മറ്റുള്ളവരുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവിനെയാണ് തന്മയീഭാവശക്തി അഥവാ എമ്പതി എന്നു പറയുന്നത്. എനിക്ക് നിങ്ങളെ മനസ്സിലാകും എന്ന് സ്ഥിരമായി പറയുന്നവരാണ് നാമെല്ലാവരും. എന്നാല്‍ എത്രത്തോളം നാം അവരെ മനസ്സിലാക്കുന്നുണ്ട്. ഒഴുക്കിന് പറഞ്ഞുപോകുന്നതിനപ്പുറം മറ്റുള്ളവരെ കാര്യമായി മനസ്സിലാക്കാനോ അവരുടെ സ്ഥാനത്തു നിന്ന് ആലോചിക്കാനോ പലപ്പോഴും നാം മെനക്കെടാറില്ല.
തിരക്കുപിടിച്ച ജീവിതത്തില്‍ പലര്‍ക്കും അതിനു സമയവുമില്ല എന്നതാണ് വാസ്തവം. കൂടാതെ മറ്റൊരാളെ അയാളുടെ സ്ഥാനത്തു നിന്നു മനസ്സിലാക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഒരാളുടെ ജീവിത സാഹചര്യങ്ങളെ, അയാളുടെ ചിന്തകളെ വികാരങ്ങളെ യഥാര്‍ത്ഥമായി സങ്കല്പ്പിക്കാന് കഴിയുന്നതിനെയാണ് തന്മയീഭാവം എന്നു പറയുന്നത്. ആ കഴിവിനെ തന്മയീഭാവശക്തി എന്നും. നല്ല വ്യക്തികളായി ജീവിക്കാന്‍ മാത്രമല്ല, നല്ല നേതാക്കന്മാരാവാനും ശരിയായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിനും എമ്പതി ആവശ്യമാണ്.
എമ്പതിയും സിമ്പതിയും ഒന്നല്ല. മറ്റുള്ളവരുടെ വിഷമം കാണുമ്പോള്‍ അവരോട് ദയ തോന്നുന്നതും അത് നമ്മുടെ അവസ്ഥ തന്നെയായി ഉള്‍ക്കൊള്ളുന്നതും രണ്ടാണ്. അവര്‍ക്കീ അവസ്ഥ വന്നല്ലോ എന്ന തോന്നലാണ് സഹതാപം. ആ അവസ്ഥ തന്റേതായി സങ്കല്‍പ്പിച്ച് അനുകൂലമായി അവരോട് പെരുമാറാന്‍ കഴിയുന്നതാണ് എമ്പതി. എന്നാല്‍ രണ്ടിനെയും ഒന്നായാണ് പലരും മനസ്സിലാക്കുന്നത്.
കുട്ടികളില്‍ എമ്പതി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്. ഏതു കാര്യവും എളുപ്പം ശീലിപ്പിക്കാന്‍ കഴിയുന്നത് കുട്ടികളായിരിക്കുമ്പോഴാണല്ലോ. എമ്പതി കുട്ടികളെ നല്ല മനുഷ്യന്മാരായി വാര്‍ത്തെടുക്കുന്നു. അതിനായി ആളുകളോട് ഇടപെടാനും പരസ്പര ബഹുമാനത്തോടും സമഭാവനയോടും പെരുമാറാനും അവരെ ശീലിപ്പിക്കുക. വീട്ടിലെ ജോലിക്കാരോടും പാവപ്പെട്ടവരോടും ഏറ്റവും നല്ല രീതിയില്‍ ഇടപെടാന്‍ പഠിപ്പിക്കുക. എല്ലാവരും തുല്യരാണെന്നും ആരും ആരെക്കാളും വലുതോ ചെറുതോ അല്ലെന്നും പറഞ്ഞുകൊടുക്കുക.
●മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് സങ്കല്‍പ്പിക്കുക
മറ്റുള്ളവരുടെ സ്ഥാനത്ത് നിങ്ങളെ സങ്കല്‍പ്പിച്ച് അവരുടെ പ്രശ്നങ്ങളെയും ചിന്തകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ അവരെ അവരായിത്തന്നെ ഉള്‍ക്കൊള്ളാനും അവരുടെ പ്രശ്നങ്ങള്‍ നമുക്ക് മനസ്സിലാകുകയും ചെയ്യുകയുള്ളൂ. അനാവശ്യമായി മറ്റുള്ളവരെ കുറ്റം പറയാനും വിമര്‍ശിക്കാനുമുള്ള പ്രേരണ ഈ രീതിയില്‍ ഒഴിവാക്കാനും കഴിയും.
●നല്ല കേള്‍വിക്കാരാകുക
മറ്റുള്ളവരെ പറയാന്‍ അനുവദിക്കുക. ക്ഷമയില്ലാതെ നിങ്ങള്‍ കൂടുതല്‍ സംസാരിച്ച് അവരെ പറയാന്‍ അനുവദിക്കാതിരിക്കുന്നത് മോശം ശീലമാണ്. അവരുടെ പ്രയാസങ്ങളും സന്തോഷങ്ങളും ശ്രദ്ധയോടെ കേട്ടിരിക്കുക. ആവശ്യമെങ്കില്‍ അഭിപ്രായങ്ങളും നിര്‍ദ്ദശങ്ങളും പങ്കുവയ്ക്കാം. നല്ല കേള്വിക്കാരാവുന്നത് തന്മയീഭാവത്തിന് തീര്‍ച്ചയായും വേണ്ട ഗുണങ്ങളിലൊന്നാണ്.
●ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുക
ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ആളുകളെ കൂടുതല്‍ അടുത്തറിയുന്നതിന് സഹായിക്കും. വിവിധ വിഷയങ്ങളില്‍ അവരുടെ ചിന്തകളും വൈകാരിക തലങ്ങളും എന്തെന്ന് മനസ്സിലാകും. പരസ്പരമുള്ള ബന്ധം വളരുന്നതിനും ഇത് നല്ലതാണ്.
●സംവാദങ്ങളില്‍ പങ്കെടുക്കുക
ആരോഗ്യകരമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളും ചിന്തകളും വിശദമായി മനസ്സിലാക്കുന്നതിന് സഹായിക്കും. പലപ്പോഴും അവര്‍ അവരുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കില്ല പങ്കുവയ്ക്കുന്നത്.
വിഷയത്തില്‍ അവര്‍ക്കുള്ള അറിവുകൂടിയായിരിക്കും. ഇത് വിശാലമായ ഫ്രെയിമില്‍ കാര്യങ്ങളെ കാണാനും മനസ്സിലാക്കാനും സഹായിക്കുന്നു. മാത്രമല്ല, എതിരഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും മനസ്സിലാക്കിത്തരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.