ആലപ്പുഴ: സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നതായി പഠനങ്ങൾ. കേരളത്തിൽ 2002 മുതൽ 2018 വരെ എച്ച്.െഎ.വി പരിശോധനക്ക് എത്തിയ 52,43,394 പേരിൽ ആകെ 31,612 പേർക്ക് മാത്രമാണ് എച്ച്.െഎ.വി ബാധ സ്ഥിരീകരിച്ചത്. ഒാരോ ജില്ലയിലും എയ്ഡ്സ് ബാധിതരായി എത്തുന്നവരുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായത്. കൃത്യമായ ബോധവത്കരണവും ജനങ്ങൾക്കുണ്ടായ അവബോധവുമാണ് എയ്ഡ്സ് ബാധിതരുടെ എണ്ണം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 6019 പേർ. കുറവ് വയനാടും- 291. ഒാരോ ജില്ലയിലും പ്രതിവർഷം 64നും 68നും ഇടയിൽ പുതിയ എയ്ഡ്സ് ബാധിതർ എത്തുന്നു എന്നാണ് കണക്ക്. ഇതിലും കുറവുണ്ടായിട്ടുണ്ട്. തുടർ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് മികച്ച രീതിയിൽ എയ്ഡ്സ് പ്രതിരോധം നടപ്പാക്കാൻ കഴിയുമെന്ന് ആലപ്പുഴ ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഒാഫിസർ ഡോ. അനു വർഗീസും എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നോഡൽ ഒാഫിസർ ഡോ. മുഹമ്മദ് സലിമും പറയുന്നു.
ദേശീയ എയ്ഡ്സ് നിയന്ത്രണ ഒാർഗനൈസേഷെൻറ 2017ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 21.40 ലക്ഷം എച്ച്.െഎ.വി അണുബാധിതരുണ്ട്. ഇതിൽ 9.08 ലക്ഷം പേർ സ്ത്രീകളാണ്. കേരളത്തിൽ പ്രായപൂർത്തിയായവരുടെ എച്ച്.െഎ.വി ബാധ 0.12 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് 0.26 ശതമാനവും. രോഗബാധിതരിൽ തന്നെ 85 ശതമാനം ആളുകൾക്ക് മാത്രമേ തങ്ങൾ എച്ച്.െഎ.വി ബാധിതരാണെന്ന് അറിയൂ.
പ്രത്യാശ എന്ന പേരിൽ സർക്കാർ തലത്തിൽ എയ്ഡ്സ് രോഗികളുടെ പരിചരണത്തിന് വിഭാവനം ചെയ്ത പദ്ധതി ഇപ്പോൾ വിഹാൻ എന്നാണ് അറിയപ്പെടുന്നത്. എച്ച്. െഎ. വി ബാധിതരുടെ എല്ലാ സ്വകാര്യതകളും മാനിച്ചുകൊണ്ടുള്ള ഒരു സംവിധാനമാണിത്. ആലപ്പുഴ മെഡിക്കൽ േകാളജിലാണ് വിഹാൻ കേന്ദ്രം പ്രവർത്തിക്കുന്നത്. സർക്കാർ ഇവർക്കായി അനുവദിച്ചിട്ടുള്ള പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നതും വിഹാൻ വഴിയാണ്.
എയ്ഡ്സ് ബാധിതരെ മുഖ്യധാരയിൽ എത്തിക്കുന്നതിനും സ്വയം തൊഴിൽ പദ്ധതികൾ കണ്ടെത്തുന്നതിനും വിഹാൻ സഹായിക്കാറുണ്ടെന്ന് ജില്ലാ മാസ് മീഡിയ ഒാഫിസർ പി.എസ് സുജ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.