ഒമിക്രോണ്‍ അപകടകാരിയോ?; അറിയേണ്ടതെല്ലാം...

രണ്ടുവര്‍ഷത്തിലധികമായി ലോകം കോവിഡ് മഹാമാരിയോട് പൊരുതുകയാണ്. നിയന്ത്രണങ്ങളൊക്കെ നീക്കി ലോകരാജ്യങ്ങള്‍ സാധാരണ സാഹചര്യത്തിലേക്ക് കടന്നുവരുമ്പോഴാണ് വീണ്ടും കോവിഡ് വകഭേദം സംഭവിച്ച് അപകടകാരിയായി മാറുന്നത്. 'ഒമിക്രോണ്‍' എന്ന പുതിയ വകഭേദത്തിനെക്കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. പഠനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ ഭീതിയൊഴിയാതെ ചര്‍ച്ചകളും സജീവമാണ്.
ഒമിക്രോണ്‍ വൈറസിന് ഗുരുതര രോഗലക്ഷണങ്ങളില്ലെന്ന് വൈറസ് വകഭേദം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്‌സി പറയുന്നു. പത്തു ദിവസത്തിനുള്ളില്‍ വൈറസ് ബാധിതരില്‍ സാധാര ലക്ഷണങ്ങളേ കണ്ടിട്ടുള്ളൂവെന്നും അവര്‍ ആശുപത്രിയില്‍ കിടക്കാതെ രോഗമുക്തി നേടിയെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. എങ്കിലും ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുകയാണ്. രാജ്യങ്ങള്‍ പലതും യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ സര്‍ക്കാരും മുന്‍കരുതലുകള്‍ നിര്‍ദ്ദേശിച്ചുതുടങ്ങി. ഈ സാഹചര്യത്തില്‍ ഒമിക്രോണ്‍ വൈറസിനെ കുറിച്ച് 'മാധ്യമം' ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ മുതിര്‍ന്ന ശ്വാസകോശ രോഗ വിദഗ്ധനും (സീനിയര്‍ കണ്‍സള്‍ട്ടന്‍റ് പള്‍മനോളജിസ്റ്റ്്) കോവിഡ് ചികിത്സാ രംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നയാളുമായ ഡോ. എം.സി. സാബിര്‍.

കോവിഡിന് ഏറ്റവും പുതിയ വകഭേദം സംഭവിച്ചതാണ് ഒമിക്രോണ്‍. ലോകാരോഗ്യ സംഘടന വാരിയന്‍റ് ഓഫ് കണ്‍സേണ്‍ എന്ന ഗ്രൂപ്പിലാണ് ഇത് ഉള്‍പ്പെടുത്തിയത്. അതായത് ആശങ്കയുണ്ടാക്കുന്ന രൂപാന്തരമാണിത്. ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഇത് കണ്ടെത്തുന്നത്. ലക്ഷണങ്ങളെ രണ്ടു രീതിയില്‍ കാണേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം ലക്ഷണങ്ങളില്‍ വലിയ മാറ്റം വന്നിട്ടില്ലെന്നതാണ്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നാല്‍ മാത്രമേ പൂര്‍ണ്ണമായും പറയാനാവൂ.

നേരത്തെ കോവിഡ് ബാധിതര്‍ക്കുണ്ടായിരുന്ന രുചിയും മണമില്ലായ്മയും ഇതിൽ സംഭവിക്കുന്നില്ലെന്ന് സൗത്താഫ്രിക്കയിലെ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. തലവേദനയും പേശീവേദനയും ചുമയുമാണ് ഇതിന്‍റെ ലക്ഷണങ്ങളെന്നും അവര്‍ പറയുന്നു. ചെറുപ്പക്കാരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്കിടയിലേക്ക് ഇതെത്തിയിട്ടില്ല. അതിനാല്‍ രണ്ടാഴ്ച്ചക്കുശേഷമാണ് ഇതിന്‍റെ മരണനിരക്ക് ഉള്‍പ്പെടെ കൃത്യമായി അറിയാനാവൂ.

അതേസമയം, സൗത്താഫ്രിക്കയിലെ ആദ്യഘട്ട റിപ്പോര്‍ട്ടനുസരിച്ച് ഈ വൈറസ് മറ്റുള്ളവരിലേക്ക് പെട്ടെന്ന് പകരാന്‍ സാധ്യത കാണുന്നതായാണ് വിവരം. ഡെല്‍റ്റ വകഭേദം കൂടിയതിനേക്കാള്‍ പെട്ടെന്ന് ഒമിക്രോണ്‍ വ്യാപിച്ചതായാണ് കാണുന്നത്. ഇതൊരു ലിമിറ്റഡ് എയര്‍ബോണായി നമുക്ക് കണക്കാക്കാന്‍ കഴിയും. ഇത് ഒരുപാട് ആളുകള്‍ക്കിടയിലേക്ക് എത്താനുള്ള സാധ്യതയും പരിഗണിക്കേണ്ടി വരും. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം നടക്കുന്നതേയുള്ളൂ. അതിനാല്‍ രണ്ടാഴ്ച്ചക്കുശേഷമേ ഇതിനെക്കുറിച്ച് വ്യക്തമാകൂ.

മുൻകരുതൽ തന്നെ പ്രധാനം

നേരത്തെയുള്ള മുന്‍കരുതലുകള്‍ തന്നെയാണ് ഇതിനുമുള്ളത്. മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നിവ തന്നെയാണ് മുന്‍കരുതല്‍. എന്നാല്‍ ഭീകരാന്തരീക്ഷത്തിന്‍റെ ആവശ്യമില്ല. കോവിഡിനെ എങ്ങനെ നേരിട്ടുവോ അതേ രീതിയില്‍ തന്നെ കണ്ടാല്‍ മതി. അതേസമയം, കോവിഡ് വിട്ടുപോയെന്ന ഒരു റിലാക്‌സേഷന്‍ മൂഡിലാണ് നമ്മള്‍. അതില്‍ നിന്നും പിറകോട്ട് വരേണ്ടതുണ്ട്. ആ മൂഡില്‍ നിന്നുകൊണ്ട് പോയാല്‍ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതേസമയം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് കൊണ്ട് ഒരു ലോക്ഡൗണ്‍ എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ ഇപ്പോള്‍ കടക്കാന്‍ സാധ്യതയില്ല. പക്ഷേ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.

ആളുകൾ ഒന്നിച്ചിരിക്കുന്ന പരിപാടികളിൽ പോവുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നൊരു മുന്‍കരുതല്‍ എടുക്കണം. ഏതുനിമിഷവും നമ്മുടെ നാട്ടിലേക്ക് ഒമിക്രോണ്‍ എത്താന്‍ സാധ്യതയുണ്ടെന്ന ധാരണ ഉണ്ടാവണം. അതേസമയം, വാക്‌സിനേറ്റഡ് അല്ലാത്ത എല്ലാവരും പെട്ടെന്ന് തന്നെ വാക്‌സിന്‍ സ്വീകരിക്കണം.

വാക്സിൻ ഫലം ചെയ്യുമോ?

വാക്‌സിനേഷന്‍ ഗുരുതരമായ അവസ്ഥകള്‍ തടയുകയാണ് ചെയ്യുന്നത്. ഒമിക്രോണുമായി ബന്ധപ്പെട്ടുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ തടയാനും കഴിയുമെന്നാണ് ഇതുവരേയും വിശ്വസിക്കുന്നത്. എന്നാല്‍ ഇതിന്‍റെ നെഗറ്റീവ് റിപ്പോര്‍ട്ടൊന്നും ഇതുവരെ വന്നിട്ടില്ല. വാക്‌സിനെടുത്തവര്‍ കോവിഡ് മൂലം മരിക്കുകയോ മറ്റോ ഇതുവരെ ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടക്കുകയാണ്. നമ്മുടെ മുന്നിലുള്ള ഏകവഴി വാക്‌സിനേഷന്‍ ചെയ്യുക എന്നത് തന്നെയാണ്. കാരണം ഇത്തരത്തിലുള്ള വകഭേദത്തിന് തന്നെ കാരണം എല്ലാവരിലേക്കും പ്രതിരോധം എത്താത്തതുകൊണ്ടാണ്. ദക്ഷിണാഫ്രിക്കയില്‍ തന്നെ വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇതൊരു പ്രശ്‌നമാണ്. പക്ഷേ വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തത് കൊണ്ട് തന്നെയാണ് ഇതിന് വകഭേദം സംഭവിച്ചത് എന്ന് തന്നെ പറയേണ്ടി വരും. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് എല്ലാവർക്കും വാക്സിൻ നൽകലാണ് പ്രധാനം.

ഇത് എത്ര പേരിലേക്ക് പടരുന്നു എന്നതിനനുസരിച്ചാണ് അപകടാവസ്ഥ തിരിച്ചറിയുന്നത്. ഇത്രയും ആളുകളിലേക്ക് ഒരുമിച്ച് വരുന്നു. അതില്‍ തന്നെ ഗുരുതരമാവുന്ന കുറേയധികം പേരുണ്ടായാല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മതിയാകാതെ വരും. അപ്പോള്‍ പഴയരീതിയിലേക്ക് തിരിച്ചുപോകാനും ലോക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണം വരാനും സാധ്യതയുണ്ട്. ഇത് ലോകരാജ്യങ്ങളൊക്കെ നോക്കിക്കാണുന്നുണ്ട്. എന്നാൽ, ഇതൊരു ചെറിയ രോഗമായി മാറുകയാണെങ്കില്‍ വലിയ ആശങ്കയില്ല. എന്നാല്‍ പഴയരീതിയിലുള്ള വ്യാപനമാണെങ്കിലും ഭയപ്പെടേണ്ടതുണ്ട്. കാരണം അത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുകയും ജീവിതം സ്തംഭിപ്പിക്കുകയും ചെയ്തതാണ്.

അതേസമയം, ഇതിന്‍റെ പ്രഹരശേഷി, കോവിഡാനന്തര പ്രശ്‌നങ്ങള്‍, മരണനിരക്ക് ഇതുമായൊക്കെ ബന്ധപ്പെട്ട് പഠനങ്ങള്‍ നടക്കുകയാണ്. അതുകൊണ്ട് ആശങ്കപ്പെടേണ്ട കാര്യം തന്നെയാണ്. മൈല്‍ഡ് ഡിസീസ് കാണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസപ്പെടുത്തുന്നുണ്ടെങ്കിലും കൂടുതല്‍ പഠനങ്ങള്‍ ലഭിച്ചാലേ സമാധാനപരമായിരിക്കാന്‍ കഴിയൂ. അതുവരെ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്.

ജനിതക ശ്രേണീകരണം

ആര്‍ടി.പി.സി.ആര്‍ പരിശോധനയില്‍ ഒമിക്രോണ്‍ കണ്ടെത്താനാവും എന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം. ആന്‍റിജന്‍ പരിശോധനയെകുറിച്ച് പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്‍റെ വിവരങ്ങള്‍ കിട്ടാനിരിക്കുന്നതേയുള്ളൂ. പിന്നെ ജിനോമിക് സ്വീക്വല്‍സിങ് (ജനിതക ശ്രേണീകരണം) ഒക്കെ നടത്തിയാല്‍ മാത്രമേ ഏത് വകഭേദമാണെന്ന് കണ്ടെത്താനാകൂ. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി 12-ഓളം വിദേശ രാജ്യങ്ങള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പെടുന്നുണ്ട്. ഇവിടെ നിന്ന് വരുന്നവര്‍ക്ക് ആര്‍ടി.പി.സി.ആര്‍ ചെയ്ത് പോസിറ്റീവായാല്‍ ജിനോമിക് സ്വീക്വന്‍സിങ്ങൊക്കെ ചെയ്യാനുള്ള സംവിധാനം സംസ്ഥാനത്ത് തീരുമാനമായിട്ടുണ്ട്. കൂടാതെ രണ്ടാഴ്ചയോളം ക്വാറന്‍റീനും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ അഞ്ചുശതമാനം പേര്‍ക്ക് ജിനോമിക് സ്വീക്വന്‍സിങ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ എട്ടുദിവസം ക്വാറന്‍റീനില്‍ പാലിക്കണം, ആര്‍ടി.പി.സി.ആര്‍ ചെയ്യണം, പോസിറ്റീവല്ലെങ്കില്‍ ഏഴുദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തും. എന്നിട്ടും ഒരാഴ്ച്ച നിരീക്ഷണം എന്നതാണ് സര്‍ക്കാർ നിർദേശം.

അതേസമയം, സര്‍ക്കാറിന്‍റെ ഭാഗത്തുനിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഫലവത്താകുമോ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇത് നമ്മുടെ രാജ്യത്തേക്കെത്താന്‍ സാധ്യത വളരെ കൂടുതലാണ്. ഹൈറിസ്‌ക് രാജ്യങ്ങള്‍ കൂടാതെ വേറെ ഏതൊക്കെ രാജ്യങ്ങളില്‍ ഇത് വ്യാപിച്ചിട്ടുണ്ടെന്ന് ഇനിയുള്ള ദിവസങ്ങളിലേ പറയാന്‍ കഴിയൂ. ഗള്‍ഫ് രാജ്യങ്ങളിലൊക്കെ എത്തിയിട്ടുണ്ടോ എന്നറിയില്ലല്ലോ. അതേസമയം, ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് കർശന ക്വാറന്‍റീന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല. അതിനാല്‍ പോസിറ്റീവ് ഒക്കെ ആയ ആളുകള്‍ക്ക് ഒമിക്രോണ്‍ ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ക്വാറന്‍റീന്‍ ഉള്‍പ്പെടെ നടത്തുന്നത് ഗുണകരമായിരിക്കുമെന്നാണ് അഭിപ്രായം.

ഒമിക്രോണ്‍ ഭയാനകമായ അവസ്ഥയാണെന്ന് പറയാനാവില്ല. ആകെയുള്ള ഭീതി ഇതിന്‍റെ വ്യാപനമാണ്. മരണസാധ്യതയോ അപകടകരമാണെന്നോ ഇതുവരെ പഠനങ്ങള്‍ വന്നിട്ടില്ല. പക്ഷേ കൂടുതല്‍ വ്യാപിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ഭീതി വേണ്ടതുണ്ട്. അതിന് പഴയ കാര്യങ്ങള്‍ തന്നെ പാലിക്കേണ്ടതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോവുക എന്നതുമാണ്. 

ഇനിയും വകഭേദങ്ങൾ വന്നേക്കാം

കൊറോണ വൈറസിന് ഇനിയും വകഭേദങ്ങള്‍ വന്നേക്കാം. കോവിഡ് പോലെയുള്ള രോഗങ്ങളുടെ പ്രശ്‌നവും അത് തന്നെയാണ്. അതിനാൽ എല്ലാവരും വാക്സിൻ സ്വീകരിക്കുക. നേരത്തെ കോവിഡ് ബാധിച്ചവർക്കും ഒമിക്രോണ്‍ വരാം. റീഇന്‍ഫെക്ഷന്‍ സാധ്യത ആശങ്കപ്പെടുത്തുന്നതാണ്. നേരത്തെ കോവിഡ് വന്നവര്‍ക്ക് ആദ്യത്തെ അഞ്ചുദിവസങ്ങില്‍ കൊടുക്കുന്ന മോണോക്ലോണല്‍ ആന്‍റിബോഡി ട്രീറ്റ്‌മെന്‍റ് ഒമിക്രോണിന് ഫലവത്തല്ലെന്ന് പഠനങ്ങള്‍ പറയുന്നു. പഠനങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു.

കേരളത്തെ സസംബന്ധിച്ച് ജനിതക ശ്രേണീകരണം പരിശോധനയൊക്കെ നല്ല രീതിയില്‍ നടക്കുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ ജാഗ്രത പുലര്‍ത്തിയാല്‍ കണ്ടെത്താന്‍ തന്നെ എളുപ്പമായിരിക്കും. നിയന്ത്രണങ്ങള്‍ എല്ലാ കാലത്തും തുടരാനാവില്ല. അതുമല്ല, ഇനിയും വൈറസിന് വകഭേദങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. വൈറസിനെ കുറിച്ച് പുതിയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്...

തയാറാക്കിയത്​: ഫസീല മൊയ്​തു
Tags:    
News Summary - Everything you need to know about Omicron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.