കലഹപ്രിയരായ കുട്ടികളും മാതാപിതാക്കളുടെ ആശങ്കകളും

അടുത്തിടെയാണ് കാനഡയെ ഞെട്ടിച്ച് ആ വാര്‍ത്തയത്തെിയത്. അതിമിടുക്കിയും കുടുംബത്തിന്‍െറ പൊന്നോമനയുമായ ഡെസിറെ ഷാനോണ്‍ എന്ന ഹൈസ്കൂള്‍ വിദ്യാര്‍ഥിയെ ചുറ്റിപ്പറ്റിയായിരുന്നു സംഭവം. വിശ്വാസങ്ങളില്‍ നിഷ്ഠപുലര്‍ത്തുന്ന ക്രിസ്ത്യന്‍ കുടുംബത്തില്‍ വളര്‍ന്ന ബാലിക പരീക്ഷയടുത്ത സമയത്ത് കാമുകനൊത്ത് ഒളിച്ചോടിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ എല്ലാ വിഷയങ്ങളിലും എപ്ളസ് നേടി അധ്യാപകരുടെയും സഹപാഠികളുടെയും കണ്ണിലുണ്ണിയായ ഡെസിറെ ഒളിച്ചോടിയതാകട്ടെ അസാന്‍മാര്‍ഗികപ്രവൃത്തികളുടെ പേരില്‍ പൊലീസ് തിരയുന്ന കുപ്രസിദ്ധ ക്രിമിനലിനൊപ്പം. ഒരു കുട്ടിയെ മര്‍ദിച്ചവശനാക്കിയ കേസിലുള്‍പ്പെടെ ഇയാള്‍ പ്രതി. മാതാപിതാക്കളും ഇടവകയും പൊലീസും ചേര്‍ന്ന് നടത്തിയ ഊര്‍ജിത തിരച്ചിലിനൊടുവില്‍ ഡെസിറെയെ കണ്ടത്തെുമ്പോഴേക്ക് രണ്ടാഴ്ച പിന്നിട്ടിരുന്നു.
ഓരോ രക്ഷിതാവിന്‍െറയും നെഞ്ചകം പിളര്‍ക്കും ഇതുപോലുള്ള വാര്‍ത്തകള്‍. തീര്‍ത്തും നിഷ്കളങ്കയായ, അപകടങ്ങളില്‍ ചാടാതിരിക്കാന്‍ പക്വതയുണ്ടെന്ന് തോന്നിച്ച പെണ്‍കുട്ടിയാണ് ഇവിടെ നാശത്തിന് സ്വയം തലവെച്ചുകൊടുത്തിരിക്കുന്നത്. ഇത് എന്‍െറ മകള്‍ക്കും സംഭവിക്കുമോ? -രക്ഷിതാക്കളുടെ ആധിക്ക് അതിരുകളില്ല.
ഉപദേശം തേടിയത്തെുന്ന കൗമാരക്കാരെയും രക്ഷിതാക്കളെയും കണ്ടുതുടങ്ങിയിട്ട് കാല്‍നൂറ്റാണ്ടിലേറെയായതിനാല്‍ അവരുടെ പ്രശ്നങ്ങളൊക്കെയും എനിക്ക് മന$പാഠമാണ്. ലൈംഗികത, മയക്കുമരുന്ന്, കലാലയത്തില്‍നിന്ന് പുറത്താക്കല്‍, ഒളിച്ചോട്ടം, പരിഗണനക്കുറവ്, കാര്‍ അപകടങ്ങള്‍, സഹപാഠികളില്‍ നിന്നുള്ള സമ്മര്‍ദം... അങ്ങനെ പോകുന്നു അവ.
കൗമാരക്കാരെ എങ്ങനെ വളര്‍ത്തണമെന്ന് മാര്‍ക് ട്വയിന്‍ ഒരിടത്ത് പറയുന്നുണ്ട്:
 ‘കുട്ടി 13ലത്തെിയാല്‍ പിന്നെ അവനെ പിടിച്ച് ഒരു വീപ്പയിലടച്ചേക്കണം. എന്നിട്ട് ചെറിയ ദ്വാരമിട്ട് ഭക്ഷണം അതിലൂടെ നല്‍കണം. അവന്‍ 16ലത്തെുന്നതോടെ ആ ദ്വാരവും അങ്ങ് അടച്ചേക്കണം’. കൗമാര ദശയിലെ പ്രശ്നങ്ങള്‍ എളുപ്പം മറികടക്കാന്‍ ചിലര്‍ക്കെങ്കിലും ഇത് നല്ല ഉപായമായി തോന്നുന്നുണ്ടാകും. പക്ഷേ, ഇങ്ങനെ മറികടക്കേണ്ടതാണോ കൗമാരത്തിലെ പ്രശ്നങ്ങള്‍?

കൗമാര കലഹം: ചില വസ്തുതകള്‍
കൗമാരത്തില്‍ മക്കള്‍ പ്രശ്നക്കാരാകുന്നത് ഒഴിവായിക്കിട്ടണേയെന്നാണ് ഓരോ രക്ഷിതാവിന്‍െറയും പ്രാര്‍ഥന. സ്വന്തം മക്കള്‍ തെറ്റായ തീരുമാനങ്ങളിലേക്ക് എടുത്തുചാടി പ്രശ്നങ്ങളുടെ നടുക്കയത്തില്‍ ഉഴറാന്‍ ഏതു രക്ഷിതാവാണ് കൊതിക്കുക? അതുകൊണ്ടാണ്, ‘എന്‍െറ മകന്‍ ശരിയായ വഴിയില്‍ തന്നെയെന്ന് ഉറപ്പാക്കാന്‍ വഴിയുണ്ടോ’ എന്നു ചോദിച്ച് എന്നെ സമീപിക്കുന്ന രക്ഷിതാക്കളുടെ എണ്ണം ഏറിവരുന്നത്. കൗമാരക്കാരുടെ കലഹസ്വഭാവം കൃത്യമായി മനസ്സിലാക്കി ആവശ്യമായത് ചെയ്യാന്‍ ചില കാര്യങ്ങള്‍ അക്കമിട്ടു പറയാം.

  1. കൗമാരക്കാര്‍ പ്രശ്നക്കാരാവുന്നത് സ്വാതന്ത്ര്യം കൊതിച്ചുതുടങ്ങുമ്പോഴാണ്. വളര്‍ച്ചയുടെ ഭാഗമായി വരുന്ന ഒരു സ്വഭാവം. എന്നുവെച്ചാല്‍, കുട്ടികള്‍ ഈ ഘട്ടത്തിലൂടെ കടന്നുപോവുക തന്നെചെയ്യും. എല്ലാവരും ഒരിക്കലല്ളെങ്കില്‍ മറ്റൊരിക്കല്‍ നാം വരച്ച അതിരുകള്‍ക്കപ്പുറത്ത് കടന്നിരിക്കും. കുട്ടികളുടെ വ്യക്തിത്വത്തിനുസരിച്ച് അളവില്‍ മാറ്റമുണ്ടാകുമെന്നുമാത്രം. ഇതുപക്ഷേ, വലിയ പ്രതിസന്ധിയായി കാണേണ്ട ഒന്നല്ല. ബാല്യത്തില്‍നിന്ന് പ്രായപൂര്‍ത്തിയിലേക്കുള്ള പരിവര്‍ത്തനത്തിനിടെ സംഭവിക്കുന്ന ജൈവികപ്രക്രിയ മാത്രമാണത്.  
  2.  സമ്പൂര്‍ണ സ്വാതന്ത്ര്യസ്വപ്നങ്ങളുമായി തുലനംചെയ്താല്‍ ഇത്തരം കൊച്ചു കലഹങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കലാണ് നല്ലത്. ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച്, തീരുമാനമെടുക്കാന്‍ ഭയപ്പാടുമായി വീട്ടിലൊതുങ്ങിക്കഴിയുന്ന കുട്ടിയെ ആകും അല്ലാത്തപക്ഷം നാം കാണുക.
  3. കൗമാരത്തിലേക്ക് കടക്കുന്നതോടെ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. ചുറ്റുമുള്ള ലോകത്തെ ചോദ്യംചെയ്ത് സ്വന്തം വിശ്വാസങ്ങളും പ്രവൃത്തികളും അവന്‍ രൂപപ്പെടുത്തിയെടുക്കണം. പരിചയക്കുറവുള്ളതിനാല്‍ തെറ്റുപറ്റുക സ്വാഭാവികം. പക്ഷേ, പലതവണ വീണ ശേഷമല്ളേ, ഒരു കുട്ടി നടക്കാന്‍ പഠിക്കൂ.
  4. പക്വത ആര്‍ജിക്കാന്‍ ഇത്തരം സ്വഭാവം പ്രോത്സാഹിപ്പിക്കലാണ് നല്ലതെന്നുവെച്ച് ജീവിതത്തെക്കുറിച്ച അയഥാര്‍ഥമായ പ്രതീക്ഷകള്‍ അവനുമേല്‍ ഒറ്റയടിക്ക് അടിച്ചേല്‍പിക്കാതെ ശ്രദ്ധിക്കണം. പകരം ജീവിതത്തിലെ ഉത്തരവാദിത്തങ്ങള്‍ ഘട്ടംഘട്ടമായി പകര്‍ന്നുനല്‍കണം.
  5.  കൂട്ടുകാരില്‍ നിന്നാണ് അവര്‍ വിപ്ളവ മാതൃകകള്‍ ആര്‍ജിക്കുന്നത്. ചങ്ങാതിമാര്‍ എന്തു ചെയ്യുന്നോ അതുതന്നെ അനുകരിക്കാനാവും മോഹം. കൂട്ടുകെട്ടിന്‍െറ ദൂഷിതവലയങ്ങളില്‍ നിന്നകറ്റി നല്ല സൗഹൃദങ്ങളിലേക്ക് അവനെ വഴിനടത്താനായാല്‍ ഇതിലെ അപകടങ്ങളൊഴിവാക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.