മസ്കത്ത്: സങ്കീർണമായ ഗ്യാസ്ട്രോ ചികിത്സ നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിൽ മികവുള്ള ഗൂബ്രയിലെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ മികച്ച തേർഡ് സ്പേസ് എൻഡോസ്കോപ്പി സേവനങ്ങൾ അവതരിപ്പിച്ചു. ഇതിനുമുമ്പ് രാജ്യത്ത് ലഭ്യമല്ലാത്ത പി.ഒ.ഇ.എം, ഇ.എഫ്.ടി.ആർ, ഇ.എസ്.ഡി, എസ്.ടി.ഇ.ആർ പോലുള്ള നൂതന ചികിത്സ സംവിധാനങ്ങളാണ് സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി വാഗ്ദാനം ചെയ്യുന്നതെന്ന് വാർത്തസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
സീനിയർ കൺസൽട്ടന്റുമാരായ ഡോ. ആഷിക് സൈനു മൊഹിയുദ്ദീൻ, ഡോ. ഹിഷാം അൽ ദഹാബ് എന്നിവരാണ് ആസ്റ്റർ സെന്റർ ഓഫ് എക്സലൻസിയെ നയിക്കുന്നത്. ഇരുവരും ക്ലിനിക്കൽ വൈദഗ്ധ്യത്തിനും ഗ്യാസ്ട്രോ എന്ററോളജി മേഖലയിലെ അതുല്യ സംഭാവനകൾക്കും പേരുകേട്ടവരാണ്.
ഈ പ്രത്യേക വിഭാഗത്തിൽ രണ്ട് സ്പെഷലിസ്റ്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റുകളും ഗ്യാസ്ട്രോ എന്ററോളജിയിലെ ഒരു ഫെലോയും ഉൾപ്പെടുന്നു. ആഗോളതലത്തിൽ പ്രശസ്തനായ ചികിത്സ എൻഡോസ്കോപ്പിസ്റ്റ് ഡോ. അമോൽ ബപ്പായേയുടെ നേതൃത്വത്തിലാണ് പി.ഒ.ഇ.എം, ഇ.എഫ്.ടി.ആർ, ഇ.എസ്.ഡി, എസ്.ടി.ഇ.ആർ പോലുള്ള നൂതന നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന തേർഡ് സ്പേസ് എൻഡോസ്കോപ്പി സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സങ്കീർണമായ ജി.ഐ പ്രശ്നങ്ങൾ സമഗ്രമായി പരിഹരിക്കുന്നതിന് ഒരു മൾട്ടി ഡിസിപ്ലിനറി സമീപനം വാഗ്ദാനം ചെയ്യുന്ന ശസ്ത്രക്രിയ വിദഗ്ധർ, റേഡിയോളജിസ്റ്റുകൾ, ക്രിട്ടിക്കൽ കെയർ ഫിസിഷ്യന്മാർ, അനസ്തെറ്റിസ്റ്റുകൾ എന്നിവരുടെ ഒരു ടീമുമുണ്ട്.
നൂതനമായ എൻഡോസ്കോപ്പി, ഫ്ലൂറോസ്കോപ്പിക് സ്യൂട്ടുകൾ, ജി.ഐ മോട്ടിലിറ്റി ലാബുകൾ, എൻഡോസ്കോപ്പുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സമഗ്രമായ നിര, നേരത്തേയുള്ള രോഗ നിർണയത്തിന് സഹായിക്കുന്ന ലിവർ എലാസ്റ്റോഗ്രഫി മെഷീൻ എന്നിവ ഇവിടെ സജ്ജമാണ്. ജി.സി.സി മേഖലയിൽ അധികം ലഭ്യമാകാത്ത തേർഡ് സ്പേസ് എൻഡോസ്കോപ്പി സേവനങ്ങൾ ഒമാനിൽ ആരംഭിച്ചത് സുപ്രധാന നേട്ടമാണെന്ന് ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഹെപ്പറ്റോളജിസ്റ്റ്, തെറപ്പിക് എൻഡോസ്കോപ്പി സീനിയർ കൺസൽട്ടന്റ് ഡോ. ആഷിക് സൈനു മൊഹിയുദ്ദീൻ പറഞ്ഞു. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തേർഡ് സ്പേസ് എൻഡോസ്കോപ്പിസ്റ്റായ ഡോ. അമോൽ ബാപ്പേയെയുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ നൂതന ചികിത്സ സംവിധാനം ജി.സി.സിയിലുടനീളം ലഭ്യമാക്കാനും സാധിക്കുന്നു.
അത്യാധുനിക ഗ്യാസ്ട്രോ എന്ററോളജിക്കൽ കെയറിന്റെ ഒരു കേന്ദ്രമായി ഒമാനെ മാറ്റുന്നതിനൊപ്പം, മുഴുവൻ പ്രദേശത്തിനും ആകർഷകമായ മെഡിക്കൽ ടൂറിസം അവസരങ്ങൾ അവതരിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കുന്നതായും ഡോക്ടർ പറഞ്ഞു. ഒമാനിൽ തേർഡ് സ്പേസ് എൻഡോസ്കോപ്പി സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ ഈ രംഗത്തെ ആവശ്യകതകൾ നിറവേറ്റുന്നതിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഹെപ്പറ്റോളജിസ്റ്റ് തെറപ്പിക് എൻഡോസ്കോപ്പി സീനിയർ കൺസൽട്ടന്റായ ഡോ. ഹിഷാം അൽ ദഹാബ് പറഞ്ഞു.
ആരോഗ്യരംഗത്തെ മുന്നേറ്റത്തിനുള്ള സ്ഥാപനത്തിന്റെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് ആസ്റ്റർ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി, തെറപ്പിക് എൻഡോസ്കോപ്പി എന്നിവയുടെ ലോഞ്ചിങ്ങെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സിന്റെ ഒമാനിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ശൈലേഷ് ഗുണ്ടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.