മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ഒമിക്രോൺ വകഭേദം ബാധിച്ച 17ൽ ഒമ്പത് പേർ രോഗമുക്തി നേടി. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇവരുടെ പരിശോധന ഫലം നെഗറ്റീവായതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു.
എന്നിരുന്നാലും ഒമിക്രോൺ വകഭേദത്തെ നിസാരമായി കാണരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 'ഒമിക്രോൺ' ബാധ സംശയിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർധിച്ചുവരുന്നു സാഹചര്യം പരിഗണിച്ചാണിത്. അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ 40 പേരെയും ബോംബെ ആശുപത്രിയിൽ രണ്ടുപേരെയും പ്രവേശിപ്പിച്ചു.
റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ പാർപ്പിക്കാൻ പ്രത്യേക ഒമിക്രോൺ വാർഡ് സജീകരിക്കാൻ ബി.എം.സി ആശുപത്രികൾക്ക് നിർദേശം നൽകി.
ശനിയാഴ്ച രാവിലെ വരെ ഏഴ് ഒമിക്രോൺ ബാധിതരാണ് ഡിസ്ചാർജ് ആയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സെവൻ ഹിൽസ് ആശുപത്രിയിൽ നിന്ന് വൈകീട്ട് രണ്ടുരോഗികൾ കൂടി രോഗം ഭേദമായി മടങ്ങി. പിംപ്രി ഛിചബ്വാഡിൽ നിന്ന് നാലുപേരും പൂനെ, കല്യാണി-ഡോംബിവ്ലി എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും രോഗമുക്തി നേടിയിരുന്നു.
ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും കർണാടകയിലും ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുെട എണ്ണം 36 ആയി ഉയർന്നിരുന്നു. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ആന്ധ്രപ്രദേശിൽ ഒമിക്രോൺ ബാധിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു.
ചണ്ഡീഗഡിലെ ബന്ധുക്കളെ കാണാൻ ഇറ്റലിയിൽ നിന്ന് എത്തിയ 20കാരൻ ഒമിക്രോൺ പോസിറ്റീവായി. നവംബർ 22ന് ഇന്ത്യയിലെത്തിയ ശേഷം ഹോം ക്വാറന്‍റീനിലായിരുന്നു. ഡിസംബർ ഒന്നിന് നടത്തിയ പുനഃപരിശോധനയിൽ കൊവിഡ് പോസിറ്റീവായി. ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങളില്ലാത്ത ഇയാൾ ഇറ്റലിയിൽ വെച്ച് ഫൈസർ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. നിലവിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീനിലാണ്. ഇയാളുടെ ബന്ധുക്കളും ക്വാറന്‍റീനിൽ കഴിയുകയാണ്. ബന്ധുക്കളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
കർണാടകയിൽ മൂന്നാമത്തെ കേസാണ് സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയ 34കാരനിലാണ് ഒമിക്രോൺ കണ്ടെത്തിയത്. സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ സമ്പർക്കപട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
ഡൽഹിയിൽ രണ്ടാമത്തെ കേസ് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നിവയാണ് ഒമിക്രോൺ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.