കൽപറ്റ: വേനല്‍മഴ ആരംഭിച്ചതോടെ ജില്ലയില്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പകരാനിടയുള്ള സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗപ്പകര്‍ച്ച തടയുന്നതിനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ജനുവരി മുതല്‍ ഇതുവരെ 22 സംശയാസ്പദ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുള്ള കഠിനവും അസഹ്യവുമായ തലവേദന, കണ്ണുകള്‍ക്കു പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍സമയങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.
പ്രതിരോധമാർഗങ്ങള്‍
ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടിനില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക.
ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കള്‍/ചെടികൾ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയില്‍നിന്ന് ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുക.
ജലം സംഭരിച്ചുവെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്തവിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ കൊതുകുവലയോ അല്ലെങ്കില്‍ സാധാരണ തുണിയോ ഉപയോഗിക്കാം. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയശേഷം വീണ്ടും നിറക്കുക.
മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക.
വാഴപ്പോളകളിലും പൈനാപ്പിള്‍ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക
എലി, അണ്ണാന്‍ മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചുകളയുകയോ കുഴിച്ചിടുകയോ ചെയ്യുക.
റബര്‍തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കാന്‍ വെച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമിഴ്ത്തിവെക്കുക.
അടയ്ക്കാതോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകൾ ആഴ്ചയിലൊരിക്കല്‍ ശേഖരിച്ച കത്തിച്ചുകളയുക. അല്ലെങ്കില്‍ അവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുക.
ടയര്‍ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളംവീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടുനിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.
മുളംകുറ്റികള്‍ വെള്ളം കെട്ടിനില്‍ക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടുമൂടുകയോ ചെയ്യുക.
ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക
മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടുമൂടുക. അല്ലെങ്കില്‍ ചാലുകീറി വെള്ളം വറ്റിച്ചുകളയുക.
ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും കാലാകാലങ്ങളില്‍ നീക്കംചെയ്യുക.
-വീടിനു ചുറ്റും കാണുന്ന പാഴ്‌ച്ചെടികള്‍, ചപ്പുചവറുകൾ എന്നിവ നീക്കംചെയ്യുക.
കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക.
ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക.
കൊതുകിനെ അകറ്റാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക.
ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുകു കടക്കാതെ വല ഘടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.