ന്യൂഡൽഹി: ആരോഗ്യപരിപാലന സൂചികയിൽ കേരളം ഏറെ മുന്നിൽ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെ നിതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരം. കുറഞ്ഞ ശിശുമരണ നിരക്ക്, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, ജനന-മരണ സന്തുലനം, കുറഞ്ഞ ചുറ്റുപാടിൽ കൂടുതൽ നേട്ടം എന്നിവയാണ് കേരളത്തെ ഒന്നാമതെത്തിച്ച ഘടകങ്ങൾ.
അതേസമയം, 2015നെ അപേക്ഷിച്ച് 2016ലെ വാർഷിക പുരോഗതിയുടെ അടിസ്ഥാനത്തിൽ കേരളം ഏറെ പിന്നിലുമാണ്. സമഗ്രമികവിൽ പഞ്ചാബ്, തമിഴ്നാട് സംസ്ഥാനങ്ങളാണ് കേരളത്തിന് തൊട്ടുപിന്നിൽ. ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. സംസ്ഥാനങ്ങളെ മൂന്നായി തിരിച്ചാണ് പഠനം നടത്തിയത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലായിരുന്നു കേരളം. വാർഷിക പുരോഗതിയുടെ അടിസ്ഥാനത്തിൽ ഝാർഖണ്ഡ്, ജമ്മു-കശ്മീർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലെത്തി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മിസോറമും കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിൽ ലക്ഷദ്വീപുമാണ് സൂചികയിൽ മുന്നിൽ.
ഒഴിഞ്ഞുകിടക്കുന്ന പ്രധാന തസ്തികകൾ നികത്തുക, ജില്ല കാർഡിയാക് കെയർ യൂനിറ്റുകൾ കാര്യക്ഷമമാക്കുക, പൊതു ആരോഗ്യസംവിധാനം കുറ്റമറ്റതാക്കുക, സ്ത്രീ-പുരുഷ അനുപാതം ഉയർത്തുക തുടങ്ങിവ പൂർത്തീകരിക്കുന്നതിന് സംസ്ഥാനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദൻ, ലോക ബാങ്കിെൻറ ഇന്ത്യ ഡയറക്ടർ ജുനൈദ് അഹമ്മദ് എന്നിവർ ആരോഗ്യ റിപ്പോർട്ട് പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.