സുൽത്താൻ ബത്തേരി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നെന്മേനി പഞ്ചായത്തിലെ പൂളക്കുണ്ട് ഭാഗത്തെ ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ നടപടികൾ പൂർത്തിയാക്കി പന്നികളെ കൊല്ലാൻ തുടങ്ങിയത്.
പൂളക്കുണ്ടിലെ രോഗം സ്ഥിരീകരിച്ച ബിജുവിന്‍റെ ഫാമിലെ പന്നികളെയാണ് ആദ്യം കൊന്നൊടുക്കുന്നത്. പന്നിക്കുഞ്ഞുങ്ങളടക്കം 213 പന്നികളാണ് ഇവിടെയുള്ളത്. വൈകുന്നേരം 6.30വരെ 195 പന്നികളെ കൊന്നൊടുക്കി. രോഗബാധ സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലെ രണ്ട് ഫാമുകളിലെ പതിനാലും എട്ടും വീതം പന്നികളെയും കൊല്ലും. ഫയര്‍ ആൻഡ് റസ്‌ക്യൂ ജീവനക്കാരുടെ സഹകരണത്തോടെ ഫാമും പരിസരവും അണുവിമുക്തമാക്കുന്ന നടപടി അതിന് ശേഷം തുടങ്ങും. ബിജുവിന്‍റെ ഫാമിന് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലായുള്ള, പീതാംബരൻ, കുര്യാക്കോസ് എന്നിവരുടെ ഫാമുകളിലെ പന്നികളെയുമാണ് കൊല്ലുന്നത്.
കൊന്നൊടുക്കുന്ന ജോലികൾ രാവിലെ മുതൽ തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും കാലാവസ്ഥ മോശമായതിനാൽ വൈകുകയായിരുന്നു. രോഗബാധിത പ്രദേശത്തെ ആര്‍.ആര്‍.ടി ഏകോപന ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സജി ജോസഫിന്റെ അധ്യക്ഷതയില്‍ രാവിലെ യോഗം ചേര്‍ന്നു.
തുടര്‍ന്ന് രാവിലെ ഒമ്പതു മുതല്‍ പന്നികളെ സംസ്‌കരിക്കുന്നതിനുള്ള കുഴി മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ തയാറാക്കി. വൈകീട്ട് മൂന്നോടെയാണ് കുഴി നിര്‍മാണം പൂര്‍ത്തിയായത്. 12 അടി താഴ്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുള്ളകുഴി ഫാമില്‍ നിന്ന് 15 മീറ്റര്‍ അകലെയാണ് തയാറാക്കിയത്.
നൂൽപുഴ വെറ്ററിനറി സര്‍ജന്‍ ഡോ. കെ. അസൈനാര്‍, അമ്പലവയല്‍ വെറ്റിനറി സര്‍ജന്‍ ഡോ.വിഷ്ണു സോമന്‍ എന്നിവരാണ് പന്നികളെ ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി.ജെ. ഷൈജു, എ. പ്രവീണ്‍ ലാല്‍ എന്നിവരും ആര്‍.ആര്‍.ടിയിലുണ്ട്. പന്നികളെ കൊന്നൊടുക്കാൻ ആർ.ആർ.ടി അംഗങ്ങൾ ഉൾപ്പെടെ 15 പേരാണ് പൂളക്കുണ്ടിൽ എത്തിയിട്ടുള്ളത്.
പന്നിപ്പനി:പ്രതിരോധ ജാഗ്രത പുലര്‍ത്തണം
സുൽത്താൻ ബത്തേരി: ജില്ലയിലെ മറ്റു പന്നിഫാമുകളിലേക്ക് രോഗം പടരാതിരിക്കാന്‍ പന്നി കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. മാരക പ്രഹരശേഷിയുള്ള ആഫ്രിക്കന്‍ പന്നിപ്പനി വൈറസിനെ പ്രതിരോധിക്കാന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാമുകളിലെ പന്നികളെയും രോഗം വ്യാപിക്കാന്‍ സാധ്യതയുള്ള ഇതിന് നിശ്ചിത ദൂരം സമീപമുള്ള ഫാമുകളിലെ പന്നികളെയും കൂട്ടത്തോടെ ഉന്മൂലനം ചെയ്യുകയാണ്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഫാമുകളിലെ ശക്തമായ ബയോ സെക്യൂരിറ്റി സംവിധാനങ്ങള്‍ കൊണ്ടും മാത്രമേ ഈ രോഗത്തെ തടയാന്‍ കഴിയൂ.
ജില്ലയിലെ മറ്റു പന്നി കര്‍ഷകര്‍ക്കു കൂടി ജീവനോപാധി നഷ്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് മൃഗസംരക്ഷണ വകുപ്പ് യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതവും സമയബന്ധിതവുമായി ദേശീയ രോഗപ്രതിരോധ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നത്. ജില്ലയില്‍ 500 നടുത്ത് കര്‍ഷകര്‍ 20000 ത്തോളം പന്നികളെ വളര്‍ത്തുന്നതായാണ് പ്രാഥമിക കണക്കുകള്‍. പന്നികളില്‍ അതീവ മാരകവും 95 ശതമാനം വരെ മരണനിരക്കും ഉയര്‍ത്തുന്നതാണ് ആഫ്രിക്കന്‍ പന്നിപ്പനി. ആഫ്രിക്കന്‍ പന്നിപ്പനിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിപരീത വാര്‍ത്തകളോട് കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി.ആര്‍. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.