നാം ദിവസം തുടങ്ങുന്നത് തന്നെ പല്ല് തേപ്പോട് കൂടിയാണ്. അതിൽനിന്ന് തന്നെ മനസ്സിലാക്കാമല്ലോ ദന്തസംരക്ഷണം എത്രത്തോളം മുഖ്യമുള്ളതാണെന്ന്. ദിവസം രണ്ടുനേരം രണ്ടു മിനിറ്റ് വീതം ബ്രഷ് ചെയ്ത് നാം പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. കൂടുതൽ സമയം ബ്രഷ് ചെയ്യുന്നത് പല്ലിന്റെ തേയ്മാനത്തിന് കാരണമായേക്കാം. കുറേ സമയമെടുത്ത് കുറേ പ്രാവിശ്യം പല്ലു തേക്കുന്നത് പല്ലിന്റെ തേയ്മാനത്തിന് കാരണമാകും. പല്ലിന്റെ തേയ്മാനം പുളിപ്പിലേക്കും പിന്നീട് അത് വേദനയിലും എത്താം.
മുതിർന്നവർ ആയാലും കുട്ടികൾ ആയാലും മൂന്ന് മാസം കഴിയുമ്പോൾ ബ്രഷ് മാറ്റേണ്ടതുണ്ട്. ഹാർഡ് ടൂത്ത് ബ്രഷ് ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഇല്ലെങ്കിലും ആറു മാസത്തിൽ ഒരിക്കൽ ഡെന്റൽ വിസിറ്റ് നടത്തുകയാണേൽ അത് നിങ്ങളുടെ ദന്തസംരക്ഷണത്തെ സഹായിക്കും. പല്ലിന്റെ പ്രശ്നം നേരത്തെ അറിയുവാനും അതിനു ചികിൽസിക്കാനും ഇത് സഹായമായേക്കും.
വേദന വരുമ്പോൾ മാത്രം വൈദ്യസഹായം തേടുന്ന നമ്മുടെ പ്രവണതയാണ് നാം ആദ്യം മാറ്റിയെടുക്കേണ്ടത്. ഏത് പല്ല് രോഗവും തുടക്കത്തിൽ ചികിത്സിച്ചാൽ ചികിത്സ വളരെ എളുപ്പവും രോഗിക്ക് ബുദ്ധിമുട്ട് കുറക്കുന്ന ഒന്നു കൂടെയാവും. പല്ലിനു വേദന വന്നാൽ പല്ലു പറിക്കൽ (extraction), റൂട്ട് കനൽ ചികിത്സ (RCT) എന്നിവയാണ് ചികിത്സ. നമ്മുടെ ദന്തസംരക്ഷണം നമ്മുടെ തന്നെ ഉത്തരവാദിത്തമാണ്. അതിൽ എന്തെങ്കിലും വീഴ്ച പറ്റിയാൽ സഹായിക്കാൻ നമുക്ക് ചുറ്റും ഒരുപാട് ദന്ത ഡോക്ടേഴ്സ് ഉണ്ട്.
ഒരു കുഞ്ഞ് ജനിച്ച് ദിവസങ്ങൾക്കു ശേഷം തന്നെ ദന്തസംരക്ഷണം തുടങ്ങേണ്ടതാണ്. ദന്തസംരക്ഷണം പല്ലിന് മാത്രമല്ല, മോണയുടേത് കൂടിയാണ്. അതിനാൽ കുഞ്ഞുങ്ങളുടെ മോണസംരക്ഷണത്തെപ്പറ്റി ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്. വൃത്തിയുള്ള കോട്ടൺ തുണി ഇളം ചൂടുവെള്ളത്തിൽ മുക്കി കുഞ്ഞുങ്ങളുടെ മോണ വൃത്തിയാക്കാവുന്നതാണ്. ആദ്യ പല്ല് വന്നത് മുതൽ തന്നെ കുട്ടിയെ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ദന്തസംരക്ഷണം തുടങ്ങേണ്ടതുണ്ട്. മക്കളിൽ ഇങ്ങനെയൊരു ശീലം വളർത്തിയെടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ചുമതലയാണ്.
കുട്ടികളുടെ ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ ഫ്‌ളൂറൈഡ് അംശം ഉള്ളത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മൂന്ന് വയസ്സ് വരെ കുട്ടികൾക്ക് 1000 ppm വരെയും, 3 വയസ്സിനു മുകളിൽ ഉള്ളവർക്ക് 1350 - 1500 ppm വരെ ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ആണ് ഉപയോഗിക്കേണ്ടത്. ഫ്ലൂറൈഡ്നു നമ്മുടെ വായിലെ ബാക്ടീരിയയുടെ പ്രവർത്തനം തടയുവാനും അതിലൂടെ പല്ല് കേടാകാതെ സൂക്ഷിക്കാനും കഴിയും. എന്നാൽ, മൂന്ന് വയസ്സ് വരെ ഉള്ള കുട്ടികൾക്ക് ഒരു അരിമണിയുടെ അളവും 3 വയസിൽ മുകളിൽ ഉള്ളവർക്കു ഒരു പയർ മണിയുടെ അളവ് ടൂത്ത് പേസ്റ്റ് മതി ബ്രഷ് ചെയ്യാൻ.
കുട്ടികളുടെ ടൂത്ത് ബ്രഷ് സോഫ്റ്റ് ആയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.