കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ മോചിതരായി. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ 21 ദിവസമായി പൊലീസ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മലയാളി നഴ്സുമാര്‍ അടക്കമുള്ളവര്‍ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 13ന് കുവൈത്ത് ആഭ്യന്തര, തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നഴ്സുമാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ പിടികൂടിയത്.
ഇന്ത്യക്കുപുറമെ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആരോഗ്യ ജീവനക്കാരാണ് പിടിക്കപ്പെട്ടത്. പിടിയിലായവരില്‍ ചിലര്‍ ലൈസൻസും യഥാർഥ തൊഴിൽ വിസയുമില്ലാതെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, മലയാളികള്‍ അടക്കമുള്ള നഴ്സുമാരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന നല്‍കിയിരുന്നു.
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെയും സര്‍ക്കാറിന്റെയും ഇടപെടലിനെ തുടര്‍ന്ന് കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും ജയിലില്‍ മുലയൂട്ടാനും അധികൃതർ അനുമതി നല്‍കിയിരുന്നു. തങ്ങളുടെ മോചനത്തിനായി ശ്രമിച്ച വിദേശകാര്യ സഹമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും കുവൈത്ത് ഭരണാധികാരികള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നഴ്സുമാര്‍ നന്ദി പറഞ്ഞു.
കുവൈത്ത് സിറ്റി: മലയാളികളുൾപ്പെടെ 34 ഇന്ത്യൻ നഴ്സുമാരെ വിട്ടയച്ചതിൽ സന്തോഷം അറിയിച്ച് ഇന്ത്യൻ എംബസി. സെപ്റ്റംബർ 12ന് തടവിലാക്കിയ 34 ഇന്ത്യൻ നഴ്സുമാരെയും മെഡിക്കൽ സ്റ്റാഫിനെയും വിട്ടയച്ചത് എല്ലാ ബന്ധപ്പെട്ട അധികാരികളുമായി എംബസിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ്. മന്ത്രി വി. മുരളീധരൻ നേരിട്ട് കേസ് നിരീക്ഷിച്ചു വരുകയായിരുന്നു. കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷക്കും സാധ്യമായ എല്ലാ സഹായവും നൽകാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും എംബസി അധികൃതർ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.