തിരുവനന്തപുരം: കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ നൽകുന്ന അമ്മമാരുടെ എണ്ണം കേരളത്തിൽ വർധിച്ചതായി സർവേ ഫലം. സംസ്ഥാനത്തെ മൂന്നിൽ രണ്ട് അമ്മമാർ (64 ശതമാനം) പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ നൽകുന്നതായി ദേശീയ കുടുംബ ആരോഗ്യ സർവേ ഫലം വ്യക്തമാക്കുന്നു. 1993ൽ 14 ഉം 1999ൽ 43ഉം 2006ൽ 55ഉം ശതമാനമായിരുന്നു ഇൗ നിരക്ക്.
അതേസമയം, കുഞ്ഞുങ്ങൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുന്ന അമ്മമാരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞതായാണ് കണക്ക്. 2003ൽ 56 ആയിരുന്ന ഈ നിരക്ക് 2016ൽ 53 ആയി താഴ്ന്നു. അമ്മമാരിൽ വലിയൊരു പങ്ക് കുഞ്ഞുങ്ങൾക്ക് ആദ്യ ആറുമാസം വെള്ളം, പാലുൽപന്നങ്ങൾ, മറ്റ് ദ്രവരൂപത്തിെല ഭക്ഷണം എന്നിവ നൽകുന്നതായി സർവേയിൽ കണ്ടെത്തി. കുഞ്ഞുങ്ങൾക്ക് അണുബാധയുണ്ടാക്കാനിടയാക്കുന്ന അനാരോഗ്യകരമായ പ്രവണതയാണിതെന്ന് ശിശുരോഗവിദഗ്ധർ ചൂണ്ടിക്കാട്ടി.
ശിശുമരണം, രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവ കുറക്കാൻ നവജാതശിശുവിന് ജനിച്ച് ഒരു മണിക്കൂറിനകം മുലപ്പാൽ നൽകുക, നവജാതശിശുക്കൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുക എന്നിവ ആഗോളതലത്തിൽ തെളിയിക്കപ്പെട്ട മാർഗങ്ങളാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിൽ 13 ശതമാനവും മുലയൂട്ടലിലൂടെ തടയാനാകുെമന്ന് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കണക്കനുസരിച്ച്, കേരളത്തിലെ എല്ലാ അമ്മമാരും ആരോഗ്യപരമായ മുലയൂട്ടൽ ശീലമാക്കിയാൽ സംസ്ഥാനത്ത് പ്രതിവർഷം 800 കുട്ടികളുടെ മരണം തടയാനാകും.
മുലപ്പാൽ കുഞ്ഞിെൻറ അവകാശമാണെന്ന് യുനിസെഫ് കേരള -തമിഴ്നാട് മേധാവി ജോബ് സഖറിയ പറഞ്ഞു. കുഞ്ഞിെൻറ അതിജീവനവും പോഷണവും മുലപ്പാൽ ഉറപ്പാക്കുന്നു. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മുലയൂട്ടലിെൻറ പ്രാധാന്യം ഓർമിപ്പിച്ച് യുനിസെഫ് ആഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കും. ‘മുലയൂട്ടൽ സുസ്ഥിരമാക്കാൻ ഒരുമിക്കാം’ എന്നതാണ് വാരാചരണത്തിെൻറ ഇത്തവണത്തെ വിഷയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.