ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും; നിങ്ങളുടെ കുട്ടി ഹാപ്പിയോണോ...?

വിദ്യാലയങ്ങളില്‍ 10 മാസം കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികള്‍ക്ക് ലോക്ഡൗണ്‍ അപ്രതീക്ഷിത പ്രഹരമാണ്. മാര്‍ച്ചില്‍ അവസാനപാദ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദര്‍ശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് നമ്മൾ വീട്ടിൽ തന്നെ ഇരുത്തിയിരിക്കുന്നത്. ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികള്‍ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളില്‍ കഴിയുന്ന അവര്‍ക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടതാണ്. കാരണം, ലോക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികളില്‍ മാനസിക സംഘര്‍ഷവും ശാരീരിക പ്രയാസങ്ങളും സൃഷ്ടിക്കുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു കുട്ടി മാത്രമുള്ള വീടുകളിലാണ് അവര്‍ ഏകാന്ത തടവുകാരായത്. ജൂണില്‍ വിദ്യാലയങ്ങള്‍ തുറക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ലോക്ഡൗണ്‍ നീട്ടുകയും എല്‍.പി വിഭാഗം മുതല്‍ കോളജ് തലംവരെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ആയതിനാല്‍ അത് കുട്ടികള്‍ക്ക് ആസ്വാദ്യകരവും പഠന പ്രേരകമാവുകയും ചെയ്തു. എന്നാല്‍ ടി.വി ഇല്ലാത്ത വീടുകളിലെയും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിക്കുന്ന കുട്ടികളും മൊബൈല്‍ ഫോണുകളെയാണ് ആശ്രയിക്കുന്നത്.

മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം

മൊബൈല്‍ ഫോണുകളില്‍ നോക്കിയിരുന്നുള്ള തുടര്‍ച്ചയായ പഠനം കുട്ടികളില്‍ കണ്ണ് വേദന, കണ്ണിലെ ചുവപ്പ്, കാഴ്ച്ചകുറവ്, പിടലി വേദന, മാനസിക സംഘര്‍ഷം എന്നിവ ഉണ്ടാക്കുന്നതായി രക്ഷാകര്‍ത്താക്കള്‍ പറയുന്നു. വരും ദിവസങ്ങളില്‍ കണ്ണാശുപത്രികള്‍ക്കും കണ്ണട വില്‍പന കടകള്‍ക്കും നല്ല കാലമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ രാവിലെ തുടങ്ങുന്ന പഠനം അര്‍ധരാത്രി ആയാലും തീരാത്ത സ്ഥിതിയാണ്. സൂം, ഗൂഗിള്‍ മീറ്റ് വഴിയുളള ക്ലാസുകളില്‍ ഹാജരായി മൊബൈല്‍ഫോണില്‍ അധ്യാപകര്‍ അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും അതില്‍ നോക്കിയിരുന്ന് ബുക്കിലേക്ക് പകര്‍ത്തിയെഴുതുന്നത് സസൂക്ഷ്മവും ആയാസകരവുമാണ് കുട്ടികള്‍ക്ക്. വിദ്യാലയങ്ങളിലാണെങ്കില്‍ രാവിലെ 9.30നു തുടങ്ങി വൈകീട്ട് 3.15 നാണ് ക്ലാസുകള്‍ അവസാനിക്കുക.

അധ്യാപകരുടെ സ്ഥിതിയും വിഭിന്നമല്ല. വൈദ്യുതി മുടക്കവും നെറ്റ് വര്‍ക്ക് തകരാറും ഓണ്‍ലൈന്‍ അധ്യാപനത്തിലെ പരിചയക്കുറവും വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ ശകാരവുമൊക്കെ അവര്‍ക്കും ഉത്ക്കണ്ഠയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു.

മൊബൈല്‍ ഫോണ്‍; ആരോഗ്യപ്രശ്‌നങ്ങള്‍

കുട്ടികള്‍ മണിക്കൂറുകൾ മൊബൈല്‍ ഫോണില്‍ ഗെയിമില്‍ മുഴുകുന്നതും വിദ്യാലയങ്ങളില്‍ ഇവ വിലക്കിയിരുന്നതുമായ അവസരത്തിലാണ് ഓണ്‍ലൈന്‍ ക്ലാസിനുവേണ്ടി ദിവസത്തിന്‍റെ ഭൂരിഭാഗവും കുട്ടികള്‍ വിനിയോഗിക്കുന്നത്. മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭിണികളും 13 വയസു വരെയുള്ള കുട്ടികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനേ പാടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത് ഇതിന്‍റെ ദോഷങ്ങളുടെ വെളിച്ചത്തിലാണ്.

ദിവസം ഒരു മണിക്കൂറില്‍ അധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ആത്മഹത്യ പ്രവണത കൂടുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇങ്ങനെയുള്ള കുട്ടികളുടെ തലച്ചോറിന്‍റെ ഇടതും വലതും വശങ്ങള്‍ തമ്മിലുള്ള ഏകോപനം കുറയും. അങ്ങനെയായാല്‍ ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, അക്രമസ്വഭാവം, ആത്മഹത്യപ്രവണത എന്നിവ വർധിക്കാൻ സാധ്യത ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇവയുടെ അമിത ഉപയോഗംമൂലം കുട്ടികളില്‍ എ.ഡി.എച്ച്.ഡി, ഹൈപ്പര്‍ ആക്റ്റിവിറ്റി തുടങ്ങി രക്താര്‍ബുദം വരെ ഉണ്ടാകാന്‍ കാരണമാകുന്നു.

മുതിര്‍ന്നവരെക്കാള്‍ കുട്ടികളെ ഇത് സാരമായി ബാധിക്കുന്നു. കുട്ടികളുടെ ത്വക്കു മുതല്‍ ഓരോ അവയവങ്ങളും വളര്‍ച്ച എത്താത്തതായതിനാല്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇവയുടെ റേഡിയേഷന്‍ ഓരോ അവയവത്തേയും ബാധിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇവയില്‍ നിന്നു വരുന്ന ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയേഷന്‍ മുതിര്‍ന്നവരേക്കാള്‍ രണ്ട് ഇരട്ടിയിലധികം വേഗത്തില്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു.

കുട്ടികളുടെ തലച്ചോറിന്‍റെ കട്ടിക്കുറവും തലച്ചോറിലെ വെള്ളത്തിന്‍റെ അളവ് കൂടുതലാണെന്നതും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു.

മാനസിക പ്രശ്‌നങ്ങള്‍

ലോക്ഡൗണ്‍ കാലത്ത് കുട്ടികളില്‍ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകുന്നതായി രക്ഷാകര്‍ത്താക്കള്‍ പറയുന്നു. പുറത്ത് പോകാന്‍ കഴിയാതെ വീടിനുള്ളില്‍ ഒതുങ്ങി കൂടുന്നതിന്‍റെ ബുദ്ധിമുട്ടുകളാണ് അവരെ അലട്ടുന്നത്. നേരത്തെ മാനസിക രോഗമോ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നവരോ ആണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. എവിടെയെങ്കിലും പോകാന്‍ സ്വയം തീരുമാനിക്കാന്‍ കഴിയില്ലെന്ന നിസഹായാവസ്ഥ ഉണ്ടാകുന്നതും മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്.


രക്ഷാകര്‍ത്താക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, എന്തില്‍ നിന്നും ഉള്‍വലിയുന്ന സ്വഭാവം എന്നിവ അവര്‍ പ്രകടിപ്പിക്കുന്നു. ചില കുട്ടികള്‍ക്ക് ഉറക്കത്തില്‍ ബുദ്ധിമുട്ടുകളോ ദു:സ്വപ്നങ്ങളോ കിടക്കയില്‍ മൂത്രമൊഴിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം. കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ട സമയമാണിത്. അവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മനസിലാക്കുകയും വേണം. അവരുമായുള്ള ആശയ വിനിമയങ്ങള്‍ സുതാര്യമാകണം. കുട്ടികള്‍ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങള്‍ മുതിര്‍ന്നവരില്‍ നിന്നാണ് പഠിക്കുന്നത് എന്നതിനാല്‍ അവരുടെ വിഷമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് അവര്‍ക്ക് ആശ്വാസം പകരും.

ദേഷ്യം, സങ്കടം മുതലായ വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ ഒരുക്കണം. പുറത്തിറങ്ങാനോ മറ്റു കുട്ടികളുമായി സംസാരിക്കാനോ അവസരമില്ലാത്ത ഈ സാഹചര്യത്തില്‍ ആവശ്യത്തിന് വിശ്രമത്തിനും കളികള്‍ക്കും കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ അവസരം ഒരുക്കുകയും രക്ഷാകര്‍ത്താക്കള്‍ കൂടെ കൂടുകയും വേണം. കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ കാട്ടുന്ന കുട്ടികളെ സൈക്കോളജിസ്റ്റിനെ കാണിക്കാന്‍ മടിക്കരുത്. കോവിഡ് 19നെ കുറിച്ച് കുട്ടികളിൽ ആശങ്ക സൃഷ്ടിക്കുന്ന വര്‍ത്തമാനങ്ങളും പാടില്ല. കഥകളും കവിതകളും ചിത്രങ്ങളും രചിക്കാന്‍ കുട്ടികളോട് പറയുകയും അതുവഴി ആശങ്ക അകറ്റാനും കഴിയും. രക്ഷാകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നോട്‌സ് എഴുതാനും ഹായിക്കണം.

മേശക്ക് മുകളിൽ സ്റ്റാൻഡില്‍ മൊബൈല്‍ ഫോണ്‍ വെച്ച് കസേരയില്‍ നേരെ ഇരുന്ന് കാണുകയും വായിക്കുകയും ഇടക്കിടെ കണ്ണിന് വിശ്രമം നല്‍കുകയുംവേണം. കണ്ണിനും കഴുത്തിനുമുള്ള വ്യായാമം ചെയ്യുന്നതും വീടിനു പുറത്തിറങ്ങി പച്ചപ്പിലേക്ക് ദൃഷ്ടി പതിപ്പിക്കുകയും ചെയ്യുന്നതും ഗുണം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.