ദൃഢമായ ദാമ്പത്യ ബന്ധങ്ങള്‍ക്ക് എളുപ്പവഴിയില്ല. പരസ്പരം മനസിലാക്കിയും പിന്തുണച്ചും മുന്നോട്ടുപോയാല്‍ മതി. ദാമ്പത്യം ദൃഢബന്ധമാക്കാന് പങ്കാളികള്‍ തമ്മില്‍ നല്ല ആശയവിനിമയം വേണം. ജീവിതം മനോഹരമാക്കാനും ഉറച്ച ദാമ്പത്യബന്ധത്തിനും പിന്തുടരേണ്ട ഒമ്പത് ശീലങ്ങളെക്കുറിച്ച് പറയാം.
നല്ല ബന്ധങ്ങള്‍ക്കൊരു സിനര്ജിയുണ്ടാവണം. അതായത് പങ്കാളിയുടെ കഴിവും കഴിവുകേടുകളും മനസിലാക്കാനും അതിനെ പൂര്‍ണമായും ഉള്‍ക്കൊള്ളാനും കഴിയണം. എന്നാല്‍ മാത്രമേ പരസ്പര പൂരകങ്ങളായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.
ഭാര്യാ ഭര്ത്താക്കന്മാരായി ഒരുമിച്ച് ജീവിച്ചു തുടങ്ങുമ്പോള്‍ തന്നെ ജീവിതത്തില്‍ മുന്നോട്ടുവരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയുണ്ടാവണം. അതിനുവേണ്ടിയുള്ള മാനസികമായ തയ്യാറെടുപ്പുവേണം. ആരോഗ്യം, സാമ്പത്തികം, മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം, കുട്ടികള്‍ എപ്പോള്‍ വേണം, അവരുടെ ഭാവി തുടങ്ങി ഒരുജീവിച്ചു തുടങ്ങുമ്പോള്‍ നേരിടേണ്ടിവരുന്ന ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം മുന്‍കൂട്ടിയുള്ള ഒരു പ്ലാനുണ്ടായിരിക്കണം.
ജീവിതം തുടങ്ങുമ്പോള്‍ തന്നെ ഒരുമിച്ചുള്ള ജീവിതം സന്തോഷകരമായി അവസാനിക്കുന്ന ഒരു ഇമേജ് മനസില്‍ സൃഷ്ടിക്കണം. കരിയര്‍ ബില്‍ഡ് ചെയ്യുന്നു, കുട്ടികളുണ്ടാവുന്നു, അവര്‍ മികച്ച വിദ്യാഭ്യാസം നേടി സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നു, റിട്ടയര്‍മെന്റ് കാലം അതിഗംഭീരമായി ആയുരാരോഗ്യത്തോടെ ജീവിക്കുന്നു എന്നിങ്ങനെയായിരിക്കും ജീവിതം മുന്നോട്ട് എന്ന ഇമേജ് ആദ്യം തന്നെ മനസില്‍ വേണം. അല്ലാതെ ട്രൈ ചെയ്തുനോക്കാം, വര്ക്കാവുന്നെങ്കില് നടക്കട്ടെ എന്ന ചിന്തയില്‍ ദാമ്പത്യ ജീവിതവുമായി മുന്നോട്ടുപോകുന്നത് ഒരിക്കലും നന്നാവില്ല.
പ്രഫഷണല്‍ ലൈഫിലായാലും പേഴ്സണല്‍ ലൈഫിയിലായാലും എല്ലാ മേഖലയിലും ഭര്‍ത്താവിനൊപ്പം തന്നെ ഭാര്യക്കും തുല്യ പ്രാധാന്യവും പങ്കുമുണ്ടെന്ന് മനസിലാക്കണം. പങ്കാളികളില്‍ രണ്ടുപേരുടെയും കരിയറിന് പ്രാധാന്യമുണ്ട്. രണ്ടുപേരുടെയും ജീവിതവും ലക്ഷ്യങ്ങളും സ്വപ്നങ്ങളും വിജയവും പ്രധാനമാണ് എന്ന മനോഭാവം ദമ്പതികളില്‍ രണ്ടുപേര്ക്കുമുണ്ടാവണം.
വിവാഹജീവിതത്തില്‍ ഒരുപാട് വാഗ്വാദങ്ങളും അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും വരും. ആദ്യം പങ്കാളി പറയുന്നത് പൂര്‍ണമായി കേട്ടതിനുശേഷം മാത്രം മറുപക്ഷത്തുള്ളയാള്‍ മറുപടി പറയുക. അല്ലാതെ പങ്കാളിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അതിനിടയില്‍ കയറി പറയുമ്പോഴാണ് പലപ്പോഴും നീരസങ്ങളുണ്ടാവുന്നത്.
വിവാഹശേഷം പഠനം നിര്‍ത്തുക, കരിയര്‍ ഉപേക്ഷിക്കുകയെന്ന രീതിയുണ്ട്. പ്രധാനമായും സ്ത്രീകളുടെ കാര്യത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് പിന്നീട് നിരാശയുണ്ടാക്കും. എപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുക. ഒരു വ്യക്തിയെ സംബന്ധിച്ച് അവരുടെ ടൂളുകള്‍ മനസും ശരീരവും ആത്മാവുമാണ്. ഇതിനെ എപ്പോഴും മൂര്ച്ചകൂട്ടിക്കൊണ്ടിരിക്കണം. നല്ല വ്യായാമം, വിശ്രമം, ആഹാരം എന്നിവയിലൂടെ ശരീരത്തെ ശക്തിപ്പെടുത്താനാവും. വായിക്കുക, നല്ല ആളുകളുമായി പങ്കുചേരുക, യാത്ര ചെയ്യുക, ധ്യാനം എന്നിവയെല്ലാം മനസിനെ ശക്തിപ്പെടുത്തുന്ന കാര്യങ്ങളാണ്. ആത്മാവിനെ ശക്തിപ്പെടുത്താന്‍ സംഭാവനകള്‍, പ്രാര്‍ത്ഥന, മറ്റുള്ളവരെ സഹായിക്കല്‍ എന്നിവയിലൂടെ സാധിക്കും. ഇങ്ങനെ ശക്തരായ രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ ഉല്പാദനക്ഷമമായ ആശയങ്ങളും നല്ല ചിന്തകളും മികച്ച ബന്ധങ്ങളും അതുവഴി നല്ല ജീവിതവും ലഭിക്കും.
സഹജീവികളെ സഹായിക്കുന്നതിലൂടെയാണ് നമ്മള് വളരുന്നത്. നമുക്ക് സന്തോഷവും സമാധാനവും സമ്പത്തും സ്നേഹവുമൊക്കെ വേണമെങ്കില്‍ മറ്റൊരാള്‍ക്ക് അത് കൊടുക്കണം. ജീവിത പങ്കാളിക്ക് ഇതെല്ലാം നല്കി അവരെ നമ്മള് ഉയര്‍ത്തുമ്പോള്‍ നമുക്കും ഇതെല്ലാം തിരികെ ലഭിക്കും. പങ്കാളിയുടെ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കുക, വൈകാരികമായും മാനസികമായും പിന്തുണയ്ക്കുക എന്നതാണ് നല്ല ബന്ധത്തിന്റെ അടിസ്ഥാനം.
വിവാഹം കഴിച്ച ഭര്‍ത്താവിനും ഭാര്യക്കുമൊക്കെ സ്വപ്നങ്ങളുണ്ടാകും. ഈ സ്വപ്നങ്ങള്‍ മനസില്‍ ഒളിപ്പിച്ചുനിര്ത്താതെ പങ്കാളിയോട് തുറന്ന് സംസാരിക്കണം. പങ്കാളിയുടെ സ്വപ്നങ്ങള്‍ മനസിലാക്കിയാല്‍ അത് നേടിയെടുക്കാനുള്ള സഹായങ്ങള്‍ പരസ്പരമുണ്ടാവണം.ഇങ്ങനെ ജീവിക്കുമ്പോള്‍ കുടുംബജീവിതം മനോഹരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.