മാനസികപ്രശ്നങ്ങളെയും മനഃശാസ്ത്ര ചികിത്സയെയും കുറിച്ചുള്ള പൊതുവായ സംശയങ്ങൾക്ക് വിദഗ്ധ മറുപടി
നമ്മുടെ തലച്ചോറിെൻറ പ്രവർത്തനങ്ങളായ ചിന്തകൾ, ഓർമകൾ, വികാരങ്ങൾ, സംവേദനങ്ങൾ എന്നിവയുടെയൊക്കെ ആകത്തുകയാണ് ‘മനസ്സ്’. മനസ്സിെൻറ പ്രവർത്തനങ്ങൾ പെരുമാറ്റങ്ങളായാണ് നമുക്ക് പ്രകടമാകുന്നത്. ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും വ്യക്തിബന്ധങ്ങളെയും തൊഴിലിനെയും ദോഷകരമായി ബാധിക്കുന്ന രീതിയിൽ അയാളുടെ പെരുമാറ്റം വഷളാകുമ്പോഴാണ് നാമതിനെ ‘മനോരോഗം’ അഥവ മാനസികപ്രശ്നം എന്നു വിളിക്കുന്നത്. ഉദാഹരണത്തിന്, ഭയം ഒരു സാധാരണ വികാരമാണ്. എന്നാൽ, ചുറ്റുപാടുള്ള ആളുകളെല്ലാം തന്നെ ഉപദ്രവിക്കാൻ വരുന്നുവെന്ന് തെറ്റായി ധരിച്ച് ഭയപ്പെട്ട് അവരെ ആക്രമിക്കുന്ന അവസ്ഥയെ മനോരോഗം എന്നു വിളിക്കാം.
മനോരോഗങ്ങളെ പൊതുവേ രണ്ടായി തരംതിരിക്കാം. ആദ്യ വിഭാഗം രോഗങ്ങളിൽ, രോഗിക്ക് രോഗമുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുകയില്ല. പ്രധാനമായും ‘ചിത്തഭ്രമ’ (Psychosis) വിഭാഗത്തിൽപെടുന്ന സംശയരോഗം, സ്കിസോഫ്രീനിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപെട്ടത്. എന്നാൽ, രണ്ടാം വിഭാഗം രോഗങ്ങളിൽ രോഗിക്ക് തനിക്ക് രോഗമുണ്ടെന്ന തിരിച്ചറിവുണ്ടാകും. ഇക്കാരണംകൊണ്ട് ഡോക്ടറെ കണ്ട് ചികിത്സ തേടാൻ രോഗി സന്നദ്ധനാകും. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങൾ, ഒബ്സസിവ് കംപൽസിവ് ഡിസോർഡർ (ഒ.സി.ഡി), പൊരുത്തപ്പെടൽ പ്രശ്നങ്ങൾ എന്നിവയൊക്കെ ഇക്കൂട്ടത്തിൽ വരും. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പെരുമാറ്റപ്രശ്നങ്ങൾ തുടങ്ങിയവയും മനോരോഗങ്ങളുടെ പട്ടികയിൽപെടും. കുട്ടികളിൽ കാണുന്ന അമിതവികൃതി (എ.ഡി.എച്ച്.ഡി), പഠനവൈകല്യങ്ങൾ, ഓട്ടിസം, ബുദ്ധിവളർച്ചക്കുറവ് തുടങ്ങിയവയും സാധാരണ കാണപ്പെടുന്ന മാനസികപ്രശ്നങ്ങളാണ്.
ചെറിയതോതിലുള്ള ടെൻഷനും പിരിമുറുക്കവും മനുഷ്യസഹജമാണ്. എന്നാൽ, പിരിമുറുക്കം വല്ലാതെ കൂടി ജോലിയിലും ദൈനംദിന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരുമ്പോൾ ആ അവസ്ഥയെ രോഗമായി കാണാം. അമിതമായ ഉത്കണ്ഠമൂലം പൊടുന്നനെ അമിതമായ നെഞ്ചിടിപ്പ്, വിറയൽ, താനിപ്പോൾ വീണു മരിച്ചുപോകുമെന്ന തോന്നൽ, ആളുകളെ നേരിടാൻ ഭയം, ഉത്തരവാദിത്തങ്ങളിൽനിന്ന് ഉൾവലിയുക എന്നിവയൊക്കെ പ്രകടമായാൽ ഉത്കണ്ഠാ രോഗം ഉണ്ടെന്നു സംശയിക്കാം. തുടർച്ചയായ സങ്കടം, ജോലികൾ ചെയ്യാൻ താൽപര്യമില്ലായ്മ, കാരണമില്ലാത്ത ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, നിരാശ, ആത്മഹത്യപ്രവണത എന്നിവ പ്രകടമായാൽ ചികിത്സ ആവശ്യമായ വിഷാദരോഗം സംശയിക്കണം.
കുട്ടികളിൽ കാണപ്പെടുന്ന പ്രശ്നങ്ങളെ മൂന്നായി തരംതിരിക്കാം. ബാഹ്യമായി പ്രകടമാവുന്ന പെരുമാറ്റ പ്രശ്നങ്ങളായ എ.ഡി.എച്ച്.ഡി, കോൺഡക്ട് ഡിസോർഡർ, ഒപ്പോസിഷനൽ ഡെഫിയൻറ് ഡിസോർഡർ, ഇൻറർമിറ്റൻറ് എക്സ്പ്ലോസിവ് ഡിസോർഡർ എന്നിവയൊക്കെയാണ് ആദ്യ വിഭാഗത്തിൽപെടുന്നത്. ആന്തരികമായി മാനസിക സംഘർഷം വല്ലാതെയനുഭവിക്കുന്ന ‘ആന്തരികാത്മക രോഗങ്ങൾ’ (internalizing disorder) ആണ് രണ്ടാമത്തേത്. വിഷാദരോഗം, ഒ.സി.ഡി, ഉത്കണ്ഠ രോഗങ്ങൾ, ചിത്തഭ്രമം എന്നിവയൊക്കെയാണ് ഇക്കൂട്ടത്തിൽപെടുന്നത്. വിക്ക്, സാന്ദർഭിക നിശ്ശബ്ദത എന്നിവയും ഈ പട്ടികയിൽപെടുന്നുണ്ട്. തലച്ചോറിെൻറ വളർച്ചയിലെ പ്രശ്നങ്ങളായ മസ്തിഷ്ക വികസന വൈകല്യങ്ങളാണ് മൂന്നാം വിഭാഗം. ഓട്ടിസം, ബുദ്ധിമാന്ദ്യം, പഠനവൈകല്യം എന്നിവയൊക്കെയാണ് ഇക്കൂട്ടത്തിലെ പ്രധാന രോഗങ്ങൾ.
ഒരു വസ്തുവിനെയോ സന്ദർഭത്തെയോ വ്യക്തികളെയോ കുറിച്ച് അനാവശ്യവും അമിതവുമായ ഉത്കണ്ഠയുണ്ടാകുന്ന അവസ്ഥയാണ് ഫോബിയ. മറ്റുള്ളവരുടെ മുന്നിൽ വരാനുള്ള ഉത്കണ്ഠ (സോഷ്യൽ ഫോബിയ), ഉയരത്തിൽ നിൽക്കാൻ ഭയം (അേക്രാഫോബിയ), ഒറ്റക്ക് യാത്രചെയ്യാൻ ഭയം (അഗറോഫോബിയ) തുടങ്ങിയ വ്യത്യസ്ത തരം ഫോബിയകൾ സാധാരണമാണ്. ഇവയൊക്കെ കൃത്യമായ ചികിത്സയിലൂടെ മാറ്റാനാകും. സിസ്റ്റമാറ്റിക് ഡിസെൻസെറ്റൈസേഷൻ, േഗ്രഡഡ് എക്സ്പോഷർ, റിലാക്സേഷൻ വ്യായാമങ്ങൾ എന്നിവയൊക്കെ ഉപയോഗപ്പെടുന്ന മന$ശാസ്ത്രചികിത്സകളാണ്. കഠിനമായ ഉത്കണ്ഠയുള്ളവർക്ക് ഇത് കുറക്കാനുള്ള മരുന്നുകളും നിലവിലുണ്ട്.
രണ്ടാഴ്ചയിലധികം തുടർച്ചയായി നീണ്ടുനിൽക്കുന്ന വിഷാദഭാവം, ജോലിയിലും താൽപര്യമുണ്ടായിരുന്ന മറ്റു കാര്യങ്ങളിലും ഇടപെടാൻ താൽപര്യമില്ലായ്മ, അകാരണമായ ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, വിശപ്പില്ലായ്മ, ശ്രദ്ധക്കുറവ്, ചിന്തകളുടെയും പ്രവൃത്തികളുടെയും ഗതിവേഗത്തിലെ വ്യതിയാനങ്ങൾ, നിരാശചിന്തകൾ, ആത്മഹത്യപ്രവണത എന്നീ ഒമ്പതു ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലുമുണ്ടെങ്കിൽ വിഷാദരോഗം സംശയിക്കാം. ജീവിതത്തെക്കുറിച്ച് പ്രതീക്ഷയില്ലായ്മ, തന്നെ ആരും സഹായിക്കാനില്ലെന്ന തോന്നൽ, തന്നെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന തോന്നൽ, അനാവശ്യമായ കുറ്റബോധം എന്നിവയൊക്കെ വിഷാദത്തിെൻറ ഭാഗമായ നിരാശാചിന്തകളാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന വിഷാദരോഗം കേരളത്തിലെ മൊത്തം ജനസംഖ്യയിൽ ഒമ്പതു ശതമാനം പേരിലുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അവിവാഹിതർ, വിവാഹമോചിതർ, പങ്കാളികൾ മരിച്ചവർ, കുട്ടികൾ മരിച്ചുപോയവർ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് വിഷാദരോഗം വരാൻ സാധ്യത കൂടുതലാണ്. കൃത്യമായ മരുന്നുചികിത്സയിലൂടെയും മന$ശാസ്ത്ര ചികിത്സയിലൂടെയും വിഷാദരോഗം ഭേദപ്പെടുത്താം.
തലച്ചോറിലെ വിവിധ രാസവസ്തുക്കളുടെ അളവിലെ വ്യതിയാനങ്ങളാണ് വിവിധ മനോരോഗങ്ങൾക്ക് കാരണം. ഇക്കാരണംകൊണ്ടുതന്നെ ഈ രാസവസ്തുക്കളുടെ അളവ് ക്രമീകരിച്ച്, രോഗം ഭേദമാക്കാൻ സഹായിക്കുന്ന മരുന്നുകളാണ് മനോരോഗങ്ങളുടെ പ്രധാന ചികിത്സ. രോഗസ്വഭാവമനുസരിച്ച് വിഭ്രാന്തിവിരുദ്ധ ഔഷധങ്ങൾ, വിഷാദവിരുദ്ധ ഔഷധങ്ങൾ, മൂഡ് സ്റ്റബിലൈസർ, മസ്തിഷ്ക ഉത്തേജന ഔഷധങ്ങൾ എന്നിവയൊക്കെ ഉപയോഗിക്കാം. മനസ്സിലെ വികലചിന്തകൾ തിരിച്ചറിഞ്ഞ് അവയെ മാറ്റാനുള്ള വ്യത്യസ്ത തരം മന$ശാസ്ത്ര ചികിത്സകളും നിലവിലുണ്ട്. ബൗദ്ധിക പെരുമാറ്റ ചികിത്സ, മനോവിശകലനാത്മക ചികിത്സ, മനോനിറവ് ചികിത്സ തുടങ്ങിയ പലതരം മന$ശാസ്ത്ര ചികിത്സകൾ നിലവിലുണ്ട്. രോഗികളെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സാമൂഹിക, പുനരധിവാസ ചികിത്സകളും ഉപയോഗപ്രദമാണ്. ജീവനുതന്നെ അപകടമായേക്കാവുന്ന കാറ്ററ്റോണിയ, കടുത്ത ആത്മഹത്യപ്രവണത എന്നിവയുള്ള രോഗികൾക്ക് ഇലക്േട്രാ കൺവൽസിവ് തെറപ്പി അഥവാ ഷോക്ക് ചികിത്സ ഫലപ്രദമാണ്.
തീവ്രമായ ചിലതരം മനോരോഗങ്ങൾക്ക് ലഘുവായ വൈദ്യുതിതരംഗങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന ചികിത്സയാണ് ഇലക്േട്രാകൺവൽസിവ് തെറപ്പി (ഇ.സി.ടി) അഥവാ ഷോക്ക് ചികിത്സ. രോഗിക്ക് അനസ്തേഷ്യ നൽകി പൂർണമായും മയക്കിയശേഷം നൽകുന്ന ഇ.സി.ടി പൂർണമായും വേദനരഹിതവും ഏറെ സുരക്ഷിതവുമാണ്. രോഗി സംസാരിക്കുകയോ ഭക്ഷണം, വെള്ളം എന്നിവ കഴിക്കുകയോ ചെയ്യാത്ത കാറ്ററ്റോണിയ എന്ന അവസ്ഥയിലാണ് ഇത് സാധാരണയായി കൊടുത്തുവരുന്നത്. ഇ.സി.ടി നൽകി അധികം വൈകാതെ രോഗി സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. കടുത്ത ആത്മഹത്യപ്രവണതയുള്ള രോഗികളിലും മരുന്നുകളോട് പ്രതികരിക്കാത്തവിധം തീവ്രമായ മനോരോഗങ്ങളിലും ഇത് പ്രയോജനപ്പെടും.
മനോരോഗമില്ലാത്ത എന്നാൽ, ജീവിതത്തിലെ സാഹചര്യങ്ങൾമൂലം മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്തികൾക്ക് പരിശീലനം നേടിയ ഒരു വ്യക്തി (കൗൺസലർ) അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും സ്വയം പരിഹരിക്കാനുമുള്ള സഹായം നൽകുന്ന പ്രക്രിയയാണ് കൗൺസലിങ്. കാര്യമായ മനോരോഗമോ അക്രമസ്വഭാവമോ ഉള്ളയാളുകൾക്ക് കൗൺസലിങ് പ്രയോജനം ചെയ്യില്ല. എന്നാൽ, ജീവിതത്തിലെ സന്ദിഗ്ധ ഘട്ടങ്ങളിൽ ഉചിതമായ തീരുമാനമെടുക്കാൻ പ്രയാസപ്പെടുന്നവർക്ക് ദിശാബോധം നൽകാൻ കൗൺസലിങ് സഹായകമാകും. തൊഴിൽ മേഖല തെരഞ്ഞെടുക്കാനും ജീവിതത്തിലെ പ്രതിസന്ധികൾ പരിഹരിക്കാനും വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമൊക്കെ കൗൺസലിങ് ഉപയോഗിക്കാം.
മോഷണം, കളവുപറയൽ, ശാരീരിക ഉപദ്രവം ഏൽപിക്കൽ, സാധനങ്ങൾ നശിപ്പിക്കൽ തുടങ്ങിയ സ്വഭാവദൂഷ്യങ്ങൾ കുട്ടികളിൽ കാണാറുണ്ട്. ഇവ മാറ്റാനായി വിവിധ പാരൻറിങ് മാർഗങ്ങൾ ഉപയോഗിക്കാം. മോശപ്പെട്ട പെരുമാറ്റങ്ങൾ ഇല്ലാതാക്കാൻ അവയെ പൂർണമായി അവഗണിക്കൽ, ചെറിയ ശിക്ഷകൾ നൽകൽ (ടൈംഔട്ട്), പ്രതിഫലങ്ങൾ നിഷേധിക്കൽ (റിവാഡ് വിത്േഡ്രാവൽ) എന്നിവയൊക്കെ ഉപയോഗിക്കാം. ഇതോടൊപ്പം നല്ല പെരുമാറ്റങ്ങൾ വർധിപ്പിക്കാൻ പ്രതിഫല–അഭിനന്ദന മാർഗങ്ങൾ (റിവാഡിങ്), സ്റ്റാർ ചാർട്ടിങ് തുടങ്ങിയവ പ്രയോജനപ്പെടുത്താം. മന$ശാസ്ത്രരീതികൾ വിഫലമായാൽ മരുന്നുകൾ ഉപയോഗിച്ച് കുട്ടികളുടെ വൈകാരികാവസ്ഥ ക്രമീകരിക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും കഴിയും.
മനസ്സിനുള്ളിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവരുന്ന അസ്വസ്ഥതയുളവാക്കുന്ന, ആവർത്തനസ്വഭാവമുള്ള ചിന്തകൾ, തോന്നലുകൾ, ദൃശ്യങ്ങൾ എന്നിവയെയാണ് ‘ഒബ്സഷൻ’ എന്നു വിളിക്കുന്നത്. ഇവ ശരിയല്ലെന്ന് അനുഭവിക്കുന്നയാൾക്കുതന്നെ അറിയാമെങ്കിലും അവയെ ഇല്ലാതാക്കാൻ അയാൾക്കു കഴിയില്ല. ഇത്തരം ഒബ്സഷനുകൾ കടന്നുവരുമ്പോൾ തോന്നുന്ന കഠിനമായ ഉത്കണ്ഠ ഇല്ലാതാക്കാൻ അയാൾ ചെയ്യുന്ന ആവർത്തന സ്വഭാവമുള്ള, ശാരീരികമോ മാനസികമോ ആയ പ്രവൃത്തികളെയാണ് ‘കംപൽഷൻ’ എന്നു വിളിക്കുന്നത്. ഇവ രണ്ടും പ്രധാന ലക്ഷണങ്ങളായ രോഗമാണ് ‘ഒബ്സസിവ് കംപൽസിവ് ഡിസോഡർ’ അഥവാ ഒ.സി.ഡി. കൈകളിൽ അഴുക്കുണ്ടെന്ന സംശയത്തെത്തുടർന്ന് ആവർത്തിച്ച് കൈ കഴുകുക, ചെയ്ത പ്രവൃത്തി ശരിയായിട്ടുണ്ടോ എന്ന് ആവർത്തിച്ച് പരിശോധിക്കുക തുടങ്ങിയവയൊക്കെയാണ് സാധാരണയായി കാണപ്പെടുന്ന ഒ.സി.ഡി ലക്ഷണങ്ങൾ. തലച്ചോറിലെ സിറട്ടോണിൻ എന്ന രാസവസ്തുവിെൻറ വ്യതിയാനം മൂലമുണ്ടാകുന്ന ഒ.സി.ഡി മരുന്നുകളും മന$ശാസ്ത്ര ചികിത്സയും ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
അമിതമായ ഉത്കണ്ഠയും പിരിമുറുക്കവുംമൂലം ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായാൽ അത് രക്തസമ്മർദത്തെ ബാധിക്കാം. മാനസിക സമ്മർദം വരുന്ന അവസരങ്ങളിൽ രക്തത്തിലേക്ക് ചില ഹോർമോണുകൾ അമിതമായി പ്രസരിച്ചേക്കാം. അഡ്രിനാലിൻ, നോർ അഡ്രിനാലിൻ, ഡോപ്പമിൻ തുടങ്ങിയ ഈ രാസവസ്തുക്കൾ രക്തക്കുഴലുകളുടെ വ്യാസം കുറക്കാനും രക്തസമ്മർദം കൂട്ടാനും കാരണമാകാം. ഇക്കാരണംകൊണ്ടാണ് സമ്മർദനിയന്ത്രണ പരിശീലനങ്ങൾ രക്താദിമർദ ചികിത്സയിൽ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്.
കോപം ഒരു സാധാരണ വികാരമാണ്. എന്നാൽ, ഒരാൾ കോപം വന്ന് സുഹൃത്തിെൻറ തലക്കടിച്ചാൽ അതിനെ അസ്വാഭാവിക പെരുമാറ്റമായോ മാനസികപ്രശ്നമായോ വിലയിരുത്താം. വിവിധ മനോരോഗങ്ങളുടെ പ്രധാന ലക്ഷണമായി അമിത ദേഷ്യം വരാം. ഉന്മാദരോഗം (mania), ദ്വിധ്രുവവൈകാരിക രോഗം (Bipolar disorder), സ്കിസോഫ്രീനിയ, സംശയരോഗം, ലഹരി അടിമത്തം, മദ്യാസക്തി തുടങ്ങിയ വിവിധ മനോരോഗങ്ങളുടെ ഭാഗമായി അമിത ദേഷ്യം വരാം. ഇത്തരം സാഹചര്യത്തിൽ അടിസ്ഥാന രോഗം ചികിത്സിച്ചുമാറ്റുന്നതോടെ അമിത കോപവും ഇല്ലാതാവും.
ചില മനോരോഗങ്ങൾ ചികിത്സിക്കാതിരുന്നാൽ ജീവിതശൈലീരോഗങ്ങളിലേക്ക് നയിക്കാറുണ്ട്. സ്കിസോഫ്രീനിയ, ബൈപോളാർ രോഗം എന്നിവ ചികിത്സിക്കാത്തപക്ഷം പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവയിലേക്ക് നീങ്ങുന്നത് കാണാറുണ്ട്. വേണ്ടത്ര ശാരീരിക വ്യായാമങ്ങളില്ലാത്തതും അശാസ്ത്രീയ ഭക്ഷണക്രമവുമൊക്കെയാണ് ഇവരിൽ ശാരീരികരോഗങ്ങൾക്ക് കാരണമാകുന്നത്. മദ്യവും ലഹരിവസ്തുക്കളും ദുരുപയോഗം ചെയ്യുന്നവർക്ക് അവയുടെ ഫലമായിത്തന്നെ കരളിനും കുടലിനും ഹൃദയത്തിനുമൊക്കെ രോഗങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്. പരിഹാരമില്ലാത്ത മാനസികസമ്മർദവും അമിത രക്തസമ്മർദവും പ്രമേഹവുമൊക്കെ ഉണ്ടാകാൻ കാരണമാകും.
മനോരോഗങ്ങൾക്കുള്ള ഭൂരിപക്ഷം മരുന്നുകളും അഡിക്ഷൻ ഉണ്ടാക്കില്ല. ഉത്കണ്ഠയുടെ ഹ്രസ്വചികിത്സക്ക് ഉപയോഗിക്കുന്ന ബെൻസോഡയസെപ്പിൻ വിഭാഗങ്ങളിൽപെടുന്ന മരുന്നുകളിൽ ചിലതു മാത്രമാണ് അഡിക്ഷൻ ഉണ്ടാക്കാൻ സാധ്യതയുള്ളത്. ഇവപോലും ഒരു സൈക്യാട്രിസ്റ്റിെൻറ നിർദേശമനുസരിച്ച് കഴിച്ചാൽ അഡിക്ഷൻ പ്രശ്നമുണ്ടാകില്ല. മനോരോഗ ചികിത്സക്കുള്ള പുതിയ മരുന്നുകളിൽ ഭൂരിപക്ഷവും വളരെ സുരക്ഷിതമാണ്. ശാരീരികരോഗങ്ങൾക്കുള്ള മരുന്നുകൾക്കുള്ളതുപോലുള്ള ലഘുവായ പാർശ്വഫലങ്ങളേ ഇവക്കുമുള്ളൂ.
പെരുമാറ്റത്തിൽ വ്യത്യാസം വരുത്തുകവഴി മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന മന$ശാസ്ത്ര ചികിത്സയാണ് ബിഹേവിയർ തെറപ്പി. വിവിധ തരത്തിലുള്ള ബിഹേവിയർ തെറപ്പികൾ ഇന്ന് പ്രചാരത്തിലുണ്ട്. ചിന്താവൈകല്യങ്ങൾ തിരുത്തുകവഴി പെരുമാറ്റം ക്രമീകരിക്കുന്ന കോഗ്നിറ്റിവ് ബിഹേവിയർ തെറപ്പിയാണ് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. വ്യക്തിത്വ വൈകല്യങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഡയലക്റ്റിക്കൽ ബിഹേവിയർ തെറപ്പി, മനോനിറവ് സിദ്ധാന്തങ്ങൾ ഉപയോഗിച്ചുള്ള മൈൻഡ്ഫുൾനെസ് ബേസ്ഡ് കോഗ്നിറ്റിവ് തെറപ്പി, അക്സപ്റ്റൻസ് ആൻഡ് കമിറ്റ്മെൻറ് തെറപ്പി എന്നിവയും ഉപയോഗപ്രദമായ ബിഹേവിയർ തെറപ്പികളാണ്.
വല്ലപ്പോഴും മദ്യപിക്കുന്നതോ പുകവലിക്കുന്നതോ മനോരോഗമായി കാണാനാകില്ല. എന്നാൽ, സ്ഥിരമായി ലഹരി ഉപയോഗിക്കുകയോ ഒരു ദിവസം ലഹരി കിട്ടാതെവന്നാൽ ഉറക്കക്കുറവ്, വിറയൽ, വെപ്രാളം, അപസ്മാരം, സ്ഥലകാലബോധമില്ലായ്മ തുടങ്ങിയ ‘പിൻവാങ്ങൽ ലക്ഷണങ്ങൾ’ എന്തെങ്കിലും പ്രകടമാവുകയോ ചെയ്താൽ ആ വ്യക്തി ലഹരി അടിമത്തം എന്ന മനോരോഗം ബാധിച്ചയാളാണെന്നു കരുതാം. മദ്യം, കഞ്ചാവ്, കുത്തിവെപ്പ് രൂപത്തിലുള്ള മയക്കുമരുന്നുകൾ, കൊക്കെയ്ൻ എന്നിവയുടെ ഉപയോഗം മൂലം തലച്ചോറിലെ രാസഘടനക്ക് തകരാറുണ്ടാകുകയും തന്മൂലം ലഹരിജന്യ മനോരോഗങ്ങൾ ഉണ്ടാകുകയും ചെയ്യാം. ചിത്തഭ്രമം, വിഷാദം, അമിത ഉത്കണ്ഠ, ലൈംഗികപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതുമൂലമുണ്ടാകാം.
മറ്റ് ഏതു ശാരീരികരോഗങ്ങളിലുമെന്നപോലെ മനോരോഗങ്ങളിലും പാരമ്പര്യത്തിെൻറ സ്വാധീനമുണ്ടാകാം. ഉദാഹരണത്തിന് ഒറ്റക്കിരുന്നുള്ള സംസാരം, ചിരി, ഭയം, സംശയങ്ങൾ എന്നിവ പ്രധാന ലക്ഷണങ്ങളായ സ്കിസോഫ്രീനിയ എന്ന മനോരോഗത്തിെൻറ കാര്യമെടുക്കാം. കുടുംബത്തിൽ രോഗചരിത്രമില്ലാത്തയാൾക്ക് ഈ രോഗം വരാൻ ഒരു ശതമാനമേ സാധ്യതയുള്ളൂ. എന്നാൽ, അച്ഛനോ അമ്മക്കോ സ്കിസോഫ്രീനിയ ഉണ്ടെങ്കിൽ രോഗം വരാൻ 10 ശതമാനം സാധ്യതയുണ്ട്. അച്ഛനും അമ്മക്കും സ്കിസോഫ്രീനിയ ഉണ്ടെങ്കിൽ രോഗം വരാൻ 40 ശതമാനം സാധ്യതയുണ്ട്. അതായത്, രണ്ട് സ്കിസോഫ്രീനിയ രോഗികൾ വിവാഹിതരായാൽപോലും അവരുടെ കുട്ടികളിൽ 10 പേരിൽ നാലു പേർക്കു മാത്രമേ രോഗം വരൂ. ഇതുപോലെ ഓരോ മനോരോഗത്തിലും വ്യത്യസ്തമായ പാരമ്പര്യ സാധ്യതയാണുള്ളത്.
ശരാശരി ബുദ്ധിനിലവാരമുണ്ടായിട്ടും എഴുത്ത്, വായന, കണക്കുകൂട്ടൽ എന്നീ മേഖലകളിലേതിലെങ്കിലും ബുദ്ധിക്ക് യോജിക്കാത്തതരം പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് പഠനവൈകല്യമുണ്ടെന്നു കരുതാം. രചനാവൈകല്യം, വായനവൈകല്യം, ഗണിതവൈകല്യം, സമ്മിശ്രവൈകല്യം എന്നിങ്ങനെ നാലു രീതിയിൽ ഇതുണ്ടാകാം. പഠനവൈകല്യമുള്ള കുട്ടികളിൽ അനുബന്ധമായി ശ്രദ്ധക്കുറവും അമിതവികൃതിയും (എ.ഡി.എച്ച്.ഡി) കണ്ടുവരാറുണ്ട്. ഇത്തരക്കാർക്ക് ശ്രദ്ധ മെച്ചപ്പെടുത്താനും അമിതവികൃതിയും എടുത്തുചാട്ടവും കുറക്കാനുമുള്ള മരുന്നുകൾ നൽകേണ്ടിവരും. അതുകഴിഞ്ഞ് പഠനവൈകല്യം പരിഹരിക്കാനുള്ള പ്രശ്നപരിഹാര വിദ്യാഭ്യാസം നൽകാവുന്നതാണ്. ചിട്ടയായ പരിശീലനത്തിലൂടെ ഇങ്ങനെ പഠനവൈകല്യം മറികടക്കാം.
ശരീരവും മനസ്സുംകൊണ്ട് അധ്വാനിക്കുക, പുതിയ അനുഭവങ്ങൾ നേടാൻ ശ്രമിക്കുക, സ്വന്തം കഴിവുകളെയും പരിമിതികളെയും തിരിച്ചറിയുക എന്നിവയൊക്കെ ആത്മവിശ്വാസം നേടാൻ ആവശ്യമാണ്. പരാജയങ്ങൾക്കു മുന്നിൽ പതറാതെ വീണ്ടും പരിശ്രമിക്കുക, സ്വയം പരിഹരിക്കാൻ കഴിയാത്ത കാര്യങ്ങൾക്ക് സുഹൃത്തുക്കളുടെ സഹായം തേടുക, കഴിയുന്ന വേളകളിലൊക്കെ മറ്റുള്ളവരെ സഹായിക്കുക എന്നിവയും ഉപകാരപ്പെടും. ദുരനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുകയും ജീവിതാനുഭവങ്ങളെ സ്വയം വിലയിരുത്തി ആവശ്യമായ മാറ്റം പെരുമാറ്റത്തിൽ വരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ലഹരിവസ്തുക്കളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും കായികവ്യായാമങ്ങളിലൂടെ ശാരീരികക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതും ആത്മവിശ്വാസം വർധിപ്പിക്കാൻ സഹായിക്കും.
(സൈക്യാട്രി വിഭാഗം അസി. പ്രഫസർ ആണ് ലേഖകൻ)
e-mail : arunb.nair@yahoo.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.