തൃശൂർ: രാജ്യത്ത് ആഫ്രിക്കൻ പന്നിപ്പനി (സ്വൈൻ ഫീവർ) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ നടപടി ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ സർക്കാർ/സ്വകാര്യ പന്നി വളർത്തൽ കേന്ദ്രങ്ങളിലെ പന്നികളിൽ രോഗലക്ഷണമോ മരണമോ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ജില്ല മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ജൂലൈ 19ന് പറവട്ടാനി ജില്ല വെറ്ററിനറി കോംപ്ലക്സിലെ ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ട് ഓഫിസിൽ പന്നി കർഷകർക്കായി സെമിനാർ സംഘടിപ്പിക്കും. ജാഗ്രത നിർദേശത്തിന്റെ ഭാഗമായി പന്നിഫാം ഉടമസ്ഥർക്കും സർക്കാർ പന്നിഫാമിലെ ഉദ്യോഗസ്ഥർക്കും ആവശ്യമായ ബോധവത്കരണം നൽകി. രോഗ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ലഘുലേഖകൾ എല്ലാ ഫാമുകളിലും വിതരണം ചെയ്തു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗബാധ തടയാൻ എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടി സ്വീകരിക്കാനാണ് നിർദേശം. ഇതിനായി ബയോ സെക്യൂരിറ്റി നടപടി കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന കവാടത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ഫാമുകൾ അണുവിമുക്തമാക്കും. പുറത്തുനിന്ന് പന്നികളെ വാങ്ങാൻ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.