്ടോ

നമ്മുടെ ശരീരത്തി​ന്‍റെ പ്രതിരോധ ശക്തി കുറയു​േമ്പാൾ ഈ ഫംഗസ്​ നമ്മുടെ പ്രതിരോധശേഷിയെ പരാജയപ്പെടുത്തുകയും രോഗകാരിയായി മാറുകയും ചെയ്യും. നമ്മുടെ പ്രതിരോധശേഷി ക്ഷയിക്കുന്ന പല സന്ദർഭങ്ങളുണ്ട്​. അസുഖങ്ങളാണ്​ അതിൽ പ്രധാനം. അനിയന്ത്രിതമായ പ്രമേഹം, എയ്​ഡ്​സ്, കാൻസർ രോഗങ്ങൾ, വൃക്കപരാജയം മുതലായവ ഉദാഹരണങ്ങളാണ്. രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ചില ചികിത്സകൾ ഉദാഹരണത്തിന്​ സ്​റ്റിറോയ്​ഡ്​ മരുന്നുകൾ, അവയവമാറ്റ ശസ്​ത്രക്രിയ, മജ്ജ മാറ്റിവെക്കൽ മുതലായ ചികിത്സകൾക്കുശേഷം കൊടുക്കുന്ന ചില മരുന്നുകൾ ഒക്കെ നമ്മുടെ രോഗപ്രതിരോധ ശേഷി കുറക്കുകയും ഈ അവസ്​ഥ തക്കം പാർത്തിരിക്കുന്ന ഫംഗസുകൾ മുതലെടുത്ത്​ രോഗമുണ്ടാക്കുകയും ചെയ്യുന്നു.

ഫംഗസുകൾ സർവവ്യാപിയാണ്​. കരയിലും വെള്ളത്തിലും വായുവിലും ജീർണിക്കുന്ന ജൈവ പദാർഥങ്ങളിലും എന്തിന്​, നമ്മുടെ ശരീരത്തിൽ പോലും ഇവയുടെ സാന്നിധ്യമുണ്ട്​. മനുഷ്യപരിണാമത്തി​ന്‍റെ വിവിധ ഘട്ടങ്ങളിൽ ഇവക്കെതിരെ പ്രതിരോധം നമ്മളാർജിച്ചു. എന്നാൽ, എപ്പോഴെങ്കിലും അതൊന്ന്​ പിഴച്ചാൽ ആ അവസരം മുതലെടുത്ത്​ ഇവ രോഗകാരികളായി മാറുന്നു.

കോവിഡും ബ്ലാക്ക്​ ഫംഗസ്​ രോഗവും

കോവിഡ്​ രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയോടെയാണ്​ ബ്ലാക്ക്​ ഫംഗസ്​ രോഗികളുടെ എണ്ണം കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടത്​. രോഗം കണ്ടെത്തിയവരിലധികവും പ്രമേഹരോഗികളായിരുന്നു. പ്രമേഹരോഗം നിയന്ത്രണവിധേയമല്ലാത്തവരിൽ പൊതുവെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതോടൊപ്പം കോവിഡ്​ രോഗം കൂടി ബാധിക്കു​േമ്പാൾ പ്രതിരോധ ശേഷി വീണ്ടും കുറയുന്നു. ഈയവസ്​ഥ മ്യൂക്കോർമൈസെറ്റുകൾ പ്രയോജനപ്പെടുത്തി രോഗകാരികളായി മാറുന്നു. കോവിഡ്​ മൂർച്ഛിക്കുന്ന ചില രോഗികൾക്ക്​ സ്​റ്റിയറോയ്​ഡ്​ ചികിത്സ വേണ്ടിവന്നേക്കാം. ഇത്​ രോഗപ്രതിരോധ ശേഷി വീണ്ടും കുറയുന്നതിന്​ കാരണമാകും. ഒപ്പം, പഞ്ചസാരയുടെ നില അനിയന്ത്രിതമായി ഉയരുന്നതിനും കാരണമാകും. ഈ അനുകൂല സാഹചര്യങ്ങൾ മ്യൂക്കോർമൈക്കോസിസ്​ രോഗത്തിന്​ സഹായകമായി മാറുന്നു.

​രോഗലക്ഷണങ്ങൾ

രോഗം ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്നതായി കാണപ്പെടുന്നതിനാൽ രോഗലക്ഷണങ്ങളും വ്യത്യസ്​തങ്ങളാകാം. എന്നാൽ, രോഗം കൂടുതലും ബാധിക്കുന്നത്​ മൂക്കിനെയും തലയോട്ടിയിൽ മൂക്കിന്​ ചുറ്റുമുള്ള അറകളെയുമാണ്​. സൈനസുകൾ എന്നാണ്​ ഈ അറകൾ അറിയപ്പെടുന്നത്. ഇവിടെ അണുബാധയുണ്ടാകുന്നതുകൊണ്ട്​ ശക്​തമായ തലവേദന, മൂക്കിൽനിന്നും പഴുപ്പോ തവിട്ടുനിറമുള്ള ദ്രാവകമോ ഉണ്ടാകും. ചിലപ്പോൾ മൂക്കിൽനിന്നും രക്തസ്രാവവും ഉണ്ടാവാം. മൂക്കിലും കവിൾത്തടങ്ങളിലും നീല നിറവ്യത്യാസവും കൂടാതെ പനിയും പ്രകടമാകാം. രോഗം കണ്ണിന്​ സമീപത്തേക്ക്​ വ്യാപിക്കുന്നതോടെ കണ്ണിന്​ പിറകിൽ വേദന, കണ്ണിന്​ ചുറ്റും നീര്​, കണ്ണിന്​ ചുമപ്പ്​, കാഴ്​ച മങ്ങൽ, രണ്ടായി കാണുക, കവിൾ തടങ്ങളിൽ നീര്​ മുതലായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. രോഗം കണ്ടെത്തി ചികിത്സ ലഭിച്ചില്ലെങ്കിൽ കാഴ്​ച നഷ്​ടപ്പെടുക, ജന്നി, ഛർദി, ബോധക്ഷയം മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകാം. രോഗം തലച്ചോറി​േലക്ക്​ ബാധിക്കുന്നതി​ന്‍റെ ലക്ഷണങ്ങളാണ്​ ഇവ. ചിലപ്പോൾ മരണവും സംഭവിക്കാം.


മൂക്കിൽനിന്നും രോഗം ശ്വാസകോശ​ത്തിലേക്ക്​ വ്യാപിച്ചാൽ ചുമ, രക്തം കലർന്ന കഫം, പനി മുതലായ ലക്ഷണങ്ങളാകും കാണുക. അപൂർവമായി ചെറുകുടൽ, ത്വക്ക്​, കരൾ, വൃക്കകൾ മുതലായ അവയവങ്ങളെയും ബാധിക്കാം.

രോഗനിർണയം, ചികിത്സ

ആരംഭത്തിലേ രോഗസാധ്യത മുൻകൂട്ടിക്കണ്ടാൽ രോഗനിർണയം എളുപ്പമാകും. പരിചയസമ്പന്നനായ ഒരു ഡോക്​ടർക്ക്​ രോഗവിവരങ്ങളുടെയും ലക്ഷണങ്ങളുടെയും സഹായത്തോടെയും എൻഡോസ്​കോപ്പി, സി.ടി സ്​കാൻ, എം.ആർ.ഐ സ്​കാൻ, ബയോപ്​സി മുതലായ പരിശോധനകളിലൂടെയും രോഗനിർണയം സാധ്യമാകും. ഇതിൽ എൻഡോസ്​കോപ്പി പര​ിശോധനയാണ്​ എളുപ്പവും കൃത്യവും.

മയക്കുമരുന്ന്​ ഉപയോഗിക്കുന്നവർ, വലിയ പൊള്ളലേറ്റവർ, പോഷകക്കുറവുള്ളവർ മുതലായവരിലും രോഗസാധ്യത കൂടുതലാണ്​. അതുകൊണ്ടുതന്നെ, കോവിഡ്​ വിമുക്തരായ രോഗികൾ മുൻ വിവരിച്ച രോഗലക്ഷണങ്ങൾ അവഗണിക്കരുത്​. എത്രയും പെ​ട്ടെന്ന്​ വിദഗ്​ധ ചികിത്സ തേടണം.

ആരംഭദശയിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കുകയാണെങ്കിൽ സങ്കീർണതകളൊന്നും ഇല്ലാതെ ചികിത്സ സാധ്യമാകും. ബ്ലാക്ക്​ ഫംഗസിനെതിരായ ആൻറി ഫംഗൽ മരുന്നുകൾ ലഭ്യമാണ്. എന്നാൽ, രോഗനിർണയം വൈകിയാൽ ഈ ഫംഗസ്​ രക്തധമനികളെ ബാധിക്കുകയും രക്തചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ രക്തചംക്രമണം തടസ്സപ്പെട്ട ഭാഗം ചീഞ്ഞ്​ 'കറുത്ത' നിറമാകുന്നു. അതുകൊണ്ടാണ്​ ഇതിനെ 'ബ്ലാക്ക്​ ഫംഗസ്​ രോഗം' എന്നറിയപ്പെടുന്നത്​. ഇങ്ങനെ നശിച്ച താടിയെല്ലുകൾ, കണ്ണുകൾ, തലയോട്ടിയുടെ മറ്റു ഭാഗങ്ങൾ ഒക്കെയും ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരും. ഇ.എൻ.ടി സർജൻ, ന്യൂറോ സർജൻ, ജനറൽ സർജൻ, ഡെൻറൽ സർജൻ മുതലായവരടങ്ങിയ വിദഗ്​ധ സംഘത്തി​ന്‍റെ മേൽനോട്ടത്തിലുള്ള ശസ്​ത്രക്രിയകൾ വരെ വേണ്ടിവരാം. കാലതാമസമില്ലാതെ രോഗനിർണയത്തിനും ഉചിതമായ ചികിത്സക്കും ഊന്നൽ കൊടുക്കണം.


രോഗപ്രതിരോധം

മരണസാധ്യതയും രോഗസങ്കീർണതകളും വളരെ കൂടുതലുള്ള മാരകരോഗമാണ്​ ബ്ലാക്ക്​ ഫംഗസ്​. രോഗബാധിതരിൽ പകുതിയിലേറെ പേർ പലപ്പോഴും മരണത്തിന്​ കീഴ്​പ്പെടും. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിനാണ്​ ഊന്നൽ കൊടുക്കേണ്ടത്​. പ്രമേഹരോഗികളിൽ രോഗസാധ്യത വളരെ കൂടുതലുള്ളതിനാൽ പ്രമേഹരോഗ ചികിത്സക്ക്​ ഊന്നൽ നൽകണം. ​രക്തത്തിലെ പഞ്ചസാരയുടെ അളവ്​ കൃത്യമായി നിയന്ത്രണവിധേയമാക്കണം. കോവിഡ്​ ചികിത്സ വേളയിലും ശേഷവും ഇത്​ വളരെ ശ്രദ്ധിക്കണം.

1. സ്​റ്റിറോയിഡുകൾ വേണ്ടിവരുന്ന രോഗികളിൽ ഇൻസുലിൻ പോലുള്ള മരുന്നുകൾ ആവശ്യമെങ്കിൽ കൂട്ടിച്ചേർത്ത്​ പ്രമേഹരോഗ നിയന്ത്രണം ഫലവത്താക്കണം. ​

2. കോവിഡാനന്തരം അനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണിന്​ പിറകിലെ വേദന, മൂക്കിൽനിന്ന്​ പഴുപ്പ്​, രക്തം കലർന്ന കഫം ഇവയൊന്നും അവഗണിക്കരുത്​. വൈദ്യസഹായം വൈകിപ്പിക്കരുത്​.

3. കോവിഡ്​ ചികിത്സക്ക്​ ശേഷം വ്യക്തിശുചിത്വം നന്നായി പാലിക്കുക.

4. പൊടിപടലങ്ങളുള്ളിടത്തുനിന്ന്​ അകന്നുനിൽക്കുക.

5. ആവി പിടിക്കുന്നതിനും മറ്റും ശുദ്ധജലം ഉപയോഗിക്കുക.

6. വീട്ടിൽ ഓക്​സിജൻ ആവശ്യമായുള്ള രോഗികൾ അണുവിമുക്തമായ മാസ്​കും മറ്റും ഉപയോഗിക്കുക.

7. നിത്യമുപയോഗിക്കുന്ന മാസ്​കുകൾ ദിവസവും കഴുകി വൃത്തിയാക്കുക.

8. രോഗപ്രതിരോധ ശേഷി കുറഞ്ഞ, രോഗസാധ്യത കൂടിയവർ രോഗപ്രതിരോധത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

(കോ​​ഴി​​ക്കോ​​ട് ഐ.​​എം.​​എ മീ​​ഡി​​യ സെ​​ൽ ചെ​​യ​​ർ​​മാ​​നും ഇ​ഖ്​​റ ഹോ​സ്​​പി​റ്റ​ൽ ചീ​ഫ്​ ഡ​യ​ബ​റ്റോ​ള​ജി​സ്​​റ്റു​മാ​ണ്​ ലേ​ഖ​ക​ൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Black fungusBlack Fungus Symptoms
News Summary - Black fungus symptoms diagnosis treatment
Next Story