ഓരോ മെഡിക്കല്‍ കോളജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് മന്ത്രി വീണ ജോര്‍ജ്. ര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നടത്തിവരുന്ന ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായരുന്നു മന്ത്രി.

മെഡിക്കല്‍ കോളജ് ക്യാമ്പസും ആശുപത്രിയും ഒരേ ക്യാമ്പസിലായതിനാല്‍ പൊതുജനങ്ങളുടെ സമ്പര്‍ക്കം വളരെ കൂടുതലാണ്. ലഹരി മുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ വിദ്യാർഥികള്‍ നേതൃത്വം നല്‍കണം. വിദ്യാര്‍ത്ഥി സംഘടനകളുമായും ആശയവിനിമയം നടത്തണം. യൂനിവേഴ്‌സിറ്റി കൗണ്‍സിലര്‍മാരെ അംബാസഡര്‍മാരായി ചുമതലപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ലഹരി വിമുക്ത ക്യാമ്പസാക്കാന്‍ വളരെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. എല്ലാ ക്യാമ്പസുകളിലും ആശുപത്രികളിലും അവബോധ ബോര്‍ഡുകളുണ്ടാകണം. ലഹരിയ്ക്കടിമയാകാന്‍ ഇടയാകുന്ന വിദ്യാര്‍ത്ഥികളെ മോചിതരാക്കാന്‍ മതിയായ ഇടപെടലുകള്‍ നടത്തണം. വിദ്യാർഥികള്‍ നമ്മുടെ മക്കളാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഇടപെടലുണ്ടാകണം. മാതാപിതാക്കളുമായി ഇടയ്ക്കിടയ്ക്ക് ആശയ വിനിമയം നടത്തണം. അവരെക്കൂടി ഉള്‍ക്കൊള്ളിച്ച് കാമ്പയിന്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ഓരോ സ്ഥാപനത്തിനും ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം. മെഡിക്കല്‍ കോളേജിന്റെ പ്രൊമോഷനായി ലഹരി മുക്ത ക്യാമ്പസെന്ന് പറയാന്‍ കഴിയണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടലും പിന്തുണയുമുണ്ടാകും. പോലീസ്, എക്‌സൈസ് എന്നീ വിഭാഗങ്ങളുടെ രഹസ്യ സ്‌ക്വാഡ് ആവശ്യമാണെങ്കില്‍ അതും ലഭ്യമാക്കും. സാമൂഹിക പിന്തുണകൂടി ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍, ഡീന്‍, മെഡിക്കല്‍, ദന്തല്‍, ഫാര്‍മസി കൗണ്‍സിലര്‍മാര്‍, ആയുഷ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Minister Veena George wants every medical college to be a drug-free campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.