റാസല്‍ഖൈമ: ശാരീരിക അസ്വസ്ഥതകള്‍ക്ക് ആന്റിബയോട്ടിക് ഉള്‍പ്പെടെ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തുന്നവരെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധര്‍. ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഫൗണ്ടേഷന് ഫോര്‍ പോളിസി റിസര്‍ച്ചിന്റെ പിന്തുണയോടെ നടത്തിയ സര്‍വേയില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വ്യാപകമായി ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രസ്തുത സര്‍വേ റിപ്പോര്‍ട്ടിലാണ് ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് വിദഗ്ധരുടെ മുന്നറിയിപ്പ്.
മുഹമ്മദ് ബിന്‍ റാശിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിന് ആൻഡ് ഹെല്‍ത്ത് സയന്‍സസ് (എം.ബി.ആര്.യു), റാക് മെഡിക്കല്‍ ആൻഡ് ഹെല്‍ത്ത് സയന്‍സസ് യൂനിവേഴ്സിറ്റി (റാക് എം.എച്ച്.എസ്.യു) എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് റാക് (എ.യു.റാക്) റാസല്‍ഖൈമയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരാണ് അസുഖം തോന്നിയാല്‍ ആന്റിബയോട്ടിക് ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. റാക് അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലെ ഡോ. സിജോ വാഴപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. ഗവേഷകസംഘം 306 പേരില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. ഇവരില്‍ പകുതിയിലേറെയും അസുഖം വന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി അഭിപ്രായപ്പെട്ടു.
പൊതുജനങ്ങള്‍ക്കിടയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെക്കുറിച്ച അവബോധം വളര്‍ത്തുകയായിരുന്നു സര്‍വേയുടെ മുഖ്യലക്ഷ്യമെന്ന് എ.യു. റാക് അക്കാദമിക് അഫയേഴ്സ് സീനിയര്‍ വെസ് പ്രസിഡന്റ് പ്രഫ. സ്റ്റീഫൻ വില്‍ഹൈറ്റ് പറഞ്ഞു. ആരോഗ്യ സംരക്ഷണത്തില്‍ നിര്‍ണായക വിഷയത്തില്‍ ഗവേഷണം നടത്താന്‍ മുന്നിട്ടിറങ്ങിയതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഈ സര്‍വേ ഫലം ഊര്‍ജം നല്‍കുമെന്നും സ്റ്റീഫന്‍ തുടര്‍ന്നു.
ആന്റിബയോട്ടിക് പ്രതിരോധ വ്യാപനത്തെക്കുറിച്ച സുപ്രധാന വിവരശേഖരണമാണ് പഠന സര്‍വേയിലൂടെ നടന്നിരിക്കുന്നതെന്ന് എ.യു റാക് ഗവേഷണ വിഭാഗം അസോ. പ്രഫ. ഡോ. മുഹമ്മദ് സറൂണി അഭിപ്രായപ്പെട്ടു. വിദഗ്ധരുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക് ഉപയോഗം റാസല്‍ഖൈമയില്‍ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. യു.എ.ഇയിലുടനീളം സ്ഥിതി സമാനമായിരിക്കുമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ സത്വര ശ്രദ്ധ ഇതിലേക്ക് പതിയാന്‍ പഠന സര്‍വേ ഉപകരിക്കുമെന്നും ഡോ. മുഹമ്മദ് പറഞ്ഞു.എ.യു റാകിന്റെ ബയോടെക്നോളജി വകുപ്പിലെ മുതിര്‍ന്ന അക്കാദമിക് വിദഗ്ധരും ഒരു സംഘം വിദ്യാര്‍ഥികളും സര്‍വേയുടെ ഭാഗമായിരുന്നു. യു.എ.ഇയിലെ 40 ശതമാനം രക്ഷിതാക്കള്‍ക്കും ആന്റിബയോട്ടിക് പ്രതിരോധത്തെക്കുറിച്ച ധാരണയില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനദണ്ഡങ്ങളനുസരിച്ചാണോ ആന്റിബയോട്ടിക്കുകളുടെ വിതരണ വില്‍പ്പനയെന്ന പരിശോധനയും ഫാര്‍മസികള്‍ കേന്ദ്രീകരിച്ച് സര്‍വേ സംഘം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.