കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്രവധകേസ് നടന്ന് ഒരു വര്‍ഷവും ഒന്നര മാസവും കഴിഞ്ഞപ്പോഴാണ് സ്ത്രീധന പീഡനം മൂലം യുവതികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ അഞ്ചു യുവതികളാണ് വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ചതായി വാര്‍ത്തകളില്‍ നാം കണ്ടത്. സ്ത്രീധന പീഡനവും അതിനെ തുടര്‍ന്നുള്ള മരണങ്ങളും നമ്മുടെ നാട്ടില്‍ പുതിയ കാര്യങ്ങളല്ല. ഗാര്‍ഹിക പീഡനവും ഭാര്യ ആത്മഹത്യ ചെയ്യുന്നതും ഭര്‍ത്താവ് കൊലപ്പെടുത്തുന്നതും നാം നിത്യേന പത്രങ്ങളില്‍ ചരമകോളത്തിലെങ്കിലും വായിക്കുന്നുണ്ട്.
ഭർത്താവ് തന്നെ ആക്രമിക്കുന്ന വിവരം ബന്ധുക്കളോട് പറഞ്ഞതിൻെറയും പരിക്കിൻെറയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ കൊല്ലം സ്വദേശി വിസ്മയയുടെ മരണം സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ആലപ്പുഴ വള്ളികുന്നത്ത് 19 കാരിയും ഇടുക്കി ഉപ്പുതറയിലും യുവതികള്‍ മരിച്ചത് അടുത്ത ദിവസങ്ങളിലാണ്. തിരുവനന്തപുരത്ത് വെങ്ങാനൂരില്‍ യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി മരിച്ച നിലയില്‍ കണ്ടതും, പാലക്കാട് യുവതി പൊള്ളലേറ്റു മരിച്ചതും ഇക്കൂട്ടത്തിലുണ്ട്.
ആരുമറിയാതെ ജീവിതകാലം മുഴുവന്‍ ഭര്‍തൃവീട്ടിലെ തടവറക്കുള്ളില്‍ എരിഞ്ഞടങ്ങുന്ന എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് പുറംലോകം ഇതൊക്കെ അറിയുന്നത്. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കും.
ഭൂരിപക്ഷം പേരും ലംഘിക്കുന്ന നിയമമാണ് സ്ത്രീധന നിരോധ നിയമം. 1961ല്‍ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവുമില്ല. എന്നാല്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പേരില്‍ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ വളരെ കുറവാണു താനും. ഉയര്‍ന്ന സ്ത്രീധനം നല്‍കി പെണ്‍മക്കളെ കെട്ടിച്ചു വിടണമെന്ന് കരുതുന്നവരും അതേ രീതിയില്‍ വാങ്ങണമെന്നു കരുതുന്ന ആണ്‍മക്കളുടെ രക്ഷാകര്‍ത്താക്കളുമാണ് ഈ ദുര്യോഗത്തിന് കാരണഭൂതരാകുന്നത്. ഇതില്‍ പെണ്‍മക്കളുടെ മാതാപിതാക്കള്‍ തന്നെയാണ് പ്രധാന കുറ്റവാളികള്‍ എന്നു പറയാതിരിക്കാന്‍ വയ്യ.
മക്കളെ വില്‍പനച്ചരക്കാക്കുന്ന ഇരുകൂട്ടരുടെയും സമ്മര്‍ദ്ദം നവ ദമ്പതികളുടെ മേല്‍ ഉണ്ടാകുമ്പോള്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു. ചിലര്‍ എത്ര സമ്പന്നരായാലും അടപടലേ വീണ്ടും കിട്ടിക്കൊണ്ടിരിക്കണമെന്ന അത്യാര്‍ത്തിക്കാരാണ്. ചിലര്‍ പട്ടിണി കിടന്നായാലും മകളെ പണ്ടവും പണവുമൊക്കെ കടം വാങ്ങി നല്‍കി വിവാഹം കഴിച്ചയക്കാനാണ് താല്‍പര്യം. കൊടുക്കുന്നത് കുറഞ്ഞാലോ എന്ന് നാണക്കേടു വിചാരിക്കുന്നവരുമുണ്ട്.
സ്ത്രീധന സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കില്‍ നമുക്കു ചുറ്റും ധാരാളം ഉത്രമാരും വിസ്മയമാരും അര്‍ച്ചനമാരും വീണ്ടും ഉണ്ടാകും. വിവാഹമോചനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ സ്ത്രീധനം ചോദിച്ചതിനും വാങ്ങിയതിനും കേസുകള്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്. എന്നാല്‍ വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് ആരും കൊടുക്കാറില്ല. ഇതില്‍ നിന്നൊക്കെ മനുഷ്യന്റെ മനസ്സിലെ ഞാന്‍ എന്ന ഭാവവും ദുരഭിമാനവുമാണ് പ്രകടമാകുന്നത് എന്നത് വ്യക്തമാണ്. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമാണെന്നതു പോലെ സ്ത്രീധനം വാങ്ങുന്നവനും കൊടുക്കുന്നവനും കുറ്റവാളിയാകുന്നു എന്നതു കൊണ്ടാവാം സ്ത്രീധന നിരോധന നിയമം ഉപയോഗിക്കപ്പെടാത്തത്.
പെണ്ണിനെ പ്രായമാകുമ്പോള്‍ കെട്ടിച്ചയക്കണമെന്ന ചിന്തയും പേറി നടക്കുന്നു ഭൂരിഭാഗവും. മകള്‍ക്ക് പ്രായം ഇത്തിരി ഏറിയാല്‍ ആശങ്കയാകും. അതുകൊണ്ടുതന്നെ പെണ്‍മക്കള്‍ ജനിച്ചാല്‍ ഉടന്‍ തന്നെ ഭര്‍ത്താവിനെ വിദേശത്തേക്ക് തൊഴിലിന് പറഞ്ഞയക്കുന്ന ഭാര്യമാരുമുണ്ട്.
ഭര്‍ത്താവിന്റെ വീട്ടില്‍ തന്റെ വിഷമങ്ങളും പ്രയാസങ്ങളും തുറന്നു പറയാനും ആ ഭാരം മനസ്സില്‍ നിന്നിറക്കി വെക്കാനും പെണ്ണിന് ആരും കാണാറില്ല. സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നും തെറ്റായ സന്ദേശങ്ങള്‍ ദിവസേന കാണുന്ന അമ്മായിയമ്മമാര്‍ അതേപടി മരുമകളോടു പ്രവര്‍ത്തിക്കുകയും വൈകുന്നേരം ജോലി കഴിഞ്ഞ് വരുന്ന മകനോട് മരുമകള്‍ക്കെതിരെ അസത്യ പ്രസ്താവന നടത്തുന്നതും അത് കുടുംബ വഴക്കിലേക്കു കലാശിക്കുന്നതും ചില വീടുകളിലെങ്കിലും പതിവാണ്. ഇത്തരം ഘട്ടത്തില്‍ ഒറ്റപ്പെടുന്ന മരുമകളുടെ വിഷമം ഒരു സെക്കൻഡ് നേരത്തെ എടുത്തുചാട്ടത്തില്‍ ആത്ഹത്യയിലെത്തുകയാണ് ചെയ്യുന്നത്.
നമുക്കെല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ കഴിയുന്ന സുഹൃദ്ബന്ധം ഉണ്ടാവേണ്ടതുണ്ട്. മൊബൈല്‍ ഫോണും ആധുനിക സൗകര്യങ്ങളും ഉണ്ടല്ലോ. ഭര്‍തൃവീട്ടില്‍ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായാല്‍ അത് ആ സുഹൃത്തിനോടു പറയണം. സ്വന്തം വീട്ടുകാരെ വിഷമിപ്പിക്കരുതെന്നു കരുതി അവരോടും പറയാതിരിക്കേണ്ട കാര്യമില്ല. സ്‌നേഹമില്ലാത്ത ഭര്‍ത്താവാണെന്നു കണ്ടാല്‍ ആ ബന്ധം ഉപേക്ഷിക്കാനും തയാറാകണം. ഓരോ സ്ത്രീധന പീഡന മരണങ്ങള്‍ കഴിയുമ്പോഴും ഇവിടെ സ്ത്രീധന വിവാഹങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുന്ന മാതാപിതാക്കള്‍ ഇതൊന്നും വലിയ കാര്യമാക്കുന്നില്ല എന്നാണ് കാണുന്നത്.
സാക്ഷരതയില്‍ മുന്‍പന്തിയിലാണെങ്കിലും മലയാളി വനിതകള്‍ ജനിച്ചു വളരുന്ന ചുറ്റുപാടുകള്‍ അവളില്‍ അടിച്ചേല്‍പ്പിക്കുന്ന ചുമതലകളും ധര്‍മ്മങ്ങളും അനവധിയാണ്. ഇത് സ്ത്രീകളുടെ ശാരീരിക-മാനസിക-ലൈംഗിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രതിബന്ധമാകുകയും ചെയ്യുന്നു. ദാരിദ്ര്യം, ഗാര്‍ഹിക ഒറ്റപ്പെടല്‍, അംഗീകാരമില്ലായ്മ, പുരുഷാധിപത്യ അടിച്ചമര്‍ത്തല്‍ തുടങ്ങിയവ ഇവയില്‍ ചിലതാണ്. അമിത ജോലി, ലൈംഗിക പ്രത്യുത്പാദന സംബന്ധമായ പീഡനങ്ങള്‍, ഗാര്‍ഹിക കലഹങ്ങള്‍ തുടങ്ങിയവയും സ്ത്രീകളുടെ ശാരീരിക-മാനസികാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.
ഗര്‍ഭിണിയായിരിക്കുമ്പോഴും കുഞ്ഞിനെ വളര്‍ത്തുന്ന ഘട്ടത്തിലും സ്ത്രീകള്‍ മാനസിക രോഗത്തിന് വിധേയരാകുവാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്‍, പുരുഷന്മാരേക്കാള്‍ രണ്ടു മടങ്ങ് വിഷാദരോഗം അനുഭവിക്കുന്നവരാണ്. പെണ്‍മക്കളെ ദുര്‍ബലയായി വളര്‍ത്താതിരിക്കുക. അവരെ തൻറേടത്തോടെ പെരുമാറാൻ പഠിപ്പിക്കുക. പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ അവർക്ക് കരുത്താകുക....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.