തിരുവനന്തപുരം: ആരോഗ്യമേഖലയിൽ ഇപ്പോഴുള്ള പരിശോധന സംവിധാനങ്ങൾവഴി രക്തദാനത്തിലൂടെ പകരുന്ന എച്ച്.െഎ.വി ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ തടയാനാവില്ലെന്ന് വിലയിരുത്തൽ. രാജ്യത്ത് 10-20 ശതമാനം പേർക്കെങ്കിലും രക്തദാനംവഴി മാരകരോഗങ്ങൾ പിടിപെടുന്നുണ്ട്. കുഞ്ഞുങ്ങൾ ഉൾപ്പെടെ പല പ്രായക്കാരും ഇതിൽപ്പെടും. ഇതുസംബന്ധിച്ച് നിരവധി പരാതികളും ഉയർന്നുവരുന്നുണ്ട്.
പൊലീസിനും മറ്റ് വകുപ്പുകൾക്കും അന്വേഷിക്കാമെന്നല്ലാതെ യഥാർഥ കാരണത്തിലേക്ക് കടക്കുക പ്രയാസകരമാണ്. രക്തദാനം ചെയ്ത ആളെ കണ്ടെത്താൻ കഴിഞ്ഞേക്കാം. എങ്കിലും ആ വ്യക്തിയെ പൊതുജന മധ്യത്തിൽ കൊണ്ടുവരുക അതിലും സങ്കീർണമാണ്. അതിനാൽ തന്നെ ഇത്തരം പരാതികളിന്മേൽ നിയമപരമായി ഒരു ശിക്ഷാനടപടിയും സ്വീകരിക്കാനുമാവില്ല. കേരളത്തിലും ഇത്തരം സംഭവങ്ങൾ ഒേട്ടറെ ഉണ്ടായിട്ടുണ്ട്. 2001ൽ തിരുവല്ലത്തെ ഒരു നവജാതശിശുവിന് രക്തം സ്വീകരിച്ചതുവഴി എച്ച്.െഎ.വി ബാധിച്ചതും ഇപ്പോൾ ആർ.സി.സിയിൽ ചികിത്സയിലുള്ള ബാലികക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.െഎ.വി ബാധിച്ചതുമാണ് ഏറെ വിവാദമായത്.
എസ്.എ.ടിയിൽ ചികിത്സയിലായിരുന്ന തിരുവല്ലത്തെ കുഞ്ഞ് രോഗം മൂർച്ഛിച്ച് പിന്നീട് മരിച്ചു. അന്നും കാടടച്ച് അന്വേഷണങ്ങൾ നടത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. നാല് രക്തദാതാക്കളെ അന്ന് കണ്ടെത്തിയിരുന്നു. പക്ഷേ, നിയമസാധുത ഇല്ലാത്തതിനാൽ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനും കഴിഞ്ഞില്ല. ഇപ്പോൾ നടക്കുന്ന ഇൗ അന്വേഷണങ്ങളും അപ്രകാരം കെട്ടടങ്ങാനാണ് സാധ്യത.
രക്തം സ്വീകരിക്കുന്നതുവഴി ഒരാളുടെ ശരീരത്തിൽ രോഗാണു പ്രവേശിച്ചാലും അവ പ്രത്യക്ഷപ്പെടുക അയാളുടെ പ്രതിരോധശേഷി കൂടി കണക്കിലെടുത്താണ്. അതിനാൽതന്നെ എത്ര ദിവസത്തിനുള്ളിൽ രോഗണു പ്രത്യക്ഷപ്പെടുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. പരമാവധി രോഗാണുസാധ്യത പരിശോധന വഴി കണ്ടെത്താനുള്ള ഗവേഷണങ്ങൾ നടന്നുവരുന്നതേയുള്ളൂ. നാറ്റ് പരിശോധനകൾ നടത്താൻകഴിയുന്ന ലാബുകൾ സ്ഥാപിക്കുക മാത്രമാണ് പോംവഴി. എങ്കിലും പൂർണമായും രോഗാണു സാന്നിധ്യം കണ്ടെത്തുക പ്രയാസകരമാണ്. നിലവിൽ രക്തദാനത്തിനെത്തുന്നവരുടെ സാമ്പിൾ പരിശോധനയിൽ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.െഎ.വി, സിഫിലിസ്, മലേറിയ എന്നീ രോഗങ്ങളുടെ സാധ്യതയാണ് പരിശോധിക്കുന്നത്. അതിൽ എച്ച്.െഎ.വി പരിശോധന സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.
ഒരാളിൽ എച്ച്.െഎ.വി അണുബാധ ഉണ്ടായാൽ ‘വിൻഡോ പീരീഡ്’ അതായത് നാലു മുതൽ 12 ആഴ്ചവരെയുള്ള കാലയളവിൽ പരിശോധന നടത്തിയാൽ അണുബാധ കണ്ടെത്താനാവില്ല. അതിന് ഒരുവിധമെങ്കിലും പരിഹാരമാവുക പി.സി.ആർ (പോളിമറേസ് ചെയിൻ റിയാക്ഷൻ) പരിശോധനയാണ്. അതിലും 100 ശതമാനം റിസൾട്ട് കിട്ടണമെന്നില്ല. മാത്രവുമല്ല, 35,000 മുതൽ 40,000 രൂപവരെ ചെലവുവരും. രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലും കേരള സ്റ്റേറ്റ് ഫോറൻസിക് ലബോറട്ടറിയിലുമാണ് ഇപ്പോൾ ഇൗ സംവിധാനം ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.