നമ്മുടെയൊക്കെ ശത്രു നമ്മുടെ ഉള്ളില്‍ത്തന്നെയാണുള്ളത്. മനസ്സ് സൃഷ്ടിക്കുന്ന കുറേ തടസ്സങ്ങള്‍ നമ്മളെ വിജയത്തിലെത്തിക്കാതെയിരിക്കുന്നു. നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള ആ ശത്രു മനസ്സ് സൃഷ്ടിക്കുന്ന പ്രതിരോധമാണ്. നമ്മള് എന്തെങ്കിലും ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന സമയത്താണ് ഈ ശത്രു പുറത്തുചാടുന്നത്. അത് അദൃശ്യവും ബുദ്ധികൂര്മ്മതയുള്ളതുമാണ്. ഉപബോധമനസ്സിലാണ് ഈ പ്രതിരോധം പ്രവര്‍ത്തിക്കുന്നത്. അത് അകാരണവും ഓരോരുത്തരിലും വ്യത്യസ്തവുമാണ്. അതിന്റെ അന്തിമഫലം എല്ലായ്പ്പോഴും നെഗററ്റീവായിരിക്കും. ഇതിനെ മറികടക്കാന്‍ ചില വഴികളുണ്ട്. നമ്മുടെ ലക്ഷ്യത്തോടും, നമ്മുടെ പ്രവൃത്തികളോടും വളരെയധികം സമര്‍പ്പണവും പ്രതിജ്ഞാബദ്ധവുമായിരിക്കുക എന്നതാണ് ഇതിനെ മറികടക്കാനുള്ള ആദ്യവഴി.
ജോലിയും വ്യക്തിജീവിതവും ബന്ധങ്ങളും ഗൗരവകരമായ അച്ചടക്കത്തോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് മറ്റൊരു വഴി. നിശ്ചയദാര്‍ഢ്യമാണ് മറ്റൊരു മാര്‍ഗം. ഒരു കാര്യമോ ലക്ഷ്യമോ തീരുമാനിക്കപ്പെട്ടാല്‍ അതിനുവേണ്ടി കാര്‍ക്കശ്യത്തോടെ നിലനില്ക്കാന് കഴിയണം. കാര്യങ്ങള്‍ മാറ്റിവെക്കുന്ന (പ്രോകാസ്റ്റിനേഷന്‍) ശീലമാണ് നമ്മുടെ മറ്റൊരു ശത്രു. ഇത് ഭൂരിഭാഗം മനുഷ്യരിലും വളരെ ലൈവായി നില്ക്കുന്ന ഒന്നാണ്. ഇതിനെ മറികടക്കല്‍ അത്ര എളുപ്പമല്ലെങ്കിലും ചില കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ നല്കുന്നതുവഴി ഒരുപരിധി വരെ ഇതില്‍നിന്ന് പുറത്തുകടക്കാവുന്നതാണ്.
ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ക്ക് ഡെഡ് ലൈന്‍ വെക്കണം. കാര്യങ്ങളുടെ പ്രാധാന്യവും ആവശ്യവുമനുസരിച്ച് ചെയ്തുതീര്ക്കേണ്ടതിന് മുന്‍ഗണനയും സമയവും നിശ്ചയിക്കുക. ഓരോ കാര്യവും നിശ്ചയിച്ച സമയപരിധിക്കകം ചെയ്തു തീര്‍ക്കാന്‍ പ്രത്യേക ശ്രദ്ധയും ശ്രമവും വേണം. പെര്ഫക്ഷനിസമാണ് മാറ്റിവെക്കേണ്ട മറ്റൊരു ശീലം. 85 ശതമാനം പെര്ഫക്ഷന് ധാരാളമാണ്. നൂറു ശതമാനത്തിനു വേണ്ടി ശ്രമിച്ച് സമയത്ത് ചെയ്തുതീര്ക്കാന് കഴിഞ്ഞില്ലെങ്കില്‍ അതുകൊണ്ടെന്ത് പ്രയോജനം. ഒന്നും ചെയ്യാത്തതിനേക്കാള്‍ നല്ലതാണ് കുറച്ചെങ്കിലും ചെയ്യുന്നത് എന്ന ഫിലോസഫിയില്‍ വിശ്വസിക്കുക.
കംഫര്‍ട്ട് സോണിനു പുറത്തുകടക്കാനോ നമ്മളില്‍ മാറ്റം വരുത്താനോ നമ്മള് തയ്യാറല്ല. കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്നും നമ്മെ തടസ്സപ്പെടുത്തുന്ന ഒരു പ്രശ്നം ഇതാണ്. നമ്മെ പുറകോട്ടുവലിക്കുന്ന മറ്റു രണ്ടു കാര്യങ്ങളാണ് സംശയവും പേടിയും. ഞാനാരാകണം, എനിക്ക് എന്തൊക്കെ വേണം, അതിനായി എന്തൊക്കെ ചെയ്യണം തുടങ്ങിയ സംശയങ്ങള്‍ നമ്മളെ ഒരിടത്തും എത്തിക്കാതെ പോകുന്നു. നിങ്ങള്‍ക്ക് ആരാകണം, എന്ത് നേടണം എന്നീ കാര്യങ്ങളില്‍ വ്യക്തമായ ഉത്തരം കണ്ടെത്തിയാല്‍ മാത്രമേ മറ്റെന്തിനും പ്രസക്തിയുള്ളൂ. പേടി നമ്മുടെയുള്ളിലാണുള്ളത്. പലപ്പോഴും അകാരണവും യുക്തിരഹിതവുമാണ് നമ്മുടെ പേടി. പേടി മാറ്റി തല്‍സ്ഥാനത്ത് വിശ്വാസം കൊണ്ടുവരണം. നമ്മളെക്കൊണ്ട് കഴിയും, പേടിച്ച് മാറിനില്‍ക്കുന്നതുകൊണ്ട് നഷ്ടം മാത്രമാണുണ്ടാകുക എന്ന മനസ്സിലാക്കല്‍ വളരെ ആവശ്യമാണ്. സ്ത്രീകളില്‍ പൊതുവേ കാണുന്ന മറ്റൊരു തടസ്സമാണ് നാണക്കേട്. അത് ചെയ്താല്‍ ആരെങ്കിലും കളിയാക്കുമോ എന്നുള്ള തോന്നല്‍. ആത്മാഭിമാനം വളര്‍ത്തിയെടുത്ത് എന്തു ചെയ്യുന്നതിനുമുള്ള തന്റേടം ഉണ്ടാക്കിയെടുക്കണം.
നല്ലതും ചീത്തയുമായ കുറ്റബോധമുണ്ട്. വീട്ടുകാരുടെ കൂടെ ആവശ്യത്തിന് സമയം ചെലവഴിക്കാൻ കഴിയുന്നില്ല എന്നത് നല്ല കുറ്റബോധമാണ്. അത്തരം സാഹചര്യങ്ങളെ പരമാവധി മറികടക്കാൻ ശ്രമിക്കുകയോ പറ്റുന്ന സമയങ്ങളിൽ, ഉദാഹരണത്തിന് ഔദ്യോഗിക യാത്രകളിൽ പറ്റുമ്പോൾ ഒക്കെ വീട്ടുകാരെ കൂടെ കൂട്ടുകയോ ഒക്കെ ചെയ്ത് ഈ കുറ്റബോധത്തെ ഒഴിവാക്കുക. അതിനുപകരം കുട്ടികൾക്ക് ഗാഡ്ജെറ്റ് പോലെയുള്ള സമ്മാനങ്ങൾ നൽകി അവരെ കൂടുതൽ മെറ്റീരിയലിസ്റ്റ്കൾ ആക്കി മാറ്റരുത്. മറ്റൊരാളെ ഉപദ്രവിച്ചു, അവരോട് മോശം ചെയ്തു എന്നുള്ള കുറ്റബോധം നിങ്ങളെ എല്ലാത്തിൽ നിന്നും തടസ്സപ്പെടുത്തും. ഒന്നും ചെയ്യാൻ പറ്റാതെ വെറുതെ ദിനങ്ങൾ കടന്നുപോകും എന്നല്ലാതെ ആ കുറ്റബോധം കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. അതിന് നിങൾ നിങ്ങളോട് തന്നെ ക്ഷമിക്കുകയോ അവരോട് ക്ഷമ ചോദിക്കുകയോ ചെയ്ത് ആ കുറ്റബോധത്തിൽ നിന്ന് പുറത്തുകടക്കുക. ഒരുപാട് കാര്യങ്ങള്‍ ചെയ്യാൻ ഉള്ളതുകൊണ്ട് ഒന്നും ചെയ്യാത്ത അവസ്ഥയും ഉണ്ട്. അങ്ങനെയുള്ള സമയത്ത് ജോലികളുടെ തീവ്രത അനുസരിച്ച് ചെറുത്, വലുത് എന്നിങ്ങനെ തരം തിരിച്ച് ആദ്യം ചെറുത് ചെയ്ത് തീർക്കുക. അതിന്റെ സന്തോഷത്തിൽനിന്ന് ലഭിക്കുന്ന പ്രചോദനത്തിൽ വലിയ കാര്യങ്ങളും ചെയ്യുക. ഉള്ളിലിരിക്കുന്ന ശത്രുവിനെ നമ്മുടെ യാഥാര്‍ത്ഥ്യബോധം കൊണ്ടും മനക്കരുത്തു കൊണ്ടും നേരിട്ടാല്‍ വിജയം അത്രമേല്‍ എളുപ്പമായിമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.