മാനസികാരോഗ്യത്തെക്കുറിച്ചും അതിന് വഴിയൊരുക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്കും/ പഠനങ്ങൾക്കും ഏറെ പ്രസക്തിയേറുന്ന ഈയൊരു കാലത്ത്, ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു മാനസികമായ പരിചരണത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ വായനക്കാരുമായി പങ്കുവെക്കുകയാണ് കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ പി. ടി. സന്ദീഷ്
(ഡോക്ടർ പി. ടി. സന്ദീഷുമായി അനുചന്ദ്ര നടത്തിയ അഭിമുഖം)
മാനസികാരോഗ്യത്തിനു ആഗോളതലത്തിൽ മുൻഗണന നൽകുക എന്നതാണ് 2022 ലെ മാനസികാരോഗ്യ ദിന സന്ദേശം. അതായത് ശാരീരികാരോഗ്യം പോലെതന്നെ അത്യന്താപേക്ഷിതമായ ഒന്നാണ് മാനസികാരോഗ്യവും. ശാരീരിക പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം പലപ്പോഴും അവയുടെ പൊതുവായ ചില ലക്ഷണങ്ങൾ വഴി രോഗത്തെ എളുപ്പത്തിൽ മനസ്സിലാക്കുവാനുള്ള അവബോധം നമ്മുടെ സാധാരണക്കാരായ ജനങ്ങൾക്കുണ്ട്. എന്നാൽ മാനസികാരോഗ്യത്തിന്റെ കാര്യത്തിലങ്ങനെയല്ല.
മാനസിക രോഗങ്ങൾ അവനവനു വരുമ്പോൾ ഭയത്തോടു കൂടിയും മറ്റുള്ളവർക്ക് വരുമ്പോൾ തമാശയോടു കൂടിയുമാണ് ആളുകൾ സമീപിക്കുന്നത്. 'ഭ്രാന്ത്, വട്ട്, കിളി പോയി' തുടങ്ങിയ വാക്കുകളാണ് ഇത്തരം രോഗങ്ങൾക്ക് സാധാരണയായി പലരും ഉപയോഗിക്കുന്നത്. അവയിൽ കൃത്യമായ പരിഹാസം കലർപ്പുണ്ട്. അതുകൊണ്ട് തന്നെ മാനസികാരോഗ്യ പ്രശ്നങ്ങൾ വന്നവർ തങ്ങളുടെ അസുഖം പൂർണ്ണമായി മാറിക്കഴിഞ്ഞാൽ പോലും തനിക്ക് മുൻപ് ഇങ്ങനെ ഒരു അവസ്ഥയുണ്ടായിരുന്നുവെന്നും താനിപ്പോൾ അതിൽ നിന്നെല്ലാം ഭേദപ്പെട്ടുവെന്നുമൊക്കെ സമൂഹത്തോട് പറയുവാൻ വളരെയധികം ഭയക്കുന്നുണ്ട്.
രോഗം മാറിയിട്ടും ഏറ്റെടുക്കുവാനാരുമില്ലാതെ ജീവിതം വഴി മുട്ടി നിൽക്കുന്നവരും നിരവധി
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിങ്ങനെ 3 സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ കേന്ദ്രങ്ങളിലെല്ലാം നിരവധി ആളുകളാണ് രോഗം മാറിയിട്ടും ആരും ഏറ്റെടുക്കാനില്ലാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കഴിയൂന്നത്. രോഗം മാറിയതിന് ശേഷവും വീട്ടുകാർ ഏറ്റെടുക്കാൻ മടിക്കുന്ന രോഗികളും ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നുള്ള രോഗികളുമെല്ലാം ഈ പറയുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ട്. അവരെയെല്ലാം പൂർണ്ണമായ മാനസിക ആരോഗ്യത്തോടുകൂടി തിരിച്ചു അവരുടെ ഇടങ്ങളിലേക്ക് പറഞ്ഞയക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
വർഷങ്ങളോളം ചികിത്സയുമായി ആശുപത്രിയിൽ കഴിഞ്ഞവർക്ക് രോഗം മാറിക്കഴിഞ്ഞാലും സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ അനുഭവപ്പെട്ടേക്കാം. അവർക്കായി ഹാഫ് വേ ഹോംസ് അടക്കമുള്ള വിവിധ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കി വരുന്നു. അവിടെ നിന്നുകൊണ്ട് അവർക്ക് മറ്റുള്ളവരുമായി ഇടപഴകുവാനും, ജോലികളിൽ ഏർപ്പെടുവാനും വരുമാനം കണ്ടെത്തുവാനുമുള്ള അവസരങ്ങൾ ലഭിക്കുന്നു.
2017 ലെ മാനസികാരോഗ്യ നിയമപ്രകാരം മാനസിക രോഗം അനുഭവിക്കുന്നവരുടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാരീതികളും മെച്ചപ്പെടുത്താനുള്ള നടപടികൾ സർക്കാർ തലത്തിലും നീതിന്യായ നിർവ്വഹണ തലത്തിലും നടപ്പിലാക്കി വരുന്നു.. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നതുകൊണ്ടുതന്നെ ഒരു പോസിറ്റീവ് ചെയ്ഞ്ചിലേക്കാണ് മാനസികാരോഗ്യ രംഗം മാറിക്കൊണ്ടിരിക്കുന്നത്.
പലപ്പോഴും മനഃശാസ്ത്രപ്രശ്നങ്ങൾ തുടങ്ങുന്നത് നമ്മുടെ ചിന്താരീതികളിൽ നിന്നുമാണ്. നമ്മുടെ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് നമ്മുടെ കുട്ടിക്കാലത്തുള്ള ജീവിതാനുഭവങ്ങളിൽ നിന്നാണ്.അതിനകത്ത് നമ്മുടെ ചുറ്റുപാടുകൾക്ക്, സ്കൂളുകൾക്ക്, അധ്യാപകർക്ക് രക്ഷിതാക്കൾക്ക് തുടങ്ങി എല്ലാവർക്കും പങ്കുണ്ട്.
പണ്ട് ചാക്കോ മാഷിനെ പോലെ അടിച്ചമർത്തുന്ന രക്ഷിതാക്കളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നത്തെ രക്ഷിതാക്കൾ കുറേക്കൂടി ഫ്രീയായിട്ടാണ് കുട്ടികളോട് ഇടപഴകുന്നത്. എന്നാൽ ചില രക്ഷിതാക്കളുടെ ഇടപഴകലിനെ നമുക്ക് ഹെലികോപ്റ്റർ പേരന്റിങ് എന്ന് പറയാം. അതായത് കുട്ടികൾ ഒന്നും ചെയ്താൽ ശരിയാവില്ല എന്ന ധാരണയിൽ രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് എല്ലാം ചെയ്തു കൊടുക്കും. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവിടെ ആവശ്യങ്ങളെല്ലാം നിറവേറ്റപ്പെടുന്നുവെങ്കിലും അവർക്ക് സ്വയം കാര്യങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസമവിടെ നഷ്ടപ്പെടുന്നു.
മറ്റൊരു വിഭാഗം രക്ഷിതാക്കളുണ്ട്. അവരെ നമുക്ക് പെർമിസീവ് പേരന്റ്സ് എന്ന് പറയാം. തങ്ങളുടെ കുട്ടികാലത്തു തങ്ങൾക്ക് അനുഭവിക്കാൻ പറ്റാതെ പോയ സൗഭാഗ്യങ്ങൾ തങ്ങളുടെ മക്കൾക്ക് നേടിക്കൊടുക്കുക എന്നതാണ് അവർ ചിന്തിക്കുന്നത്. അതിനായി അവർ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പരമാവധി ശ്രമിക്കും. ആ സമയത്ത് സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ പലപ്പോഴും രക്ഷിതാക്കൾ മറന്നുപോകും.അതിനുപകരം നമ്മൾ ചെയ്യേണ്ടത് എല്ലാവരുടെ ആവശ്യങ്ങളും തുല്യമാണ് എന്നുള്ള ബോധ്യം കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ വളർത്തിയെടുക്കുക എന്നതാണ്.
അവനവന്റെയും മക്കളുടെയും താല്പര്യങ്ങൾക്ക് തുല്യപ്രാധാന്യം നൽകുക, ഒരേ സമയം അവ നിറവേറ്റാൻ ശ്രമിക്കുക എന്നതാണ്. സ്കൂളുകളിൽ പാഠ്യ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കുട്ടികളുടെ കഴിവുകൾ കൂടി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ അധ്യാപകർ ഇടപഴകുന്നതും അവരുടെ ആത്മവിശ്വാസവും മാനസികാരോഗ്യം മെച്ചപ്പെടുവാനും സഹായിക്കും.
കൂടാതെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചും, ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികളെക്കുറിച്ചും രക്ഷിതാക്കൾ മനസ്സിലാക്കുക. കുട്ടികളുമായി തുറന്നു സംസാരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക. ഇത്തരത്തിൽ നിരവധി കാര്യങ്ങളിലൂടെ വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.
ഒരിക്കലുമില്ല. നമ്മൾ മനുഷ്യരിൽ പലരുടെയും പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ,അവർക്ക് പലപ്പോഴും തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയാനൊരു ഇടമില്ല എന്നതാണ്.പൊതുവിൽ നമുക്ക് പരിചയമുള്ള ഒരാളോട് നമ്മൾ നമ്മുടെ പ്രശ്നങ്ങൾ പറഞ്ഞു കഴിഞ്ഞാൽ നല്ല സമയങ്ങളിൽ അവരത് കേട്ടിരിക്കുകയും , പിന്നീട് അവർക്കിടയിൽ വല്ല പ്രശ്നങ്ങളുണ്ടാവുമ്പോൾ ആ കേട്ടിരുന്ന അതേ ആളുകൾ തന്നെ മറ്റേയാളുടെ പ്രശ്നങ്ങളെ മുതലെടുത്തുകൊണ്ട് അത് അവരെ ആക്രമിക്കാനുള്ള ഒരു ആയുധമാക്കുകയുമാണ് പതിവ്. അതുകൊണ്ടുതന്നെ സ്വകാര്യ പ്രശ്നങ്ങൾ മറ്റുള്ളവരോട് തുറന്നുപറയാൻ പലർക്കും പേടിയായിരിക്കും.
എന്നാൽ ഒരു സൈക്കോളജിസ്റ്റിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് അയാളുടെ തൊഴിലിൽ ഒരു എത്തിക്സ് ഉണ്ടായിരിക്കും. തങ്ങളോട് പറയുന്ന വിവരങ്ങൾ രഹസ്യാത്മകമായി കാത്തുസൂക്ഷിക്കും. അതായത് ഒരു വ്യക്തിയുടെ സ്വകാര്യതയെ നമ്മൾ മാനിക്കും. ആ സ്വകാര്യത ചില പ്രത്യേക അവസ്ഥകളിൽ മാത്രമേ ലംഘിക്കപ്പെടാറുള്ളൂ. ആ വ്യക്തിയുടെ മാനസികാവസ്ഥ അവരുടെ തന്നെയോ മറ്റൊരാളുടെ ജീവഹാനിക്ക് കാരണം ആവുകയാണെങ്കിൽ, 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ലൈംഗിക ചൂഷണം അറിയുകയാണെങ്കിൽ, കോടതി ചില വ്യക്തികളുടെ വിവരങ്ങൾ ആവശ്യപ്പെടുന്നപക്ഷം. അല്ലാത്ത അവസരങ്ങളിൽ ഒരാളുടെ സ്വകാര്യത നമ്മൾ ഒരിക്കലും പുറത്തു പറയുകയില്ല.
അതുകൊണ്ട് തന്നെ എപ്പോഴും പ്രഫഷണൽ ആയിട്ടുള്ള ഒരാളെ സമീപിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. മാത്രമല്ല ഒരു രോഗി നമ്മളെ സമീപിക്കുമ്പോൾ അയാളോട് നമ്മൾ സംസാരിച്ചു അവരെ വളരെ കംഫർട്ട് ആക്കിയതിനു ശേഷം മാത്രമേ നമ്മൾ അവർക്ക് ട്രീറ്റ്മെന്റിലേക്ക് എത്തുന്ന സാഹചര്യം ഒരുക്കൂ. സത്യത്തിൽ അവരുടെ ഉള്ളിലെ പ്രശ്നങ്ങൾ അവർ നമ്മളോട് തുറന്നു പറയുമ്പോൾ തന്നെ അവർക്ക് പരമാവധി ആശ്വാസം ലഭിക്കുന്നു എന്നുള്ളതാണ് യാഥാർഥ്യം.
ഉദാഹരണത്തിന് വിഷാദം വന്ന ഒരു വ്യക്തിക്ക് നമ്മൾ നൽകുന്ന ചികിത്സ Cognitive behavioral therapy (CBT) ആയിരിക്കും. എന്നാൽ ഒബ്‌സ്സെസ്സിവ് കമ്പൽസിവ് ഡിസോർഡർ(OCD) ബാധിച്ച ഒരു രോഗിക്ക് നൽകുന്ന ചികിത്സ exposure and response prevention (ERP) ആയിരിക്കും. ഇത്തരത്തിൽ ഓരോ രോഗത്തിനും ഓരോ ചികിത്സാരീതികൾ ഉണ്ട്.
നമ്മുടെ നാട്ടിലെ സൈക്കോളജിസ്റ്റുകളിൽ എത്രത്തോളം ആളുകൾ പ്രഫഷണലി ക്വാളിഫൈഡ് ആണെന്നുള്ള കാര്യത്തിൽ പലർക്കും യാതൊരു അറിവുമില്ല. തപാൽ വഴി ഓൺലൈൻ വഴിയും മനഃശാസ്ത്രം പഠിച്ച് വേണ്ടത്ര യോഗ്യതകൾ ഇല്ലാതെ സൈക്കോളജിസ്റ് ആയി പ്രവർത്തിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട്.
രോഗികൾ ക്വാളിഫൈഡ് ആയിട്ടുള്ള ആളുകളിൽ എത്തിപ്പെടാതെ ഇത്തരത്തിലുള്ള ആളുകളിലേക്ക് പലപ്പോഴും വഴിതെറ്റി എത്തിപ്പെടുന്നുണ്ട്. അവിടെനിന്നുമാണ് പലപ്പോഴും ഇത്തരത്തിലുള്ള മാനുഷികവും വിശകലനപരവും ആയിട്ടുള്ള ചികിത്സ രോഗികൾക്ക് സൈക്കോളജിസ്റ്റിൽ നിന്ന് ലഭിക്കാതെ പോകുന്നത്. വിദ്യാഭ്യാസ യോഗ്യതയും ശാസ്ത്രീയ സമീപനവും ഒരു രോഗിയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാനുള്ള കഴിവുമാണ് ഒരു മനശാസ്ത്രജ്ഞന് ആവശ്യം. അത് ഇല്ലാതെ വരുമ്പോഴാണ് രോഗികൾ ബുദ്ധിമുട്ടുന്നത്.
ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോ വ്യക്തിയെ സമീപിക്കേണ്ട രീതിയും വ്യത്യസ്തമാണ്. ഒരു മനശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയുടെയും അവരുടെ ജീവിതത്തെയും വളർന്ന ചുറ്റുപാടിനെയും അനുഭവത്തെയും മാനസിക രോഗാവസ്ഥയേയും അടിസ്ഥാനമാക്കിയാണ് രോഗനിർണയവും മനശാസ്ത്ര ചികിത്സയും നൽകേണ്ടത്.
സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കാർ, സൈക്യാട്രിക് നേഴ്സ് എന്നിവർ ചേർന്നുള്ള ഒരു മെന്റൽ ഹെൽത്ത് ടീമാണ് രോഗിയെ ചികിത്സിക്കേണ്ടതും അവരെ റീഹാബിലിറ്റേറ്റ് ചെയ്ത് സമൂഹത്തിലേക്ക് മടങ്ങിവരുവാൻ സഹായിക്കേണ്ടതും.
ഒരു ചെറിയ പെൺകുട്ടിക്ക് നടക്കുവാൻ തീരെ വയ്യാത്ത ഒരവസ്ഥ വന്നു. ആദ്യം പീഡിയാട്രിസിനെ കാണിക്കുകയും, പിന്നീട് ഓർത്തോപിഡീഷ്യൻ കാണിക്കുകയും അതിനുശേഷം ന്യൂറോളജിസ്റ്റിനെ കാണിക്കുകയുമൊക്കെ ചെയ്തെങ്കിലും ആ കുട്ടിയുടെ അസുഖം ഭേദപ്പെട്ടില്ല. രോഗനിർണ്ണത്തിനായി ചെയ്ത ചെക്കപ്പുകളിലെല്ലാം കുട്ടിക്ക് യാതൊരുവിധ ശാരീരിക പ്രശ്നവുമില്ല എന്നാണ് കണ്ടെത്തിയത്. അങ്ങനെയാണ് ആ കുട്ടിയെയും കൊണ്ട് രക്ഷിതാക്കൾ എന്നെ സമീപിക്കുന്നത്. കുട്ടിയുമായി സംസാരിച്ചപ്പോൾ കുട്ടിയുടെ യഥാർഥ പ്രശ്നം മനസ്സിലാക്കാൻ സാധിച്ചു.
നാലാം ക്ലാസ് വരെയും തന്റെ സ്കൂളിൽ പഠിക്കാൻ മിടുക്കിയായ പെൺകുട്ടി സ്കൂളിലെ അധ്യാപകരുടെ വരെ പ്രിയപ്പെട്ടവളായിരുന്നു. തുടർന്ന് അഞ്ചാം ക്ലാസിലേക്ക് പുതിയ സ്കൂളിലെത്തിയ പെൺകുട്ടിക്ക് പഴയ സ്കൂളിൽ ലഭിച്ച അത്ര പരിഗണന പുതിയ സ്കൂളിൽ അധ്യാപകരിൽ നിന്ന് ലഭിക്കുന്നില്ല എന്നുള്ള തോന്നൽ വന്നു. അതോടൊപ്പം തന്നെ, തന്നോളം പഠിക്കാൻ സാധിക്കുന്ന മറ്റൊരു കുട്ടി കൂടി അതേ ക്ലാസിൽ ഉണ്ടെന്നായപ്പോൾ അവൾക്ക് ചെറിയ രീതിയിലുള്ള ടെന്ഷൻ വന്നു തുടങ്ങി. ഒരിക്കൽ അവൾ വീട്ടിൽ നിന്ന് കളിക്കുമ്പോൾ കാലിൽ കുപ്പിച്ചില് കൊണ്ട് മുറിവായി.
തുടർന്ന് മൂന്നാഴ്ചയോളം സ്കൂളിൽ പോകാതിരുന്ന പെൺകുട്ടി വീട്ടിലിരുന്ന് ഭംഗിയായി തന്റെ പാഠങ്ങൾ പഠിച്ചു. ശേഷം ക്ലാസിലേക്ക് പോയ അവൾ സ്കൂളിൽ വെച്ച് നടത്തിയ ഒരു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയപ്പോൾ അധ്യാപകർ വരെ അതിശയിച്ചു. കൃത്യമായി ക്ലാസിൽ വരാതിരുന്ന കുട്ടിക്ക് എങ്ങനെ ഇത് സാധിച്ചു എന്ന കാര്യത്തിൽ അത്ഭുതപ്പെട്ട അധ്യാപകർക്ക് അവൾ പ്രിയപ്പെട്ടവളായി. അതിനുശേഷമാണ് പിന്നീട് ആ കുട്ടിക്ക് തന്റെ കാലിൽ വീണ്ടും എന്തോ പരിക്കുപറ്റിയെന്നുള്ള തോന്നലും, മുടന്തിക്കൊണ്ടുള്ള നടത്തവുമെല്ലാം തുടങ്ങിയത്.
ഓരോ തവണ അവളെ ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോകുമ്പോഴും അവൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയായി. എങ്കിലും അവൾ കൃത്യമായി വീട്ടിലിരുന്ന് പഠിക്കുകയും ക്ലാസിൽ എന്നൊക്കെ പരീക്ഷയുണ്ടെന്ന് കൃത്യമായി അന്വേഷിക്കുകയും ചെയ്തു. തുടർന്ന് ആ ദിവസങ്ങളിൽ നടക്കാൻ സാധിക്കാത്ത അവൾ തന്റെ അച്ഛന്റെ സഹായത്തോടുകൂടി സ്കൂളിൽ എത്തുകയും പരീക്ഷകൾ കൃത്യമായി എഴുതുകയും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് നല്ല മാർക്ക് നേടുകയും ചെയ്തു. ഇത് അധ്യാപകരിൽ നിന്ന് അവൾക്ക് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന സാഹചര്യം ഒരുക്കി.
അതോടൊപ്പം തന്നെ രോഗാവസ്ഥയെ കുറിച്ചുള്ള അന്വേഷണം ,വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വല്ലപ്പോഴും നേരിൽ കാണുന്ന സമയങ്ങളിൽ സംഭവിക്കുന്നത് അവളെ സന്തോഷപ്പെടുത്തി. അതോടുകൂടി തന്നെ മറ്റാരും സ്നേഹിക്കുന്നില്ല എന്നുള്ള തോന്നൽ അവൾക്ക് ഇല്ലാതായി. മാത്രമല്ല താൻ എപ്പോഴും ക്ലാസിൽ ഒന്നാമതാണെന്നുള്ള ആത്മവിശ്വാസവും അവൾക്ക് ലഭിച്ചു തുടങ്ങി. കൂടാതെ താൻ രോഗി ആണെന്നുള്ള ഒരു കാരണത്താൽ തനിക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന അവൾ പോലും അറിയാതെ അവളെ കൂടുതൽ സ്വാധീനിച്ചു തുടങ്ങി.
അതിൽ പിന്നെ അവൾക്ക് സ്വയം തോന്നുകയായിരുന്നു തനിക്ക് വീണ്ടും പരിക്കുപറ്റിയെന്നും തന്റെ കാലിന് വീണ്ടും പ്രശ്നങ്ങൾ നേരിടുന്നു എന്നും ചലന പ്രശ്നങ്ങൾ ഉണ്ടെന്നുമെല്ലാം. ഈ കുട്ടിയുമായി സംസാരിച്ചതിനു ശേഷം അവളെ കാര്യങ്ങൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കി, സൈക്കോ തെറാപ്പിയിലൂടെ കുട്ടിയുടെ പ്രശ്നം പരിഹരിച്ചു. ഇങ്ങോട്ട് നടക്കാൻ പ്രയാസപ്പെട്ടുവന്ന പെൺകുട്ടി തിരിച്ചു പോകുമ്പോൾ വളരെയേറെ അനായാസമായി നടന്നു കൊണ്ടാണ് പോയത്. കുട്ടികൾ മാത്രമല്ല വലിയവരിലും ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ട്. അവയെ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.
നമ്മുടെ അടുത്ത് വരുന്ന പലതരം രോഗികളുണ്ട്. ഉദാഹരണമായി ശബ്‌ദം നഷ്ടപ്പെട്ടു, കാഴ്ച നഷ്ടപ്പെട്ടു, തുടങ്ങിയ പ്രശ്നങ്ങളാൽ വരുന്നവരാണെങ്കിൽ, ശാരീരികമായ കാരണങ്ങളാൽ അല്ല ഈ രോഗാവസ്ഥകൾ എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നീട് തീർച്ചയായും സമീപിക്കേണ്ടത് മാനസികാരോഗ്യ വിദഗ്ധരെയാണ്. ഇതെല്ലാം വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ പറ്റുന്ന രോഗങ്ങളാണ്.
എന്നാൽ അതിനൊന്നും ശ്രമിക്കാതെ രോഗം മാറ്റുവാൻ പലരും ആദ്യം തന്നെ അത്തരത്തിൽ പല മന്ത്രവാദികളുടെയും അടുത്തൊക്കെ പോയി രോഗത്തെ വളരെ പഴക്കം ചെന്ന അവസ്ഥയിൽ എത്തിക്കും. പഴക്കമുള്ള രോഗം മാറ്റിയെടുക്കാൻ എല്ലായിപ്പോഴും സമയമെടുക്കും. അതിനേക്കാൾ നല്ലത് നേരത്തെ തന്നെ ശാസ്‌ത്രീയമായി രോഗം മാറ്റുവാൻ ശ്രമിക്കുന്നതാണ്.
രോഗത്തെ രോഗമായി അംഗീകരിക്കുക. രോഗത്തെക്കുറിച്ച് അറിയാത്ത ആളുകൾക്ക് അവബോധം നൽകുക. നൂറിലധികം മാനസിക രോഗങ്ങൾ നിലനിൽക്കുന്നു എന്നും ഓരോ രോഗത്തിനും ഓരോ തരത്തിലുള്ള ചികിത്സാരീതികൾ ഉണ്ട്.
നമ്മുടെ മാനസിക ആരോഗ്യം നിലനിർത്തുവാൻ ഏറ്റവും ആവശ്യം എന്ന് പറയുന്നത് ചിട്ടയായ ജീവിത ശൈലി, മാനസികസമ്മർദങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ഇമോഷൻസ് പോസിറ്റീവ് ആയി നിയന്ത്രിക്കുവാനുള്ള കഴിവ്,
സന്തോഷത്തോടുകൂടി, പോസിറ്റീവായി, ശുഭാപ്തി വിശ്വാസത്തോടുകൂടി കാര്യങ്ങളെ സമീപിക്കുവാനുള്ള കഴിവ്, നല്ല ഉറക്കം, വ്യായാമം, വ്യക്തിബന്ധങ്ങൾ, പഠനം/ജോലി എന്നിവ ആരോഗ്യകരമായി നിർഹിക്കുവാൻ കഴിയുക എന്നതാണ്. മാനസികാരോഗ്യം മെച്ചപ്പെട്ടു കഴിഞ്ഞാൽ ചുറ്റുമുള്ള പ്രശ്നങ്ങളെയും യുക്തിപൂർവ്വം അഭിമുഖീകരിക്കുവാൻ നമ്മൾ പ്രാപ്തരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.