തീപിടിച്ച മനസ്സുകള്‍

ഒരു വ്യക്തിയുടെ ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എനിവയില്‍ മസ്തിഷ്ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകള്‍ മൂലമാണ് സ്കീസോഫ്രീനിയ എന്ന മനോരോഗം ഉണ്ടാവുന്നത്. 
ഇന്ത്യയില്‍ ഒരു കോടിയിലധികം ജനങ്ങള്‍ക്ക് ഈ അസുഖമുണ്ട്. കേരളത്തില്‍ ഏകദേശം മൂന്നുലക്ഷം ജനങ്ങള്‍ക്ക് ഈ രോഗമുണ്ട്. 20നും 30നും ഇടക്കു വയസ്സുള്ള യുവതീയുവാക്കളെ ഈ രോഗം ഒരുപോലെ ബാധിക്കുന്നു.

രോഗത്തിനുള്ള കാരണങ്ങള്‍
ജീവശാസ്ത്രപരമായ ഘടകങ്ങള്‍ പ്രധാനമായും മസ്തിഷ്കത്തിലെ ജീവരാസ വ്യവസഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ചും നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമില്‍ എന്ന പദാര്‍ഥത്തിന്‍െറ അളവു കൂടുന്നതാണ് സ്കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം. ഇതുകൂടാതെ പാരമ്പര്യത്തിനുള്ള സാധ്യതയും ഈ അസുഖത്തിന് കൂടുതലാണ്. മനശാസ്ത്രപരാമായ വസ്തുതകള്‍, കുടുംബപ്രശ്നങ്ങള്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക സാംസ്കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖം ഉണ്ടാക്കുകയില്ല. മറിച്ച് ആക്കം കൂട്ടുന്നു.

രോഗലക്ഷണങ്ങള്‍
സ്കീസോഫ്രീനിയ ഒരാളുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്നു.  ഈ അസുഖം തുടങ്ങുന്നത് പെട്ടന്നല്ല, ക്രമേണയാണ്. അസുഖത്തിന് ഒരായിരും മുഖങ്ങളുണ്ട്.
1. ഒന്നിലും താല്‍പര്യമില്ല, മറ്റുള്ളവരില്‍നിന്നും ഒഴിഞ്ഞുമാറുക, പഠനം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്‍പര്യക്കുറവും.
2. സംശയസ്വഭാവം. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നു, പിന്തുടരുന്നു, ബാഹ്യശക്തികള്‍ തന്‍െറ ചിന്തകളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയുമില്ലാത്ത ചിന്തകള്‍.
3. മിഥ്യാനുഭവങ്ങള്‍. മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക.
4. വൈകാരിക മാറ്റങ്ങള്‍. ഭയം ഉത്കണ്ഠ, നിര്‍വികാരത, കരണമില്ലാതെ ചിരിക്കുക, കരയുക.
5. ഇല്ലാത്ത വ്യക്തികളുമായി സംസാരിക്കുക, ബന്ധമില്ലാത്ത അര്‍ഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്ഠകള്‍ കാണിക്കുക, ആത്മഹത്യാ പ്രവണത.

സ്കീസോഫ്രീനിയയുടെ ഗതി
സ്കീസോഫ്രീനിയ രോഗിയില്‍ 30-40 ശതമാനം വരെ പൂര്‍ണമായും രോഗമുക്തി നേടുമ്പോള്‍ 30-40 ശതമാനം പേര്‍  തുടര്‍ച്ചയായ പരിചരണത്തിന്‍െറയും  മരുന്നുകളുടെയും സഹായത്താല്‍ ഏറെക്കുറെ മുന്നോട്ടുപോകാന്‍ കഴിവുള്ളവരാണ്.

ചികിത്സാരീതികള്‍
ആരംഭദശയില്‍തന്നെ ചികിത്സ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള      സാധ്യത  കൂടുതലാണ്. സ്കീസോഫ്രീനിയക്ക് ഒൗഷധ ചികിത്സ, മന$ശാസ്ത്ര ചികിത്സ, അസുഖത്തെക്കുറിച്ചുള്ള ബോധവത്കരണം, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്. ഇത്തരത്തില്‍ പൂര്‍ണമായ ചികിത്സക്ക് സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് നഴ്സ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ പരസ്പരധാരണയോടുകൂടിയ കൂട്ടായ ചികിത്സയാണ് അഭികാമ്യം.

ഒൗഷധ ചികിത്സ
ആന്‍റി സൈക്കോട്ടിക് ഒൗഷധങ്ങള്‍ രോഗിയുടെ മസ്തിഷ്കകോശങ്ങളിലെ രാസമാറ്റങ്ങളെ സാധാരണ രീതിയിലാക്കുന്നു. പഴയകകാല ഒൗഷധങ്ങളായ ക്ളോര്‍പ്രോമസിന്‍, ട്രൈഫ്ളുപെറാസിന്‍, ഹാലോപരിഡോര്‍ എന്നിവക്കു പുറമേ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഒൗഷധങ്ങായ റിസ്പെരിഡോണ്‍, ഒളാന്‍സപിന്‍, ക്വറ്റിയാപ്പില്‍, അരിപിപ്രസോള്‍, ക്ളോസപ്പിന്‍ എന്നിവ ഇന്ന് ലഭ്യമാണ്. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന രോഗികള്‍ക്കായി ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതും മാസത്തിലൊരിക്കല്‍ ഇന്‍ജക്ഷന്‍ രൂപത്തില്‍ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.
അക്രമവാസനയും ആത്മഹത്യാ പ്രവണതയുമുള്ള രോഗികള്‍ക്ക് മോഡിഫൈഡ് ഇ.സി.റ്റി (അനസ്തേഷ്യ കൊടുത്ത് മയക്കി കിടത്തിയുള്ള ഷോക്ക് ചികിത്സ) ഫലപ്രദമായ ചികിത്സാരീതയാണ് ഇവ രോഗം വീണ്ടും വരുന്നത് തടയുവാന്‍ ദീര്‍ഘകാല ചികിത്സ വളരെ ആവശ്യമാണ്.

സൈക്കോതെറാപ്പി
സൈക്യാട്രിസ്റ്റോ, സൈക്കോളജിസ്റ്റോ ആയി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങള്‍ രോഗിയുടെ മാനസിക ക്ളേശങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഗണ്യമായ പരിഹാരം നല്‍കും. രോഗിക്ക് സമൂഹത്തില്‍ മറ്റുള്ളവരുമായി ആരോഗ്യകരമായി എങ്ങനെ ബന്ധപ്പെടാം എന്നത് ഇത്തരം തെറാപ്പി കാണിച്ചുകൊടുക്കുന്നു.

പുനരധിവാസ ചികിത്സ
രോഗിക്ക് സ്വന്തം കാലില്‍ നില്‍ക്കാനും തന്‍െറ കഴിവിനനുസരിച്ച് സ്വന്തമായി വരുമാനം ഉണ്ടാക്കാനും സമൂഹത്തിന്‍െറ സാധാരണ വ്യക്തികളെപ്പോലെ ജീവിക്കുന്നതിനും മുഖ്യധാരയിലേക്ക് എത്തിപ്പെടാനും പുനരധിവാസം അതിപ്രധാനമാണ്.

ഫാമിലി തെറാപ്പി
അസുഖത്തെക്കുറിച്ചും അസുഖലക്ഷണങ്ങളെക്കുറിച്ചും ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും രോഗിയോട് കുടുംബാംഗങ്ങള്‍ പെരുമാറേണ്ട രീതികളെക്കുറിച്ചും നടത്തുന്ന വിശദമായ ചര്‍ച്ചകളാണ് ഫാമിലി തെറാപ്പിയില്‍ പ്രധാനം.

ഫാമിലി സപോര്‍ട്ട് ഗ്രൂപ്പുകള്‍
സ്കീസോഫ്രീനിയ രോഗികളുടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നുള്ള സംഘടനകളാണ് ഇവ. സ്കീസോഫ്രീനിയ രോഗികളുടെ പുനരധിവാസത്തിലും തുടര്‍പരിചാരണത്തിലും ദൂരവ്യാപകമായി ഫലങ്ങള്‍ ഉളവാക്കുന്ന പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതിനും ഇത്തരം സംഘടനകള്‍ക്ക് കഴിയുന്നു. മാത്രമല്ല സ്കീസോഫ്രീനിയ അസുഖത്തെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കാനും രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും ഇത്തരം സംഘടനകള്‍ ആവശ്യമാണ്.

കുടുംബാംഗങ്ങളുടെയും ശുശ്രൂഷകരുടെയും പങ്ക്
രോഗിയെ ശുശ്രുഷിക്കുന്ന ആള്‍ എന്ന നിലയില്‍ പരിചാരകള്‍ രോഗിയും ചികിത്സിക്കുന്ന ആളുമായി യോജിച്ച് പ്രവര്‍ത്തിക്കണം. ആവശ്യങ്ങള്‍ മനസ്സിലാക്കി ഓരോ കാര്യങ്ങളും പതുക്കെ പടിപടിയായി ചെയ്യുക.
രോഗിക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കുക. അതേസമയം ആവശ്യമെങ്കില്‍ രോഗിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുകയോ ആവശ്യത്തില്‍ കൂടുതല്‍ അവരുടെ കാര്യങ്ങളില്‍ ഇടപെടുകയോ കുറ്റം പറയുകയോ അരുത്.
രോഗിയുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക, ക്ഷമശീലം പുലര്‍ത്തുക,  മറ്റു വ്യക്തികളുടെ ജോലിയിലോ സ്കൂളിലോ സാമൂഹ്യജീവിതത്തിലോ ഉള്ള വിജയവുമായി രോഗിയെ താരതമ്യം ചെയ്യാതിരിക്കുക.
മരുന്നു കഴിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക. രോഗിയെ ശൂശ്രൂഷിക്കുന്ന ആള്‍ എന്ന നിലയില്‍ നിങ്ങളുടെ ബന്ധു ചികിത്സകന്‍െറ നിര്‍ദേശാനുസരണം മരുന്ന് കഴിക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. പുറകെ നടന്നു ശല്യം ചെയ്യുകയോ കുറ്റം  പറയുകയോ ചെയ്യാതെ ചെയ്ത കാര്യങ്ങള്‍ക്ക് പ്രശംസിച്ച് സമയത്തിന് മരുന്ന് കഴിക്കാന്‍ ഓര്‍മപ്പെടുത്തുക.
സമൂഹഭാവിയില്‍ രോഗിക്ക് നേടാവുന്ന സാധ്യമായ പരിമിതമായ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകക, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.
പുരോഗതി, അത് ആശിച്ചതിലും കുറവാണെങ്കിലും അറിഞ്ഞ് പ്രോത്സാഹിപ്പിക്കുക, ഏതെങ്കിലും കോഴ്സില്‍ പഠിക്കുന്നതിനോ പാര്‍ട്ട് ടൈം സേവനമോ ആകാം.
സമ്മര്‍ദം കുറക്കാനുള്ള  മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കുക. ഒട്ടുമിക്കവരും സാധാരണ ജീവിതത്തില്‍ നേരിടുന്ന സമ്മര്‍ദങ്ങളും പ്രയാസങ്ങളും ഒരു രോഗിക്ക് താങ്ങാവുന്നതിലും കൂടുതലായിരിക്കും. സമ്മര്‍ദം മനോരോഗികള്‍ക്ക് രോഗം കൂടാന്‍ ഇടയാകും.
ചികിത്സിക്കുന്ന ആളുകളും രോഗികളുമായി ആശയ വിനിമയം നടത്തണം. ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവരുമായി കാര്യങ്ങള്‍ സംസാരിക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും വളരെ പ്രധാനമാണ്. 
രോഗം മൂര്‍ച്ഛിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കി മാറിയ രോഗം വീണ്ടും വരാതെ നോക്കുക. എല്ലാം കാര്യങ്ങളിലും താല്‍പര്യം കുറയുക, കൂടുതല്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബുദ്ധിമുട്ട് തോന്നുക. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രയാസപ്പെടുക. ഉറക്കം കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ രോഗിയില്‍ കാണുകയോ ചില പ്രത്യേകമായ വിചാരങ്ങളും വികാരങ്ങളും പ്രവര്‍ത്തികളും പ്രകടിപ്പിക്കുകയോ ചെയ്താല്‍ ഉടനെ ചികിത്സകനുമായി ബന്ധപ്പെടുക. എത്രയും വേഗം വിദഗ്ധ ചികിത്സ  നല്‍കുന്നത് രോഗം വീണ്ടും വരുന്നത് തടയാനാവും.

ലേഖകന്‍ മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജി മനോരോഗ വിഭാഗം പ്രൊഫസറാണ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.