കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്ന് മന്ത്രിമാർ

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാർ. എറണാകുളം കളമശേരി മെഡിക്കല്‍ കോളജിന്റേയും കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ്, മന്ത്രി പി. രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു.

കളമശേരി മെഡിക്കല്‍ കോളജ് മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. രണ്ടിടങ്ങളിലും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. കളമശേരി മെഡിക്കല്‍ കോളജിനും കൊച്ചിന്‍ കാന്‍സര്‍ സെന്ററിനും ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിക്കും. വാട്ടര്‍ അതോറിറ്റി ഇന്‍കെല്‍ മുഖേന ഇതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടതാണ്.

കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. സ്ഥലം വിട്ടു നല്‍കുന്നതിനായുള്ള എന്‍ഒസി മെഡിക്കല്‍ കോളേജ് നല്‍കും. മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് ആവശ്യമായ ആശുപത്രി ഉപകരണങ്ങള്‍ ആറ് മാസത്തിനുള്ളില്‍ കെ.എം.എസ്.സി.എല്‍. സജ്ജമാക്കും. മെഡിക്കല്‍ കോളജിനുള്ളിലെ റോഡുകള്‍ വീതി കൂട്ടാനും തീരുമാനിച്ചു. മാതൃശിശു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ മേല്‍നോട്ടത്തിനായുള്ള നോഡല്‍ ഓഫീസറായി ഡോ. ഗണേഷ് മോഹനെ ചുമതലപ്പെടുത്തി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ്, കിഫ്ബി, ഇന്‍കല്‍, പി.ഡബ്ല്യു.ഡി., വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., കെ.എം.എസ്.സി.എല്‍. ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Ministers said that he will get treatment at Cochin Cancer Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.