തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലീനിയര്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (ഇബസും), റേഡിയല്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് മെഷീനുകള്‍ സ്ഥാപിക്കാന്‍ 1,09,92,658 രൂപ അനുവദിച്ചതായി മന്ത്രി വീണ ജോര്‍ജ്. ശ്വാസകോശ കാന്‍സര്‍ വളരെ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയുന്ന ഈ നൂതന മെഷീനുകള്‍ പള്‍മണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കൂടി ഈ സംവിധാനം യാഥാർഥ്യമാകുകയാണ്. അതിനാല്‍ ആർ.സി.സിയിലെ രോഗികള്‍ക്കും ഇത് സഹായകരമാകും. പള്‍മണോളജി വിഭാഗത്തില്‍ ഡി.എം. കോഴ്‌സ് ആരംഭിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ശ്വാസനാള പരിധിയിലുള്ള കാന്‍സര്‍ കണ്ടെത്തുന്നതിന് ഏറെ സഹായിക്കുന്ന ഉപകരണങ്ങളാണ് ലീനിയര്‍ ഇബസും റേഡിയല്‍ ഇബസും. ശ്വാസകോശ കാന്‍സര്‍ വര്‍ധിച്ചു വരുന്നതിനാല്‍ വളരെപ്പെട്ടന്ന് കണ്ടെത്തി ചികിത്സിക്കാനാകും. ഈ മെഷീനുകളിലെ അള്‍ട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അതിസൂക്ഷ്മമായ കാന്‍സര്‍ പോലും കണ്ടെത്താന്‍ സാധിക്കും.
റേഡിയല്‍ ഇബസ് മെഷീനിലൂടെ ഒരു സെന്റീമിറ്റര്‍ വലിപ്പമുള്ള ശ്വാസകോശ കാന്‍സര്‍ പോലും കണ്ടെത്താനാകും. തൊണ്ടയിലെ കാന്‍സര്‍ ശ്വാസനാളത്തില്‍ പടര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും സാധിക്കും. കാന്‍സറിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കുന്നതിലൂടെ ഓപ്പറേഷന്‍ വേണോ കീമോതെറാപ്പി വേണോ എന്ന് തീരുമാനിക്കാനും സാധിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50,000ത്തോളം രൂപ ചെലവുവരുന്ന ഈ സംവിധാനം മെഡിക്കല്‍ കോളജില്‍ യാഥാർഥ്യമാകുന്നതോടെ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.