മാനസികാരോഗ്യം അസമത്വമായ ലോകത്ത്...

മാനസികാരോഗ്യ രംഗത്ത് വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മളെല്ലാവരും കടന്നുപോകുന്നത്. കോവിഡ് മഹാമാരി ഏവരെയും വലിയൊരു പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. ലോകത്താകമാനം ഉത്കണ്ഠ അതിന്‍റെ പാരമ്യത്തിലെത്തിയ അവസ്ഥാവിശേഷം ഇതിനു മുമ്പ് വിരളമത്രെ! സ്വാഭാവികമായും അത് ജനതയുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2021ലെ ലോക മാനസികാരോഗ്യ ദിനത്തിൽ Mental health in an unequal world (മാനസികാരോഗ്യം ഒരു അസമത്വമായ ലോകത്ത്) എന്ന പ്രമേയം ലോകാരോഗ്യ സംഘടന അവതരിപ്പിച്ചത്.

ലോകത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർദ്ധിച്ചുവരികയാണ്. ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം ക്രമാതീതമായി പെരുകുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക അസമത്വത്തിന് പുറമെ വംശീയത, ലിംഗപരമായ അസമത്വം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ മാനസിക പ്രശ്നങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു. ലോകത്ത് ഇന്ത്യയടക്കം താഴ്ന്ന വരുമാനമുള്ള വിവിധ രാജ്യങ്ങളിൽ മാനസിക പ്രശ്നമുള്ളവരിൽ 75% മുതൽ 95% വരെയുള്ളവർക്ക് മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യതയിലും സൗകര്യങ്ങളിലുള്ള വലിയ അസമത്വം തുടരുകയാണെന്നാണ് കണക്കുകൾ പറയുന്നു. മൊത്തത്തിലുള്ള ആരോഗ്യ ബജറ്റിൽ ആനുപാതികമായല്ല മാനസികാരോഗ്യരംഗത്തെ നിക്ഷേപം. ഇക്കാരണങ്ങളാണ് ഈ വർഷത്തിൽ ഇത്തരണത്തിലുള്ള പ്രചരണം കൊണ്ട് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്.

മാനസിക രോഗമുള്ള നിരവധി ആളുകൾക്ക് അർഹമായ ചികിത്സ യഥാസമയത്ത് ലഭിക്കുന്നില്ല. ഒപ്പം അവരുടെ കുടുബാംഗങ്ങളും പരിചരിക്കുന്നവരും ഏറെം വിവേചനവും അപമാനവും അനുഭവിക്കുന്നു. മാനസിക പ്രയാസമുള്ളവരുടെ ശരിയായതും തുടർച്ചയായതുമായ പരിചരണത്തിലേക്കാണ് ഇവ വിരൽചൂണ്ടുന്നത്. ഒരുപക്ഷെ ശരിയായ ചികിത്സകൾ തുടക്കത്തിൽ തന്നെ നൽകിയാൽ മിക്കവാറും അസുഖങ്ങൾ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്. കൂടാതെ ശാരീരിക രോഗങ്ങൾ പിടിപ്പെട്ടവരിൽ പലരും മാനസിക രോഗങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു. കോവിഡ് മഹാമാരിമൂലം സമ്പന്ന രാജ്യങ്ങളിൽ പോലും മാനസികാരോഗ്യ രംഗത്തെ അസമത്വം തുടരുകയാണത്രെ! തൊഴിൽ നഷ്ടവും, തൊഴിലിലെ അരക്ഷിതാവസ്ഥയും, ശാരീരിക അകലവും സാമൂഹികമായ ഒറ്റപ്പെടലുകളിലേക്ക് നീങ്ങിയത് കാണാം.

സോഷ്യൽ സ്റ്റിഗ്‌മ കാരണം പല മാനസിക രോഗങ്ങളും യഥാസമയം ചികിത്സ കിട്ടാതെ സങ്കീർണ്ണമാകുന്നു. നാലു പേരിൽ ഒരാൾ ജീവിതത്തിൽ പല ഘട്ടങ്ങളിലും മാനസിക പ്രയാസ മനുഭവിക്കുന്നുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മാനസിക രോഗങ്ങൾ ശാരീരിക രോഗങ്ങളെ പോലെ സർവസാധാരണവുമാണ്. പക്ഷേ മിക്ക രോഗങ്ങളും തുടക്കത്തിലേ ശ്രദ്ധിക്കാതെ പോകുന്നു.

വളരെ സങ്കീർണ്ണമാണ് നമ്മുടെ മനസ്സ്. വളരെ സങ്കീർണ്ണമായ വൈകാരികതയും അർത്ഥ തലവുമാണ് മനസ്സിനുള്ളത്. ഒരുപാട് ചിന്തകൾ മനുഷ്യമനസ്സിനെ എപ്പോഴും മഥിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‍റെ താളപ്പിഴകൾ മനസ്സിലാക്കാൻ മിക്കപ്പോഴും പ്രയാസവുമാണ്. ഇവ പരിഹരിക്കാനോ, ആശ്വസിപ്പിക്കാനോ ഉള്ള പ്രതിവിധികളെപ്പറ്റിയുള്ള അജ്ഞത പലപ്പോഴും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ശാരീരിക രോഗങ്ങൾ വെളിപ്പെടുത്തുന്നതു പോലെ മാനസിക

രോഗങ്ങൾ പുറത്തു പറയാൻ മിക്കവരും വിമുഖരാണ്. മാനസിക രോഗങ്ങൾ നിലനിൽക്കുന്നതിന് ഇതും ഒരു കാരണമാണ്. ഈ സോഷ്യൽ സ്റ്റിഗ്മ യാതൊരു മാറ്റവുമില്ലാതെ ഈ ആധുനിക കാലത്തും തുടരുന്നത് വിചിത്രമാണ്. ഏതു രോഗവും തുടക്കത്തിലെ ശരിയായി ചികിത്സിച്ചാൽ മാറ്റാവുന്നതാണ്. അതിനാൽ മാനസികാരോഗ്യ ക്ഷേമത്തിന് വിദഗ്ധനായ സൈക്കോളജിസ്റ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

വ്യക്തിത്വ വൈകല്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ്. ആത്മരതിയുടെ ആരാധകരായ നാർസിസ്റ്റുകളെയും പത്തോളജിക്കൽ നുണയന്മാരേയും ചിലപ്പോൾ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടാകും. അതുപോലെ ക്രിമിനൽ സ്വഭാവമുള്ള ആന്‍റി സോഷ്യൽ പേഴ്സണാലിറ്റി വൈകല്യമുള്ളവരുടെ ക്രൂരതകളുടെ കഥകളും ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. നാർസിസ്റ്റുകൾ സ്വയം പുകഴ്ത്തുന്നവരും സ്വന്തം തെറ്റുകുറ്റങ്ങൾ സമ്മതിക്കാത്തവരുമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരാറുള്ളത്. പത്തോളജിക്കൽ നുണയന്മാർക്ക് (Pathological liars) നുണ പറയുന്നത് ഒരു ഹരമാണ്. എന്തിനാണ് തുടർച്ചയായി നുണ പറയുന്നതെന്ന് ഇവർ തിരിച്ചറിയുന്നില്ല. ഇത് ഒരു പെരുമാറ്റ വൈകല്യമാണ്. സ്യൂഡോലോജിയ ഫൻറാസ്റ്റിക്ക അഥവാ മിത്തോമാനിയ എന്നിതിനെ വിളിക്കുന്നു. നുണ

പറയുന്നത് മനുഷ്യരിലെ സാധാരണമായ സ്വഭാവമാണ്. ജീവതത്തിൽ ചില ഘട്ടങ്ങളിൽ നുണപറയുന്നത് നേട്ടങ്ങൾക്ക് വേണ്ടിയാണ്. പക്ഷെ പാത്തോളജിക്കൽ നുണയന്മാർ നുണ പറയുന്നത് ഒരു കാരണവുമില്ലാതെയാണ്. ഇത് ചെറുപ്പത്തിലെ ആരംഭിക്കുന്ന സ്വഭാവമാണ്. നുണ പറയുന്നത് അവർക്ക് ഒരിക്കലും നിയന്ത്രിക്കാൻ പറ്റില്ല. നുണകൾ ഒന്നിനൊന്നായി പറഞ്ഞു കൊണ്ടേയിരിക്കും. തന്മൂലം ജോലിയും വ്യക്തി ബന്ധങ്ങളും ഇവർക്ക് നഷ്ടമായേക്കാം. ഈ അവസ്ഥ ആൻ്റി സോഷ്യൽ, നാർസിസ്റ്റിക്, ഹിസ്ട്രിയോണിക് എന്നീ വ്യത്യസ്തങ്ങളായ വ്യക്തിത്വ വൈകല്യങ്ങളുടെ ലക്ഷണവുമാണ്. ബോർഡർലൈൻ പേർസണാലിറ്റി ഡിസോർഡറും ഇതിന് കാരണമാകാറുണ്ട്.

ഇങ്ങിനെയുള്ള വ്യക്തിത്വ വൈകല്യമുള്ള ജീവിത പങ്കാളി നിങ്ങൾക്കുണ്ടെന്നിരിക്കട്ടെ, അവരുടെ വ്യക്തിത്വ വൈകല്യങ്ങൾ അവർക്ക് പ്രശ്നമുണ്ടാകില്ല. അവരെ സംബന്ധിച്ചിടത്തോളം അവർ നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പങ്കാളിയാണ്. അതിനാൽ ഒരു സൈക്യാട്രിസ്റ്റിനേയോ, സൈക്കോളജിസ്റ്റിനേയോ സമീപിക്കേണ്ട പ്രശ്നമുദിക്കുന്നില്ല. പക്ഷെ മറുവശത്ത് ഇത് നിങ്ങൾക്ക് മാനസികമായ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസവും ചിലപ്പോൾ ആത്മാഭിമാനവും തകരാറിലാകുന്നു. ഈയവസരത്തിൽ യുക്തിപരമായി നിങ്ങൾക്ക് അവലംബിക്കാവുന്ന മാർഗം മാനസിക വൈകലമുള്ളവരെ നേരിടുന്നതിനുള്ള പ്രതിവിധികൾ സ്വായത്തമാക്കാൻ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുക എന്നത് മാത്രമാണ്.

സമൂഹത്തിൽ ധാരാളം വ്യക്തിത്വ വൈകല്യമുള്ള ആളുകളെ നമുക്ക് കാണാം. തിരിച്ചറിയാതെ പോകുന്ന ഈ രോഗത്തിന് യഥാസമയം ചികിത്സ ലഭിക്കാറില്ല. വളരെ ചെറുപ്പത്തിലെ ഈ അസുഖങ്ങൾ ആരംഭിക്കാറുണ്ട്. ഈയിടെ പ്രണയ നൈരാശ്യം മൂലം കാമുകിമാരെ ക്രൂരമായി കൊലപ്പെടുത്തിയ നിരവധി സംഭവങ്ങളും നമ്മളെ ഞെട്ടിപ്പിക്കുന്നു. ശരിയായ വൈകാരിക പക്വതയില്ലായ്മ ഇതിന് കാരണമാണ്. മൂല്യങ്ങളെപ്പറ്റിയുള്ള ബോധം ചെറുപ്പത്തിലെ കുട്ടികൾക്ക് രക്ഷിതാക്കൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. അമിതമായ ശാസനകളും അതുപോലെ അമിത ലാളനയും ഒഴിവാക്കേണ്ടതാണ്. സ്ത്രീകളെ ആദരിക്കേണ്ടതിൻ്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം. ലിംഗസമത്വവും പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ ബോധവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. ശരിയായ പേരന്‍റിങ് അറിയാവുന്ന രക്ഷിതാക്കൾ വിരളമാണ്. ഇത് ഹൈസ്ക്കൂൾ തല പാഠ്യവിഷയമാക്കേണ്ടത് വരുന്ന തലമുറയെയെങ്കിലും രക്ഷിക്കുവാൻ സഹായകമാകും.

വ്യക്തിത്വ വൈകല്യങ്ങളെ ചുരുക്കി മൂന്നായി തരംതിരിക്കാം.

1. ചിത്തഭ്രമം പോലെയുള്ള മനോ വിഭ്രാന്തിയുള്ളവർ. ഇവർ ആരെയും വിശ്വസിക്കുകയില്ല മറിച്ച് എല്ലാവരെയും സംശയദൃഷ്ടിയോടെ മാത്രം കാണുകയുള്ളു. സാമൂഹിക ബന്ധങ്ങളിൽ നിന്ന് അകൽച്ച കാണിക്കുന്ന ഇവർ ബന്ധങ്ങളിൽ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു.

2. ബോർഡർലൈൻ, അഹംഭാവം, സാമൂഹ്യ വിരുദ്ധത, നാടകീയത എന്നിവ രണ്ടാമത്തെ വിഭാഗങ്ങളിലെ വൈകല്യങ്ങളാണ്. ഇവർ വലിയ ഉപദ്രവകാരികളായിരിക്കും. ബന്ധങ്ങളിൽ സ്ഥിരത ഇല്ലാത്ത ഇവർ മറ്റുള്ളവരെ അവഗണിക്കുകയും അനാദരവ് കാണിക്കുകയും ചെയ്യുന്നു.

3. മൂന്നാമത്തെ വിഭാഗത്തിലുള്ളവർ അവഗണനാ ശീലം, പരിപൂർണ്ണതാ ശീലം എന്നിവ കാണിക്കുന്നു. ഇവർ മിക്കവാറും മറ്റുള്ളവരെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. ആത്മവിശ്വാസ കുറവുള്ള ഇവർ എപ്പോഴും മറ്റുള്ളവരുടെ കരുതലും ശ്രദ്ധയും ആഗ്രഹിക്കുന്നവരാണ്. വിമർശനങ്ങളിൽ തളർന്നു പോകുന്നവരുമാണ്. നമുക്ക് ചുറ്റും ഇതുപോലെ വ്യക്തിത്വ വൈകല്യങ്ങളുള്ള ധാരാളം ആളുകൾ ജീവിക്കുന്നുണ്ട്. ശരിയായ പരിശോധനക്കോ ചികിത്സക്കോ ഇവർ വിധേയരാകാതെ ഒരായുസ്സ് മുഴുവൻ ദുരന്തങ്ങൾ പേറി ജീവിക്കുന്നുവെന്നത് ദുഃഖമുളവാക്കുന്നു.

ചെറുപ്പം കാലം തന്നെ ശരിയായ ചികിത്സയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. പരിശോധനകൾ ആരംഭിക്കുന്നതിന് മുമ്പ് ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലമാണോ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാകുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 8% മുതൽ 15% വരെ ആളുകളിൽ വ്യക്തിത്വ വൈകല്യങ്ങൾ കാണാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക. ഇതിന് പുറമെ വിഷാദം, ഉത്കണ്ഠ, ഒ.സി.ഡി, സ്കിസോഫ്രേനിയ

തുടങ്ങിയ വിവിധ മാനസിക രോഗങ്ങളുള്ളവരെയും സമൂഹത്തിൽ കാണാം. തുടക്കത്തിൽ ശരിയായ ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്നതാണ് മിക്കതും. പക്ഷെ അതിനു വിമുഖത കാണിക്കുകയോ, ചികിത്സക്ക് സൗകര്യമില്ലാതെ പോവുകയോ ആണ് മിക്കവാറും കണ്ട് വരുന്നത്. കൂടാതെ മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുന്നതിന് മുമ്പുണ്ടാകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

1. ഉത്സാഹ കുറവ്, ഒന്നിനും താല്പര്യമില്ലായ്മ

2. ഭക്ഷണ കാര്യങ്ങളിൽ അശ്രദ്ധ, പതിവില്ലാതെ അമിതഭക്ഷണം അല്ലെങ്കിൽ വളരെ കുറച്ചു മാത്രം ഭക്ഷണം.

3. ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധയില്ലായ്മ.

4. കാരണമില്ലാതെ വേദനകളും അസ്വസ്ഥകളും.

5. അമിതമായ ദ്വേഷ്യം, സുഹൃത്തുക്കളോടും വീട്ടുകാരോടും വഴക്കിടുക.

6. അമിതമായ അശുഭ ചിന്തകൾ

7. അമിതമായ ഉത്കണ്ഠ

8. ജീവിതം മടുത്തെന്ന് പറയുക, അവസാനിപ്പിച്ചാലെന്ന് ഇടക്കിടെ പറയുക

10. എപ്പോഴും ദു:ഖിച്ചിരിക്കുക, കരഞ്ഞുകൊണ്ടിരിക്കുക.

11. സാമൂഹികമായി പിൻവലിയൽ

12. അശരീരി ശബ്ദങ്ങളും കാഴ്ചകളും അനുഭവപ്പെടുക.

ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കാതെ സൈക്കോളജിസ്റ്റിന്‍റെ സഹായം തേടുവാൻ ശ്രമിക്കേണ്ടതാണ്. കൂടാതെ അശുഭ ചിന്തകളെ ശുഭ ചിന്തകളാക്കി മാറ്റുവാൻ പരിശീലിക്കേണ്ടതാണ്. എല്ലാ ദിവസവും കുറച്ചു നേരമെങ്കിലും മാനസിക പ്രയാസമുണ്ടാക്കുന്ന ചിന്തകളിൽ നിന്ന് മനസ്സിനെ മാറ്റി നിർത്താൻ ശ്രമിക്കുക. കൂടാതെ നിത്യവും യോഗ, പ്രാണായാമം, നടത്തം, ലഘു വ്യായാമങ്ങൾ എന്നിവ ശീലിക്കുക. മാനസിക പ്രയാസങ്ങൾ അടുത്ത സുഹൃത്തുകളുമായോ, ബന്ധുക്കളുമായോ പങ്കുവെക്കുക. മറ്റുള്ളവരെ സഹായിക്കുക, ശരിയായ ഉറക്കം ഉറപ്പുവരുത്തുക. ദിവസവും7 മുതൽ 8 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നത് നന്നായിരിക്കും.

മാനസികാരോഗ്യമുള്ള ജനതയാണ് സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും പുരോഗതിക്ക് അത്യാവശ്യം. അതിനാൽ നമ്മുടെ രാജ്യത്തിന് ശരിയായ മാനസികാരോഗ്യ നയം അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. മാനസികാരോഗ്യ രംഗത്ത് ആനുപാതികമായ നിക്ഷേപം ഉറപ്പുവരുത്താർ സർക്കാർ ശ്രദ്ധിക്കേണ്ടതാണ്. നല്ല നിലയിൽ വിദഗ്ദ സേവനം നടത്തുന്ന സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും കൗൺസിലർമാരും ഉണ്ടെങ്കിലും മാനസിക പ്രശ്നങ്ങൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മാനസികാരോഗ്യ വിദഗ്ദരുടെ ദൗർലഭ്യം അനുഭവിക്കുന്നുണ്ട്. ഈ രംഗത്ത് സേവനതൽപരരായ ഒരുപാട് യുവാക്കൾ കടന്നുവരേണ്ടതുണ്ട്.

യോഗ്യരായ എല്ലാവർക്കും കൂടുതൽ മികച്ച പരിശീലനവും കൂടുതൽ അറിവും നൽകാനുള്ള സംവിധാനവും നൽകാൻ അധികൃതർ തയാറാകേണ്ടതാണ്. കൂടാതെ അവർക്ക് മതിയായ പ്രാധാന്യവും പ്രോത്സാഹനവും നൽകുക. മാനസികാരോഗ്യ പരിപാലനം ഒരു അത്യന്താപേക്ഷിതമായ കാര്യമാണെന്ന അവബോധം സമൂഹത്തിൽ സൃഷ്ടിക്കുവാൻ ലോകാരോഗ്യ ദിന ബോധവൽക്കരണ പരിപാടികൾക്ക് സാധ്യമാകട്ടെ! മാനസിക പ്രശ്നമുള്ള എല്ലാവർക്കും അർഹമായ ചികിത്സ ലഭിക്കുവാൻ ശ്രമിക്കേണ്ടത് സമൂഹത്തിൻ്റെ കടമയാണെന്ന് മറക്കാതിരിക്കുക. അവരെ ക്ഷമയോടെ കേൾക്കാനും തയ്യാറാവുക. മാനസികാരോഗ്യമുള്ള പൗരന്മാരാകട്ടെ നമ്മുടെ ലക്ഷ്യം. അതിനു വേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

ഡോ. മനോഹർലാൽ. (കൗൺസലിങ് സൈക്കോളജിസ്റ്റ് & ചീഫ് കൺസൾട്ടൻറ്, ഡോക്ടർ ലാൽസ് ഹോമിയോപ്പതി & കൗൺസലിങ്, രാമനാട്ടുകര.)
Tags:    
News Summary - world mental health day write up by dr. manoahrlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.