എത്ര കഴിവുണ്ടെങ്കിലും അത് ഉപയോഗിക്കാൻ കഴിയാതെ മടിപിടിച്ചു ഇരിക്കുകയാണെങ്കിൽ എന്തു കാര്യം. നിങ്ങൾക്ക് കഴിവുണ്ട് അല്ലെങ്കിൽ നിങ്ങൾക്കൊരു ലക്ഷ്യവും അത് നേടാനുള്ള മനസ്സുമുണ്ടെങ്കിൽ മടി മാറാൻ നൂറായിരം വഴികളുണ്ടാകും. മടി മാറ്റാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഏഴുതരം ടെക്നിക്കുകളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ജപ്പാനിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന ഒരു ടെക്നിക്കാണ് കൈസൺ. ഈ വാക്കിന്റെ അർത്ഥം മികവിനായുള്ള മാറ്റം, തുടർച്ചയായ പുരോഗതി എന്നിങ്ങനെയാണ്. നമുക്ക് വലിയ ലക്ഷ്യങ്ങളോ ജോലികളോ ഉണ്ടെങ്കിൽ അവയെ ചെറിയ ചെറിയ ടാസ്കുകളാക്കി തിരിച്ച് അവ ഓരോന്നായി നേടാൻ ശ്രമിക്കുക. ഒരു വലിയ ജോലി ഒറ്റയടിക്ക് ചെയ്യാൻ ശ്രമിക്കുന്നതിനു പകരം അവയെ ചെറിയ സ്റ്റെപ്പുകളാക്കുമ്പോൾ അതിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനും പൂർണ്ണത കൈവരിക്കാനും സാധിക്കും. ഇങ്ങനെ ചെറിയ ഘട്ടങ്ങളിലൂടെ വലിയ ലക്ഷ്യങ്ങൾ നേടാൻ നിങ്ങൾക്ക് കഴിയും.
നിങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്താനും കുറേക്കൂടി അർത്ഥവത്തായ ജീവിതം നയിക്കാനും സഹായിക്കുന്ന ഒരു ടെക്നിക്കാണ് ഇകിഗായ്. നമ്മൾ ഇഷ്ടപ്പെടുന്നവ, നമുക്ക് നന്നായി ചെയ്യാൻ കഴിയുന്നവ, നമ്മുടെ സാഹചര്യം ആവശ്യപ്പെടുന്നവ എന്നിവ ചെയ്യുന്നതിലൂടെ യഥാർത്ഥ സംതൃപ്തി ലഭിക്കുമെന്നാണ് ഇകിഗായ് ടെക്നിക് പറയുന്നത്. നമ്മൾ ഈ ലോകത്തിന് നമ്മുടെ കഴിവുകളിലൂടെയും പ്രവൃത്തികളിലൂടെയും സംഭാവന നൽകുമ്പോഴാണ് ജീവിതം അർത്ഥവത്താകുന്നത്.
സാമ്പത്തികനേട്ടം എന്നതിലുപരി നമ്മളിഷ്ടപ്പെടുന്ന കാര്യം ചെയ്യുന്നതിലൂടെയും ലോകത്തിൽ സ്വാധീനം ചെലുത്തുന്നതിലൂടെയും നമുക്ക് ലഭിക്കുന്ന സംതൃപ്തി ദിശാബോധം കൊണ്ടുവരാനും ജീവിതം നല്ല രീതിയിൽ ജീവിക്കാനും നമ്മെ സഹായിക്കുന്നു. അതിനായി നിങ്ങളുടെ ഇകിഗായ് കണ്ടെത്തുക.
ഇതൊരു ടൈം മാനേജ്മെന്റ് ടെക്നിക്കാണ്. ഏതു ജോലിയും ചെറിയ ഇടവേളകളെടുത്ത് ചെയ്തു പൂർത്തിയാക്കുന്നതിനുള്ള ടെക്നിക്കാണ് പോമോഡോറോ. 25 മിനിറ്റ് ജോലി ചെയ്തശേഷം അഞ്ചു മിനിറ്റിന്റെ ബ്രേക്ക് എടുക്കുക. ഇത് ആവർത്തിക്കുക. ഇത്തരം നാല് പോമോഡോറോ ആവർത്തിച്ചശേഷം ഒരു നീണ്ട ബ്രേക്ക് എടുക്കാം. 15 മുതൽ 30 മിനിറ്റ് വരെയാകാം ഈ ബ്രേക്ക്. ഇത് നിങ്ങൾക്ക് സമ്മർദ്ദം കുറക്കാൻ മാത്രമല്ല, ആവർത്തന വിരസത ഒഴിവാക്കാനും സഹായിക്കുന്നു. ജോലിത്തിരക്കു മൂലം വ്യക്തിബന്ധങ്ങളിലോ കുടുംബബന്ധങ്ങളിലോ ശ്രദ്ധിക്കാൻ കഴിയാത്തവർക്കും വ്യക്തിജീവിതത്തിൽ ആവശ്യത്തിന് സമയം ചെലവഴിക്കാൻ കഴിയാത്തവർക്കും ഈ ടെക്നിക് വളരെ പ്രയോജനപ്രദമാണ്. നിങ്ങളുടെ വർക്-ലൈഫ് ബാലൻസ് നിലനിർത്താൻ പോമോഡോറോ നിങ്ങളെ സഹായിക്കുന്നു.
ഭക്ഷണം വയറ് നിറയെ കഴിക്കരുതെന്നും, അമിതവും അനാവശ്യവുമായ ഭക്ഷണം ഒഴിവാക്കണമെന്നുമാണ് ഹാരാ ഹച്ചി ബു ടെക്നിക് പറയുന്നത്. 80 ശതമാനം ഭക്ഷണം മാത്രം കഴിച്ച് വയറിൽ അൽപം സ്ഥലം ഒഴിച്ചിടുന്നത് ഭക്ഷണത്തിനു ശേഷമുള്ള ഉറക്കവും ക്ഷീണവും തടയാൻ നല്ലതാണ്. ഇത് നിങ്ങൾക്ക് ആരോഗ്യകരമായ ഭാരം നിലനിർത്താനും ജീവിതശൈലീ രോഗങ്ങളും മറ്റും തടയാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല, മനസ്സിന്റെ ആരോഗ്യവും സൂക്ഷിക്കുന്നു.
തുടക്കക്കാരന്റെ മനസ്സ് എന്നാണ് ഈ വാക്കിന്റെ അർത്ഥം. തുടക്കക്കാരന്റെ ചിന്തയോടെയും മനോഭാവത്തോടെയും കാര്യങ്ങളെ കാണാൻ പ്രചോദിപ്പിക്കുന്ന ഒരു ടെക്നിക്കാണ് ശോഷിൻ. സാഹചര്യങ്ങളെ കുറച്ചുകൂടെ നന്നായി ഉൾക്കൊള്ളാനും പക്ഷപാതിത്വമില്ലാതെ ചിന്തിക്കാനും കഴിയുന്നു. തുടക്കക്കാരന്റെ മനസ്സിന് തുടർച്ചയായ പഠനവും വളർച്ചയും കൊണ്ടുവരാൻ സാധിക്കും
പൂർണ്ണത (പെർഫക്ഷൻ)യ്ക്കു വേണ്ടി ശ്രമിക്കാതിരിക്കാനാണ് ഈ ടെക്നിക് പറയുന്നത്. പൂർണ്ണതയ്ക്കായി ശ്രമിച്ച് ജോലി പൂർത്തിയാകാതിരിക്കുന്നതിലും നല്ലതാണ് അപൂർണ്ണമെങ്കിലും കാര്യങ്ങൾ സമയത്ത് പൂർത്തീകരിക്കൽ. പൂർണ്ണത എല്ലായ്പ്പോഴും കൈവരിക്കാവുന്ന ഒന്നല്ല. അതിനാൽ എല്ലാക്കാര്യങ്ങളിലും പെർഫക്ഷൻ വേണമെന്ന വാശി അർത്ഥമില്ലാത്തതാണ്. പെർഫക്ഷന് ശ്രമിക്കുന്നതിനു പകരം പ്രധാന കാര്യങ്ങളിൽ ശ്രദ്ധ നൽകി അവ സമയത്ത് പൂർത്തീകരിക്കുക. മൈക്രോ മാനേജ്മെന്റിന് ശ്രമിക്കുന്നത് ബുദ്ധിപരമായ ഐഡിയയല്ല എന്നാണ് വാബി സാബി ടെക്നിക് പറയുന്നത്.
നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും നമ്മുടെ ഹോബികളും സന്തോഷങ്ങളും ആസ്വദിക്കാനും വിശ്രമിക്കാനും സമയം കണ്ടെത്താനാണ് യൂട്ടോറി പറയുന്നത്. സ്വയം പരിചരിക്കുന്നതിനും ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പാക്കുന്നതിനും പ്രത്യേകം പരിഗണന നൽകണമെന്ന് യൂട്ടോറി ഓർമിപ്പിക്കുന്നു. ഇത് നമ്മുടെ എനർജിയും പോസിറ്റിവിറ്റിയും വർധിപ്പിക്കുകയും മനസ്സ് കൂളായി നിൽക്കാൻ സഹായിക്കുകയും ചെയ്യും. ഈ ടെക്നിക്കുകൾ ജീവിതത്തിൽ പ്രയോഗിക്കുന്നതിലൂടെ സമാധാനവും സന്തോഷവും നിറഞ്ഞ വ്യക്തിജീവിതവും തൊഴിൽജീവിതവും ഉറപ്പാക്കാനും നിങ്ങളാഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാനും കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.