പ്രവാസികളുടെ ദാമ്പത്യം പ്രത്യേക കരുതൽ വേണ്ട ഒന്നാണ്. പലപ്പോഴും വിദൂര ബന്ധങ്ങളായതിനാൽ ചെറിയ കാരണം മതി സങ്കീർണമായ പ്രശ്നങ്ങളായി മാറാൻ. ഒരുമിച്ച് താമസിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ഒരുമിച്ചല്ലാതാകുമ്പോൾ തന്നെ രണ്ടുപേർക്കിടയിൽ കമ്യൂണിക്കേഷനിലും കാര്യങ്ങൾ പ്രകടിപ്പിക്കുന്നതിലുമെല്ലാം പല കൺഫ്യൂഷൻ വരാൻ സാധ്യതയുണ്ട്.
ഫിസിക്കൽ ഡിസ്റ്റൻസും ഫിസിക്കൽ ഇന്റിമസിയുടെ കുറവും ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കുന്നു. പരസ്പരമുള്ള അടുപ്പം വികസിപ്പിക്കുന്നതിന് ഫിസിക്കൽ ഇന്റിമസി ആവശ്യമാണ്. അതില്ലാതെ വരുമ്പോൾ വൈകാരികമായി അവർക്കിടയിൽ അടുപ്പമോ സ്നേഹമോ ഇല്ലാതാകുകയോ കുറയുകയോ ചെയ്യുന്നു.
കമ്യൂണിക്കേഷൻ പ്രശ്നങ്ങൾ മറ്റൊരു പ്രധാന പ്രശ്നമാണ്. ഒരാൾ പറയുന്നതാവില്ല മറ്റയാൾ മനസ്സിലാക്കുന്നത്. എഴുതാപ്പുറം വായിക്കുക, ഉദ്ദേശിക്കാത്തത് ചിന്തിക്കുക തുടങ്ങിയ അനാവശ്യ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും അതുണ്ടാക്കുന്നു. ടെക്സ്റ്റ് മെസേജിലൂടെയോ, വോയ്സ് ക്ലിപ്പിലൂടെയോ എന്തിന് ഫോൺ വിളിച്ച് സംസാരിക്കുമ്പോൾ പോലും ഈ ആശയക്കുഴപ്പങ്ങളുണ്ടാകുന്നു.
രണ്ടുപേരും ജീവിക്കുന്ന സ്ഥലങ്ങളിലെ സമയവ്യത്യാസവും ബന്ധത്തിന്റെ ആഴത്തെ സ്വാധീനിക്കുന്ന കാര്യമാണ്. ഒരാൾ ഫ്രീയാകുന്ന സമയത്ത് മറ്റയാൾ ഫ്രീയാകണമെന്നില്ല. എപ്പോഴും സമയവ്യത്യാസമനുസരിച്ച് പെരുമാറുക പ്രയാസമാണ്. ഫോൺ ചെയ്യാനായി മാത്രം ഉണർന്നിരിക്കേണ്ടി വരുമ്പോൾ അത് മെല്ലെ മെല്ലെ കുറഞ്ഞുവരാൻ സാധ്യതയുണ്ട്.
പ്രവാസ ജീവിതത്തിൽ ജോലിഭാരം ഒരു ദൈനംദിന കാര്യമാണ്. അത് നേരിട്ട് അനുഭവിക്കാത്തവർക്ക് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. ജോലിഭാരം കൊണ്ട് പലപ്പോഴും വീടുകളിലേക്ക് വിളിക്കാൻ പറ്റാതെ വരുന്നതും വിളിച്ചാൽ തന്നെ അധികസമയം സംസാരിക്കാൻ പറ്റാതെ വരുന്നതും സ്വാഭാവികം മാത്രമാണ്.
ഇത് പങ്കാളികൾക്കിടയിൽ പരാതി, കുറ്റപ്പെടുത്തൽ എന്നിവയ്ക്ക് കാരണമായേക്കും ഒറ്റപ്പെടൽ, കാര്യങ്ങൾ പങ്കുവെക്കാൻ ആരുമില്ല എന്ന തോന്നൽ എന്നിവ പൊതുവായി കാണപ്പെടുന്നു. പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങുന്ന സമയം ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കണം. അടിയന്തിരമായി ഇടപെടൽ നടത്തിയില്ലെങ്കിൽ ബന്ധം മുറിഞ്ഞുപോകാൻ വരെ സാധ്യതയുണ്ട്.
പങ്കാളി സുഹൃത്തുക്കളുടെ കൂടെ പോകുമ്പോഴോ, യാത്ര പോകുകയോ ഒക്കെ ചെയ്താൽ മറ്റയാൾക്ക് പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. അതിനെല്ലാം സമയമുണ്ട് എന്നോട് സംസാരിക്കാൻ സമയമില്ല തുടങ്ങിയ കുറ്റപ്പെടുത്തൽ ഉണ്ടാകാം. അതുപോലെ വീഡിയോ കോൾ അറ്റൻഡ് ചെയ്യാതിരിക്കുന്നത് പങ്കാളിയിൽ സംശയം ജനിപ്പിക്കാൻ ഉതകുന്ന കാര്യമാണ്.
പഴയകാലമല്ല, പ്രവാസിയായ പങ്കാളിക്ക് കത്തെഴുതി ദിവസങ്ങളോ മാസങ്ങളോ മറുപടിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. ഒരു വീഡിയോ കോളിന് പോലും നിമിഷങ്ങൾ മാത്രം മതി. എന്ത് തോന്നിയാലും ഉടനടി കമ്യൂണിക്കേറ്റ് ചെയ്യാനുതകുന്ന ടെക്നോളജി നമുക്ക് ലഭ്യമാണ്.
അത്തരം സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് പങ്കാളിയോട് സംസാരിക്കാനും അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും അവരോട് സംസാരിക്കുകയും കുട്ടികളുടെ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുക. അങ്ങനെ മനപ്പൂർവ്വമായ ശ്രദ്ധ ചെലുത്തിയാൽ പ്രവാസികളുടെ ദാമ്പത്യവും നല്ലതുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.