സ്റ്റെന്‍റ് വില വെബ്സൈറ്റില്‍ നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റെന്‍റിന്‍െറ വില നിയന്ത്രിച്ചപ്പോള്‍ കൃത്രിമക്ഷാമം സൃഷ്ടിച്ചും മറ്റും പ്രതികരിക്കുന്ന ആശുപത്രികള്‍ക്കും നിര്‍മാണ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും മൂക്കുകയറിടാന്‍ കൂടുതല്‍ നടപടികളുമായി ദേശീയ ഒൗഷധ വില നിയന്ത്രണ അതോറിട്ടി (എന്‍.പി.പി.എ) രംഗത്ത്.
സ്റ്റെന്‍റിന് ഈടാക്കുന്ന പരമാവധി വില അടക്കമുള്ള വിവരങ്ങള്‍  വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ അതോറിട്ടി നിര്‍ദേശിച്ചു. സ്റ്റെന്‍റ് കിട്ടാനില്ളെങ്കില്‍ അക്കാര്യം അതോറിട്ടിയെ അറിയിക്കണം.

ആശുപത്രികള്‍, നഴ്സിങ് ഹോം, ക്ളിനിക്, കാര്‍ഡിയാക് സെന്‍റര്‍ എന്നിവയെല്ലാം സ്റ്റെന്‍റിന് നികുതി അടക്കം ഈടാക്കുന്ന പരമാവധി വില മൂന്നു ദിവസത്തിനകം പ്രദര്‍ശിപ്പിക്കണം. ഏതു ബ്രാന്‍റ്, സ്റ്റെന്‍റിന്‍െറ മറ്റു വിശദാംശങ്ങള്‍, നിര്‍മാണ-വിപണന കമ്പനികളുടെ പേര് തുടങ്ങിയവയും നല്‍കിയിരിക്കണം. നിര്‍മാതാക്കള്‍, വിപണനക്കാര്‍, ഇറക്കുമതിക്കാര്‍ എന്നിവരും വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ നല്‍കണം.

സ്റ്റെന്‍റിന്‍െറ പേരില്‍ ഹൃദ്രോഗികളെയും ബന്ധുക്കളെയും പിഴിയുന്ന ആശുപത്രികളെയും നിര്‍മാതാക്കളെയും അടുത്തയിടെയാണ് മൂക്കുകയറിട്ടത്. മൂന്നു വര്‍ഷമായി ബിരേന്ദര്‍ എന്ന അഭിഭാഷകന്‍ നടത്തിയ നിയമ പോരാട്ടത്തെ തുടര്‍ന്ന് ഡല്‍ഹി ഹൈകോടതിയാണ് സ്റ്റെന്‍റുകളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് കൃത്യമായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാറും ദേശീയ ഒൗഷധ വില നിയന്ത്രണ അതോറിട്ടിയും നിര്‍ബന്ധിതമായി.

85 ശതമാനമാണ് സ്റ്റെന്‍റ് വില കുറച്ചത്. ബെയര്‍ മെറ്റല്‍ സ്റ്റെന്‍റിന് ഇപ്പോള്‍ ഈടാക്കാവുന്ന പരമാവധി വില 7260 രൂപയാണ്. ഡ്രഗ് എല്യൂഡിങ് സ്റ്റെന്‍റിന് ഈടാക്കാവുന്നത് 31,080 രൂപയാണ്. വാറ്റ്, പ്രാദേശിക നികുതികള്‍ എന്നിവ അടക്കമാണിത്.

Tags:    
News Summary - stent price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.