യൗണ്ടെ: മലേറിയ (മലമ്പനി) വാക്സിൻ പദ്ധതി നടപ്പാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി കാമറൂൺ. മധ്യ ആഫ്രിക്കൻ രാഷ്ട്രമായ കാമറൂൺ ലോകാരോഗ്യ സംഘടന നിർദേശിച്ച മലേറിയ വാക്സിൻ കുട്ടികൾക്കാണ് നൽകിത്തുടങ്ങിയത്. ആഫ്രിക്കൻ രാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന പകർച്ചവ്യാധികളിലൊന്നായ മലേറിയയെ വാക്സിനിലൂടെ നിയന്ത്രണത്തിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ലോകത്താകമാനമുള്ള മലേറിയ മരണങ്ങളുടെ 95 ശതമാനവും ആഫ്രിക്കയിലാണ്. ഓരോ വർഷവും ആറ് ലക്ഷം പേർ മരിക്കുന്നതായാണ് കണക്ക്. ഇതിൽ വലിയ പങ്കും അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളാണ്. 25 കോടി പേർക്കാണ് ആഫ്രിക്കയിൽ പ്രതിവർഷം മലേറിയ ബാധിക്കുന്നത്.
രണ്ട് വർഷം കൊണ്ട് രണ്ടരലക്ഷം കുട്ടികൾക്ക് മലേറിയ വാക്സിൻ നൽകാനാണ് കാമറൂൺ പദ്ധതിയിടുന്നത്. മലേറിയയെ നേരിടുന്നതിൽ നിർണായക ചുവടുവെപ്പാകും വാക്സിനേഷനെന്ന് അധികൃതർ പറഞ്ഞു. ഗവി വാക്സിൻ അലയൻസിന്‍റെ സഹായത്തോടുകൂടിയാണ് കാമറൂണിന് വാക്സിൻ ഷോട്ടുകൾ ലഭ്യമാക്കുന്നത്.
ആഫ്രിക്കൻ വൻകരയിൽ മറ്റ് 18 രാജ്യങ്ങൾ കൂടി ഈ വർഷം മലേറിയ വാക്സിൻ പദ്ധതി നടപ്പാക്കാൻ പോവുകയാണ്. ആകെ 30 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാകുമെന്നാണ് കണക്കാക്കുന്നത്.
കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്മോഡിയം ജനുസ്സിൽപെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ അരുണ രക്താണുക്കളിൽ പെരുകുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫലീസ് ജനുസ്സിൽപ്പെട്ട ചില ഇനം പെൺകൊതുകുകളാണ് മലമ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പരത്തുന്നത്.
പനി, കടുത്ത പനി, വിറയൽ, തലവേദന, ഓക്കാനം, ശർദ്ദി, വിളറിയ-മഞ്ഞിച്ച തൊലിപ്പുറം, സന്ധിവേദന, വിളർച്ച, മൂത്രത്തിന്‍റെ നിറം മാറ്റം എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ. രക്ത പരിശോധനയിലൂടെയാണ് മലമ്പനിബാധ സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.