ആധുനിക ലോകം ആരോഗ്യമേഖലയിൽ പുരോഗമിക്കുമ്പോഴും മനസ്സിനെ ബാധിക്കുന്ന പല രോഗങ്ങള െയും ഭയത്തോടെയും അവജ്ഞയോടെയും കാണുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. മനുഷ്യ മനസ്സിെൻറ ആഴവും പരപ്പുമൊന്നും ഇന്നും പൂർണമായും അളന്ന് തീർന്നിട്ടില്ല. എന്നാൽ, പല മനോരോഗങ്ങളും മറ്റ് ശാരീരിക രോഗങ്ങളെപ്പോലെ പരിഗണന ലഭിക്കുന്നതും രോഗം ബാധിക്കുന്നവർ ചികിത്സ സ്വീകരിക്കുന്നതും കുറവാണ്. 10 വിഭാഗങ്ങളിലേക്ക് ക്രോഡീകരിക്കാവുന്ന 100ഒാളം മനോരോഗങ്ങളുണ്ടെങ്കിലും പലപ്പോഴും ‘ഭ്രാന്ത്’, ‘വട്ട്’ പോലുള്ള വാക്കുകളിൽ തളക്കപ്പെട്ട ഈ രോഗങ്ങളെപ്പറ്റി ഇന്നും സമൂഹം അജ്ഞരാണ്. ചികിത്സ എടുക്കാനുള്ള മടിയും ചികിത്സ രീതികളെക്കുറിച്ചുള്ള അറിവില്ലായ്മയും വ്യാജചികിത്സകരും മന്ത്രവാദമുൾപ്പെടെയുള്ള തെറ്റായ പ്രവണതകളും ഈ രംഗത്തെ വേണ്ടുവോളം പിന്നോട്ടടിക്കുന്നുണ്ട്.
എന്താണ് മനോരോഗം?
ശരീരമുള്ളവർക്കെല്ലാം മനസ്സും ഉണ്ടായിരിക്കണമല്ലോ? ഈ മനസ്സ് എവിടെ ഇരിക്കുന്നു? തലച്ചോറിെൻറ ആകെയുള്ള പ്രവർത്തനമാണ് മനസ്സിെൻറ അടിസ്ഥാനം. തലച്ചോറിൽ ഇന്ന ഇടം എന്ന് വേർതിരിച്ചു പറയാൻ കഴിയാത്തവിധം സങ്കീർണമാണ് മനസ്സിെൻറ ഉറവിടം എന്ന് സാരം. എന്നാൽ, കോശങ്ങളെയും നാഡീവ്യൂഹങ്ങളെയും ബാധിക്കുന്ന പ്രതികൂലമാറ്റങ്ങളും അവയുടെ പല പ്രവർത്തനങ്ങളിലുമുള്ള അപാകതകളുമാണ് പല മനോരോഗങ്ങൾക്കും കാരണം. ചിന്തകളും പ്രവൃത്തികളും വികാരങ്ങളുമൊക്കെ അടങ്ങുന്ന മാനസികാവസ്ഥ അവതാളത്തിലാകുമ്പോഴാണ് മനോരോഗമെന്ന് പറയുന്നത്.
എത്രതരം മനോരോഗങ്ങളുണ്ട്?
100ഒാളം മനോരോഗങ്ങളുണ്ട്. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ, മുറിവുകൾ, അപസ്മാരം പോലുള്ള രോഗങ്ങൾ ഒക്കെ മാനസിക അസ്വസ്ഥത സൃഷ്ടിക്കാം. അവയിൽ സാധാരണയായി ഉണ്ടാകാവുന്ന ചില രോഗങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.
- സ്ഥലകാല ബോധം നഷ്ടപ്പെടുന്ന തരത്തിൽ മനോവിഭ്രാന്തി പ്രകടിപ്പിക്കുന്നതിനെ ഡിലിറിയം എന്നാണ് പറയുന്നത്. അമിത ലഹരി ഉപയോഗം മുതൽ തീവ്രമായ പനിവരെ ഡിലിറിയം ഉണ്ടാക്കാം.
- മറവി മുഖ്യ ലക്ഷണമായും അനുബന്ധ മാനസിക അസ്വസ്ഥതകളും തലച്ചോറിെൻറ ഏത് ഭാഗത്താണ് കൂടുതൽ നശീകരണ മാറ്റങ്ങൾ എന്നതുമനുസരിച്ച് മറവിരോഗം (ഡിമൻഷ്യ) ആയി പ്രകടമാകുന്നു.
- മദ്യം, കഞ്ചാവ്, പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കാരണമുണ്ടാകാവുന്ന ലഹരിരോഗങ്ങൾ നമ്മുടെ സമൂഹത്തിൽ സർവസാധാരണമാണ്. ഡിലിറിയമായും ഉന്മാദമായും വിഷാദമായും വെപ്രാളമായും സംശയമായുമൊക്കെ പല അനുബന്ധ ലക്ഷണങ്ങളും ലഹരിരോഗത്തിൽ കാണാറുണ്ട്.
- മനോരോഗങ്ങളിൽ ഏറ്റവും ഗുരുതരവും ഭീതി ജനിപ്പിക്കുന്നതുമാണ് സൈക്കോസിസ് വിഭാഗത്തിൽ പെടുന്നവ. ഇല്ലാത്ത ശബ്ദങ്ങളും സംഭാഷണം കേൾക്കുന്നതായും പല തെറ്റായ ധാരണകളും സംശയങ്ങളും ഉറച്ച മിഥ്യാധാരണകൾ ആയി ഉടലെടുക്കുന്നതിനെയാണ് സ്കിസോഫ്രീനിയ എന്ന് പറയുന്നത്. സംശയരോഗങ്ങളും കുറവല്ല.
- വികാരങ്ങളിലെ ഏറ്റക്കുറച്ചിലുകളായാണ് മൂഡ് ഡിസോർഡർ പ്രത്യക്ഷപ്പെടുന്നത്. അനിയന്ത്രിതമായ സങ്കടഭാവവും അതിക്ഷീണവും താൽപര്യക്കുറവുമായി പ്രത്യക്ഷപ്പെടുന്ന വിഷാദരോഗം ചികിത്സിച്ചില്ലെങ്കിൽ ആത്മഹത്യകളിലേക്കും ജീവിതപരാജയങ്ങൾക്കും കാരണമാകുന്നു. ഉന്മാദരോഗത്തിെൻറ ലക്ഷണങ്ങൾ അനിയന്ത്രിതമായ സന്തോഷം, ദേഷ്യം, സംസാരക്കൂടുതൽ, അമിത ആത്മവിശ്വാസം, ഉറക്കക്കുറവുമായൊെക്കയാണ് പ്രത്യക്ഷപ്പെടുക. വീണ്ടും വീണ്ടും വരുന്ന ഉന്മാദാവസ്ഥയായും ഉന്മാദവും വിഷാദവും മാറിമാറി വരുന്ന ബൈപോളാർ രോഗവും കേരളീയരിൽ സാധാരണമാണ്.
- ഉത്കണ്ഠ രോഗങ്ങളുടെ കൂട്ടത്തിലാണ് പാനിക് ഡിസോർഡറും അഡ്ജസ്റ്റ്മെൻറ് ഡിസോർഡറും ഫോബിയയും ഒബ്സസിവ് കംപൽസിവ് ഡിസോർഡറുമൊക്കെ. അനിയന്ത്രിതമായ ഉത്കണ്ഠയാണ് ഇത്തരം രോഗങ്ങളുടെ മുഖമുദ്ര.
- പല ശാരീരിക രോഗങ്ങളും സ്ട്രസുമായി ബന്ധപ്പെട്ട് വഷളാകുന്നതാണ്. ആസ്ത്മ, ആർത്രൈറ്റിസ്, അൾസറേറ്റിവ് കോളൈറ്റിസ്, ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്നിവ അവയിൽ ചിലത് മാത്രം. ശരീരവും മനസ്സും തമ്മിലുള്ള ഈ ബന്ധമാണ് അസുഖം വരുമോ എന്ന ഉത്കണ്ഠ ആധാരമായിട്ടുള്ള ഇൽനസ് ആങ്സൈറ്റി ഡിസോർഡറും വേദന, കഴപ്പ് പോലുള്ള ലക്ഷണങ്ങളായി വരുന്ന സൊമറ്റൈസേഷൻ ഡിസോർഡറും.
- വ്യക്തിത്വം ആണ് ഒരു വ്യക്തിയുടെ മുഖമുദ്ര. പലതരം വ്യക്തിത്വ വൈകല്യങ്ങൾ വ്യക്തിയുടെ ജീവിതത്തിലും അവെൻറ ചുറ്റുമുള്ള സമൂഹത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാം. എന്തിനെയും സംശയത്തോടെ കാണുന്ന പാരനോയിഡ് പേഴ്സനാലിറ്റി, സാമൂഹിക വിരുദ്ധ സ്വഭാവം കാട്ടുന്ന ആൻറി സോഷ്യലും നാടകീയത മുറ്റിയ പ്രവണതകൾ കാട്ടുന്ന ബോർഡർലൈൻ വ്യക്തിത്വവുമെല്ലാം അവയിൽ ചിലത് മാത്രം.
- മുതിർന്നവരിൽനിന്നും വ്യത്യസ്തമായ പല മാനസിക അവസ്ഥകളും കുട്ടികളിലും കൗമാരപ്രായക്കാരിലും കണ്ടുവരുന്നുണ്ട്. മുതിർന്നവരിൽ കാണുന്ന പല മേനാരോഗങ്ങളും നന്നേ ചെറുപ്പത്തിൽ കുട്ടികളിൽ പ്രകടമാകാറുണ്ട്. ബുദ്ധിമാന്ദ്യം, പഠന വൈകല്യങ്ങൾ, ഓട്ടിസം, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (അമിതമായ ശ്രദ്ധക്കുറവും, പിരിപിരിപ്പും), കോണ്ടക്റ്റ് ഡിസോർഡർ (പെരുമാറ്റദൂഷ്യം) പോലുള്ള മാനസിക പ്രശ്നങ്ങൾ കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും വളർച്ചയെ ബാധിക്കാറുണ്ട്.
എന്തുകൊണ്ട് മനോരോഗങ്ങൾ ഉണ്ടാകുന്നു?
മേൽപ്പറഞ്ഞ ഓരോ മനോരോഗങ്ങളും ഉണ്ടാകുന്നതിന് പല ബയോസൈക്കോസോഷ്യൽ ഘടകങ്ങൾ കാരണമാണ്. ജനിതകപരമായ കാരണങ്ങൾക്ക് വലിയൊരു പങ്കുണ്ട്. അൽഷൈമേഴ്സ് (മറവിരോഗം), ലഹരിരോഗങ്ങൾ, സ്കിസോഫ്രീനിയ, മൂഡ് ഡിസോർഡർ പോലുള്ള മിക്ക രോഗങ്ങൾക്കും ജനിതകപരമായ ഘടകങ്ങൾ പാരമ്പര്യമായി രോഗം തലമുറകളിൽ പ്രത്യക്ഷമാകാൻ കാരണമാകുന്നു. എന്നാൽ, എല്ലാ സഹോദരങ്ങൾക്കും കുടുംബാംഗങ്ങൾക്കും മേനാരോഗങ്ങൾ വന്നുകോള്ളണം എന്നുമില്ല.തലച്ചോറിെൻറ വളർച്ചയിലെ മാറ്റങ്ങളും മെറ്റബോളിക് ഡിസോർഡർ, ഹോർമോണൽ വ്യതിയാനങ്ങൾ, അപസ്മാരംപോലുള്ള പല രോഗങ്ങൾക്കും പല മനോരോഗങ്ങൾക്കും ഹേതുവാകാം. ഡോപമിൻ, സെറൊട്ടോണിൻ, ഗാബാ പോലുള്ള തലച്ചോറിലെ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിലും തലച്ചോറിലെ നാഡീവ്യൂഹങ്ങളിലെ പ്രത്യേക ഭാഗങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് മനോരോഗങ്ങൾക്ക് കാരണമാകുന്നത്. ഒരു വ്യക്തി വളർന്നുവരുന്ന സാഹചര്യങ്ങൾ, ചെറുപ്പം മുതൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ, ലൈംഗികപീഡനങ്ങൾ, പ്രകൃതിയുടെ മാറ്റങ്ങൾ എന്നിവയൊക്കെ മനോരോഗങ്ങൾ ഉണ്ടാക്കാറുണ്ട്. അതോടൊപ്പം സാമൂഹിക അടിത്തറ,കുടുംബത്തിലും ചുറ്റുമുള്ള സമൂഹത്തിലെയും ലോകത്തിലെയും മാറ്റങ്ങൾ, അതുകാരണം നേരിടേണ്ടിവരുന്ന സംഘർഷങ്ങൾ ഇവയൊക്കെ അതിജീവനത്തിെൻറ കഴിവുകളായി മാറിയില്ലെങ്കിൽ മാനസികാസ്വാസ്ഥ്യമായി മാറാം.
മനസ്സിന് ചികിത്സ ആവശ്യമോ?
ശരീരത്തിൽ ഒരു മുറിവ് ഉണ്ടാവുകയാണെങ്കിൽ എന്തൊക്കെ ചെയ്യും? ടെറ്റനസ് പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ ഇഞ്ചക്ഷൻ എടുക്കും, മുറിവിൽ തുന്നൽ ഇടും, ഉണങ്ങാൻ മരുന്ന് പുരട്ടും, ചിലപ്പോൾ ഉള്ളിലേക്ക് കഴിക്കാനുള്ള മരുന്നുകളും ഉണ്ടാവും. മുറിവ് പഴുക്കാതിരിക്കാൻ മാത്രമല്ല, മുറിപ്പാട് കുറയ്ക്കാനും സമയത്തിന് ചികിത്സ സ്വീകരിക്കുന്നത് സഹായിക്കും. ശരീരത്തിൽ കാണുന്ന മുറിവിന് ചികിത്സ ഇതാണെങ്കിൽ തലച്ചോറിൽ പ്രത്യക്ഷത്തിലും പരോക്ഷമായും ഉണ്ടാകുന്ന മുറിവുകൾക്ക് നേരേ കണ്ണടക്കാമോ? തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് അതിനാൽ പ്രാധാന്യമർഹിക്കുന്നു. ചില രോഗങ്ങൾ ഗുരുതരാവസ്ഥയിൽ നിലനിൽക്കുന്നതിനും മരണംവരെ കൂടെയുണ്ടാകുന്നതിനും പലപ്പോഴും തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കാനുള്ള മടിയും അവമതിയും തെറ്റിദ്ധാരണകളും കാരണമാകാറുണ്ട്.
രോഗം നിയന്ത്രിക്കാനും കുറയ്ക്കാനും മരുന്ന് ചികിത്സക്ക് വലിയ പങ്കുണ്ട്. കൃത്യമായ അളവിൽ വേണ്ട കാലയളവിൽ മനോരോഗ വിദഗ്ധർ നിർദേശിക്കുന്ന രീതിയിൽ മരുന്നുകൾ കഴിക്കുകയാണെങ്കിൽ പല രോഗങ്ങളും പൂർണമായും തരണം ചെയ്യാനോ 60 ശതമാനം മുതൽ 80 ശതമാനംവരെ നിയന്ത്രിക്കാനോ കഴിയും. മരുന്ന് ചികിത്സപോലെ പ്രധാന്യം അർഹിക്കുന്നതാണ് മനഃശാസ്ത്രപരമായുള്ള സമീപനവും പ്രത്യേക പരിശീലനരീതികളിലൂടെ നൽകുന്ന സൈക്കോതെറപ്പിയും കൗൺസലിങ്ങും. രോഗതീവ്രതയും രീതികളും അനുസരിച്ചാവണം ചികിത്സാവിധികൾ തീരുമാനിക്കേണ്ടത്. എത്ര കാലം ചികിത്സ വേണ്ടിവരും എന്നത് ചികിത്സയോടുള്ള രോഗത്തിെൻറ പ്രതികരണവും ഗുരുതരാവസ്ഥയും വീണ്ടും വരാതിരിക്കാനുള്ള മുൻകരുതലുകളും അനുസരിച്ചാണ് തീരുമാനിക്കുക. ചുറ്റുമുള്ളവരുടെ സഹകരണം, ഏൽപിക്കാവുന്ന അർഥവത്തായ ഉത്തരവാദിത്തങ്ങൾ, വീട്ടിലും പുറത്തും ഏറ്റെടുക്കാൻ കഴിയുന്ന ജോലികൾ, സാമൂഹിക ചുറ്റുപാടുകളുമെല്ലാം രോഗശമനത്തിനും നിയന്ത്രണത്തിനും വലിയ പങ്കുവഹിക്കുന്നു.
മനോരോഗമുണ്ടായാൽ എന്ത് ചെയ്യണം?
മാനസിക അസ്വസ്ഥതകൾ, മാറ്റങ്ങൾ ഒരു പടി കടന്നാൽ സ്വയം ചികിത്സ തേടുന്നവർ കുറവാണ്. അതിനാൽ തുടക്കത്തിൽതന്നെ ഇടപെടുക എന്നുള്ളത് പ്രധാനമാണ്. ദിവസങ്ങളോളം നീളുന്ന ഉറക്കക്കുറവ്/ഉറക്കക്കൂടുതൽ, ഭയം, അതി വൈകാരികത, സംഭ്രമം, ലഹരിയുപയോഗം, കഴിവുകൾ നഷ്ടമാകുക, അതു കാരണം ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി ചെയ്യാൻ കഴിയാതിരിക്കുക എന്നിവയുണ്ടെങ്കിൽ സഹായം സ്വീകരിക്കുക. മനസ്സിലാക്കി ഇടപെടുന്ന ബന്ധുമിത്രങ്ങളുടെ സഹായം സ്വീകരിക്കാം. എല്ലാ പ്രശ്നങ്ങൾക്കും അവരുടെ കൈയിൽ പരിഹാരമുണ്ടാകില്ലായെന്ന് മനസ്സിലാക്കി ഇത്തരം മാനസിക പ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിച്ചിട്ടുള്ള മാനസികാരോഗ്യരംഗത്തുള്ളവരുടെ സഹായം തേടുക. മാനസിക പ്രശ്നങ്ങളെ ചെറുതായും പുച്ഛത്തോടെയും കാണാതിരിക്കുക. കുറ്റപ്പെടുത്തുന്നതും വിമർശിക്കുന്നതും നാണക്കേട് എന്ന രീതിയിലും പ്രതികരിക്കാതിരിക്കുക. സ്വയം കാര്യങ്ങൾ ചെയ്യാനും കഴിവുപോലെ ഉത്തരവാദിത്തങ്ങളും പഠനവും ജോലികളും ഏറ്റെടുക്കാനും ചെയ്യാനും പ്രോത്സാഹിപ്പിക്കുക. കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുത്താതിരിക്കുക.
പരിചരണം നൽകുന്നവരുടെ മാനസികസന്തോഷവും പ്രധാനമാണ്. പരിചരണഭാരം കുറയ്ക്കാനുള്ള റിലാക്സേഷൻ കുടുംബാംഗങ്ങൾക്കും വേണ്ടതാണ്. കൂട്ടായ്മകളിലൂടെയും ചികിത്സാ വിദഗ്ധരുടെ സഹായവും സ്വീകരിച്ച് ഒരു ടീമായി പ്രവർത്തിക്കാൻ കഴിയുമെങ്കിൽ ഒരുപരിധിവരെ രോഗിയുടെയും പരിചരണം നൽകുന്നവരുടെയും മാനസിക സംഘർഷം കുറയ്ക്കാവുന്നതാണ്. അതിനുവേണ്ടിയുള്ള പല ഗവൺമെൻറ്പദ്ധതികളും സർക്കാറിതര സംഘടനകളുടെ ഇടപെടലുകളും ഇന്നുണ്ട്. ചികിത്സക്കും പഠനത്തിനും ജോലി ലഭിക്കാനുമുള്ള ആനുകൂല്യങ്ങൾ, പെൻഷൻ, ഡിസബിലിറ്റി ആനുകൂല്യങ്ങൾ അവയിൽ ചിലതാണ്. 40 ശതമാനത്തിലധികം മാനസികാരോഗ്യത്തിൽ ശേഷിക്കുറവ് ഉണ്ടെങ്കിൽ ടാക്സിലും റേഷൻകാർഡിലും പല സർക്കാർ പദ്ധതികളിലും ആനുകൂല്യങ്ങൾ ഉണ്ട്. അതോടൊപ്പം കോഴിക്കോട്, തൃശൂർ, തിരുവനന്തപുരത്തുള്ള മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ പൂർണമായും സൗജന്യമാണ്. ജില്ല മാനസികാരോഗ്യ പരിപാടികളിലൂടെയും ആർദ്രം പദ്ധതിയിലൂെടയും അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലൂടെയും മാനസികാരോഗ്യ ചികിത്സ ഇപ്പോൾ ലഭ്യമാണ്. മാനസികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളജുകളിലും ചില ജില്ല ജനറൽ ആശുപത്രികളിലും സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തുടങ്ങിയവരുടെ സഹായം ലഭ്യമാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാറിെൻറയും സർക്കാറിതര സന്നദ്ധസംഘങ്ങളുടെയും നേതൃത്വത്തിൽ പകൽവീടുകളും ആശാഭവനുകളും റീഹാബിലിറ്റേഷൻ സെൻററുകളും മിക്ക ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്. ഓർക്കുക, ചികിത്സയുള്ള രോഗങ്ങളെ ഭയപ്പെടാതിരിക്കുക. സ്വന്തം തലച്ചോറിനെ മാനിക്കുക, പരിപാലിക്കുക.
തയാറാക്കിയത്: ഡോ. ഷീന ജി. സോമൻ
കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ്,
മെൻറൽ ഹെൽത്ത് സെൻറർ
തിരുവനന്തപുരം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.