മാനസികാരോഗ്യം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്റെ 'ടെലി മനസ്'

തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങള്‍ക്കും വിഷമതകള്‍ക്കും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, ടെലി കൗണ്‍സിലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'ടെലി മനസ്' എന്ന ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ തന്നെ നിലവില്‍ വരുന്നമെന്ന് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരുടേയും മാനസികാരോഗ്യം ഉറപ്പ് വരുത്താന്‍ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനായി 20 കൗണ്‍സിലര്‍മാരെയും സൈക്യാട്രിസ്റ്റ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരെയും നിയോഗിക്കുന്നതാണ്. കൂടാതെ മാനസികാരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനായിട്ടുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ശേഷമാണ് മറ്റൊരു ലോക മാനസികോരോഗ്യ ദിനം ഒക്‌ടോബര്‍ 10ന് വരുന്നത്. ശാരീരിക ആരോഗ്യത്തെ സംരക്ഷിക്കാനായി എല്ലാ മുന്‍കരുതലുകളും എടുക്കുമ്പോള്‍ തന്നെ മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. 'എല്ലാവരുടേയും മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ആഗോള മുന്‍ഗണന നല്‍കുക' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.

മാനസികാരോഗ്യം ഉറപ്പ് വരുത്താനായി സംസ്ഥാനത്തെ 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായി 290 മാനസികാരോഗ്യ ക്ലിനിക്കുകള്‍ മാസം തോറും നടത്തി വരുന്നു. ഇതിലൂടെ അന്‍പതിനായിരത്തിലധികം രോഗികള്‍ക്ക് ചികിത്സയും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതിനുപുറമേ മാനസികാരോഗ്യ സേവനങ്ങള്‍ പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ ലഭ്യമാക്കുന്നതിനായി 'സമ്പൂര്‍ണ മാനസികാരോഗ്യം', 'ആശ്വാസം' പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

ഇതിനുപുറമേ ആത്മഹത്യ നിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 'ജീവരക്ഷ' എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. വിഷമതകള്‍ അനുഭവിക്കുന്ന ജനങ്ങളുമായി ഇടപഴകാന്‍ സാധ്യതയുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, പോലീസുകാര്‍, ജനപ്രതിനിധികള്‍, മതപുരോഹിതര്‍ എന്നിവര്‍ക്ക് ആത്മഹത്യയുടെ അപകട സൂചനകള്‍, മാനസിക പ്രഥമ ശുശ്രൂഷ എന്നിവ ഉള്‍പ്പെടെയുള്ള ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നു.

അടുപ്പമുള്ള ആളുകള്‍ ആത്മഹത്യ ചെയ്യുവാനുള്ള സാധ്യത ഓരോരുത്തരും മനസിലാക്കുന്നത് വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുവാന്‍ സഹായകമാകും. മറ്റുള്ളവരില്‍ നിന്നും ഉള്‍വലിയുക, ജീവിതത്തെ കുറിച്ച് നിരാശ, നിസഹായാവസ്ഥ പ്രകടിപ്പിക്കുക, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സ്വഭാവത്തിലും പെരുമാറ്റത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

Tags:    
News Summary - Health Department's 'Tele Manas' to ensure mental health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.