കുവൈത്ത് സിറ്റി: രാജ്യം കടുത്ത തണുപ്പു സീസണിലൂടെ കടന്നുപോകുകയാണ്. വരും ദിവസങ്ങളിലും തണുപ്പ് വർധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നീരീക്ഷണം. ഈ ഘട്ടത്തിൽ വിവിധ രോഗങ്ങൾക്കും കാരണമാകും. തണുപ്പുകാലത്ത് ആരോഗ്യ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖമുള്ളവർ. ഹൃദയസംബന്ധമായ രോഗങ്ങൾ മിക്കവരിലും കൂടുതൽ പ്രകടമാകുന്നത് തണുപ്പു കാലത്താണ്.
തണുത്ത താപനില രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നു. ഇത് രക്തസമ്മർദം വർധിപ്പിക്കുകയും രക്തം പമ്പ് ചെയ്യാൻ ഹൃദയത്തെ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു. ജോലി സമ്മർദ്ദം, മാറുന്ന ദിനചര്യകൾ, ഉറക്ക കുറവ്, മദ്യപാനം എന്നിവ ഹൃദയത്തിന്റെ പ്രവർത്തനത്തിന് വില്ലനാകും. കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഹൃദ്രോഗമുള്ളവർക്കും അപകട സാധ്യത കൂടുതലുമാണ്.
ഹൃദയാഘാതത്തിന്റെയോ സ്ട്രോക്കിന്റെയോ ലക്ഷണങ്ങൾ കണ്ടാൽ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നെഞ്ചിലെ അസ്വസ്ഥത, ശ്വാസംമുട്ടല്‍, തലകറക്കം, ക്ഷീണം, വിറയല്‍, ഉത്കണ്ഠ, കാഴ്ച മങ്ങല്‍ തുടങ്ങിയ പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉടൻ വൈദ്യസഹായവും തേടണം. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുള്ളവരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തണം.
തണുപ്പു സീസണിലും വ്യായാമം മുടക്കരുത്. വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ദിവസവും ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ഇത് ശരീരത്തിനും മനസ്സിനും ഉന്മേഷം ഉണ്ടാക്കും. ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. വെള്ളം ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഊർജനില നിലനിർത്തുകയും ചെയ്യും.
അനാരോഗ്യകരമായ ഭക്ഷണരീതിയും രോഗങ്ങൾ വരുത്താം. കട്ടിയുള്ള തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടുള്ളതാക്കി നിലനിർത്തുന്നത് തണുപ്പുകാലത്ത് ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ നല്ലതാണ്.
തണുത്ത വെള്ളത്തിലെ കുളിയും ഒഴിവാക്കണം. ഇടക്കിടക്ക് ചൂടുവെള്ളവും കുടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.