വിജയിക്കണമെന്ന ആഗ്രഹം എല്ലാവർക്കുമുണ്ട്. പക്ഷേ മുന്നോട്ടുപോകേണ്ടത് എങ്ങനെയെന്ന് പലർക്കും അറിയില്ല. സ്തംഭിച്ചുനിൽക്കുന്ന അവസ്ഥയാണ് പലർക്കും. ആരെങ്കിലും തങ്ങളെ ഒന്ന് കൈപിടിച്ച് വിജയത്തിലേക്ക് നയിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരില്ല. ഓരോ മേഖലകളിലും അഗ്രഗണ്യരായ ഉപദേശകരുടെ സഹായം നാം തേടണം. അവർ അവരുടെ വൈദഗ്ധ്യവും വൈഭവവും കൊണ്ട് നമുക്ക് മാർഗനിർദേശം നൽകും.
1. ജീവിതത്തിലെ പ്രതിസന്ധികളെ തരണം
ചെയ്യാൻ മനക്കരുത്തേകുന്നു.
2. വർഷങ്ങൾകൊണ്ട് അവർ നേടിയ അറിവ്
നമുക്ക് നിമിഷങ്ങൾക്കകം ലഭിക്കുന്നു.
3. നാം പോകാനാഗ്രഹിക്കുന്ന വഴിയേ മുമ്പ് പോയിട്ടുള്ള വ്യക്തികളുടെ സഹായം ലഭിക്കുന്നതുകൊണ്ട് നമുക്ക് ഉപയോഗിക്കേണ്ടിവരുന്ന സമയവും നമ്മുടെ പരിശ്രമവും കുറവു മതിയാകുന്നു.
4. ലക്ഷ്യത്തിലേക്ക് എത്താനുള്ള ഉപദേശവും മാർഗനിർദേശവും.
5. നമ്മുടെ ശക്തിയും ബലഹീനതയും കൃത്യമായി മെന്റേഴ്‌സ് നമുക്ക് മനസിലാക്കിത്തരുന്നു. നമ്മിൽ പലരും കരുതുന്നത് ഞാൻ പെർഫെക്ട് ആണെന്നാണ്. നമ്മുടെ ഉള്ളിലെ ബലഹീനതകൾ ഒരുപക്ഷേ നമുക്ക് തിരിച്ചറിയാൻ കഴിയില്ല.
6. ജീവിത യാത്രയിൽ എവിടെയാണ് നമുക്ക് തെറ്റുപറ്റുന്നത് എന്ന് കൃത്യമായി കാട്ടിത്തരാൻ മെന്‍റേഴ്‌സിന് കഴിയും. അത് പരിഹരിച്ചാൽ തന്നെ നമുക്ക് ഉയരത്തിലേക്ക് വളരാൻ കഴിയും.
7. സൃഷ്ടിപരമായ പ്രതികരണങ്ങളിലൂടെ നമുക്ക് വഴികാട്ടിയാവുന്നു. നമ്മുടെ വ്യക്തിപരമായ വളർച്ചയ്ക്കും ബിസിനസിന്‍റെ വളർച്ചയ്ക്കും ആവശ്യമായ അവബോധം ലഭിക്കുന്നു.
8. ലക്ഷ്യങ്ങൾ കൃത്യമായി സെറ്റു ചെയ്യാനും അവ നേടാനുമുള്ള പ്ലാനിങ്.
9. നമ്മുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും വീക്ഷണങ്ങളും ലഭിക്കുന്നു.
10. നമ്മുടെ ലക്ഷ്യങ്ങളും അത് നേടാനുള്ള വഴികളും ഉത്തരവാദിത്തബോധവും സൃഷ്ടിക്കാൻ മെന്‍റർക്കാവും.
11. പ്രചോദനം, പ്രോത്സാഹനം, ഉത്തരവാദിത്തബോധം എന്നിവ നൽകി ഫോക്കസ്ഡ് ആന്‍ഡ് കമ്മിറ്റഡ് ആയിരിക്കാൻ സഹായിക്കുന്നു.
12. നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കുമ്പോൾ കൈപിടിക്കാൻ ഒരാളുണ്ടെന്ന തോന്നൽ പ്രതിസന്ധികളെ തരണം ചെയ്യാൻ കരുത്തേകും.
13. കൃത്യസമയത്ത് കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു. ഒരുപാട് തെറ്റുകളിൽ നിന്നാവും അവർ പഠിച്ചത്. അത് ആവർത്തിക്കാതിരിക്കാൻ അവർ നമ്മെ സഹായിക്കും.
14. ജീവിതത്തിൽ വെല്ലുവിളികളുണ്ടാകുന്ന സമയത്ത് മാനസികവും വൈകാരികവുമായ സപ്പോർട്ട് ലഭിക്കുന്നു. അവർ നമ്മെ കേൾക്കാൻ തയാറാകും.
15.ജോലിയും കുടുംബവും സന്തുലിതമായി കൊണ്ടുപോകാൻ നമുക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകും.
നമ്മുടെ നന്മയ്ക്കായി നമ്മെ സഹായിക്കാൻ ഒരാളുണ്ടെന്ന ചിന്ത തന്നെ നമ്മുടെ ജീവിതത്തെ ഉന്നതിയിലേക്ക് എത്തിക്കും. പലപ്പോഴും നമ്മുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ക്രിയാത്മക വിമർശനം നൽകാൻ മടിക്കും. ബന്ധങ്ങളിൽ വിള്ളലുണ്ടാവരുത് എന്നു കരുതിയാവും പലപ്പോഴും അവർ അങ്ങനെ ചെയ്യുന്നത്. പക്ഷേ നമ്മുടെ വളർച്ചയ്ക്ക് അത് അത്യാവശ്യമായതുകൊണ്ടുതന്നെ മെന്റേഴ്‌സ് ക്രിയാത്മക വിമർശനം നടത്താൻ മടി കാണിക്കില്ല. എല്ലാവർക്കും നിരവധി കഴിവുകളുണ്ട്. പക്ഷേ പലപ്പോഴും നമുക്കത് സ്വയം തിരിച്ചറിയാനാവില്ല.
മികച്ച ഒരു മെന്‍റർക്ക് എന്തൊക്കെയാണ് നമ്മുടെ കഴിവുകൾ എന്ന് കണ്ടെത്തി നമ്മെ പ്രോത്സാഹിപ്പിക്കാൻ കഴിയും. നമ്മുടെ കഴിവുകൾ തിരിച്ചറിഞ്ഞാൽ അവർ നമുക്ക് പ്രത്യേക ടാസ്‌കുകൾ നൽകുകയും അത് പ്രാവർത്തികമാക്കാൻ വേണ്ട ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുകയും ചെയ്യും. അത് കൃത്യമായി ചെയ്തുകഴിയുമ്പോൾ നമ്മുടെ ആത്മവിശ്വാസവും സന്തോഷവും വർധിക്കുന്നത് കാണാം.
അതുവഴി നമ്മുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ജീവിതത്തിൽ സന്തോഷം നിറയ്ക്കാനും ഒരു മെന്‍റർക്ക് സാധിക്കുന്നു. മനസിൽ എപ്പോഴും നെഗറ്റീവ് ചിന്തകൾ നിറയുന്നത് പലരുടെയും പ്രശ്‌നമാണ്. മെന്‍റേഴ്‌സിന് നമ്മുടെ ചിന്താധാരകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും അവയെ പോസിറ്റിവിറ്റിയിലേക്ക് മാറ്റാനും കഴിയും. അതുപോലെതന്നെ ജീവിതത്തിൽ മുൻഗണനകൾ സെറ്റു ചെയ്യുന്നതിനും മെന്‍റേഴ്‌സ് എല്ലാവിധ ഉപദേശങ്ങളും നൽകുന്നു. ജീവിതത്തിലും കരിയറിലും വലിയ നേട്ടങ്ങൾ കൈവരിക്കാനും മെന്‍റേഴ്‌സ് നമ്മളെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.