ബർലിൻ: മറവിരോഗ ചികിത്സയിൽ പുതിയ നേട്ടവുമായി ഗവേഷകർ. ഒരു വ്യക്തിക്ക് അൽഷൈമേഴ്സ് രോഗം വരുന്നതിെൻറ എട്ടുവർഷം മുൻപെങ്കിലും അത് തിരിച്ചറിയാനാവുമെന്ന പുതിയ കണ്ടെത്തലാണ് രോഗത്തെ പ്രതിരോധിക്കാനും നേരത്തേ ചികിത്സ ആരംഭിക്കാനുമുള്ള സാധ്യതകളിലേക്ക് വഴിതുറക്കുന്നത്.
ജർമനിയിലെ ബോഹമിലുള്ള റൂർ യൂനിവേഴ്സിറ്റിയിലെ ഡോ. ക്ലൗസ് ഗർവർട്ടും സംഘവും നടത്തിയ പഠനങ്ങളിലാണ് വൈദ്യശാസ്ത്രത്തിൽ വഴിത്തിരിവായേക്കാവുന്ന ഇൗ കാര്യം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ അൽഷൈമേഴ്സ്, ഡിമെൻഷിയ തുടങ്ങിയ മറവിരോഗങ്ങൾ കണ്ടെത്തുന്നതും രോഗം സ്ഥിരീകരിക്കുന്നതും രോഗിയിൽ മറവിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനു ശേഷമാണ്. തലച്ചോറിലെ പ്രത്യേക കോശങ്ങളിൽ രൂപപ്പെടുന്ന പൊറ്റകൾ (പ്ലക്ക്) ആണ് രോഗത്തിെൻറ മൂലകാരണം.
ഇത്തരം പൊറ്റകളുടെ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞാൽ രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനുമാവില്ല. തലച്ചോറില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ‘അമ്ലോയിഡ് - ബീറ്റാ’ യെന്ന പ്രോട്ടീനാണ് പൊറ്റകളായി രൂപപ്പെടുന്നതെന്നാണ് സംശയിക്കുന്നത്. പൊറ്റകൾ രൂപപ്പെടുന്നതോടെ മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങള്‍ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തനരഹിതമാവുകയും ചെയ്യും.
ഒരിക്കല്‍ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനര്ജീവിപ്പിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലില്ല. ഡോ. ക്ലൗസ് ഗർവർട്ടിെൻറ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളിൽ രക്തപരിശോധനയിലൂടെ രോഗം വരാനുള്ള സാധ്യത നേരത്തേ കണ്ടെത്താമെന്നാണ് അവകാശപ്പെടുന്നത്.
പരീക്ഷണത്തിന് വിധേയമാക്കിയ രോഗികളിൽ 71 ശതമാനത്തിലും രോഗസാധ്യത നേരത്തേ കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു. ഇത്തരത്തിൽ നേരത്തേ രോഗസാധ്യത കണ്ടെത്തിയാൽ വ്യക്തികൾക്ക് മുൻകരുതലെടുക്കാനും രോഗത്തിെൻറ ആരംഭത്തിൽതന്നെ ചികിത്സ ആരംഭിക്കാനും കഴിയുെമന്നതാണ് കണ്ടെത്തലിെൻറ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.