എല്ലാ മെയ് മാസത്തിലെയും ആദ്യ ചൊവ്വാഴ്ചയാണ് ‘ലോക ആസ്ത്മ ദിനം’ ആചരിക്കുന്നത്. ലോകമെമ്പാടും ആസ്ത്മയെക്കുറിച്ച് ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ദീർഘകാല രോഗമാണ് ആസ്ത്മ. ഈ അവസ്ഥ ശ്വാസനാളത്തിൽ വീക്കം ഉണ്ടാക്കുകയും ശ്വസിക്കാൻ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസം എന്നിവക്ക് ഇത് കാരണമാകുന്നു. ആസ്ത്മ പൂർണമായും ഭേദപ്പെടുത്താൻ സാധിക്കില്ലെങ്കിലും രോഗലക്ഷണങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയും. അതുകൊണ്ട് തന്നെ ആസ്ത്മ രോഗികൾ പേടിക്കേണ്ടതില്ല. അവർക്ക് സാധാരണ ജീവിതം നയിക്കാം.
2023ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘ഏവർക്കും ആസ്ത്മ പരിചരണം’ എന്നതാണ്. എല്ലാ വർഷവും ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (ജി.ഐ.എൻ.എ) ആണ് ബോധവത്ക്കരണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ലോകത്ത് ആദ്യമായി ആസ്ത്മ ദിനം ആചരിച്ചത് 1998ലാണ്. അതിനുശേഷം ഈ രോഗത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി പല രാജ്യങ്ങളിലും ബോധവത്ക്കരണ പരിപാടികൾ നടത്തിയിരുന്നു.
ശ്വാസതടസം, നെഞ്ചുവേദന, നിർത്താത്ത ചുമ അല്ലെങ്കിൽ ഉറക്കത്തെ തടസപ്പെടുത്തുന്ന ശ്വാസംമുട്ടൽ എന്നിവ ആസ്ത്മയുടെ ചില സാധാരണ ലക്ഷണങ്ങളാണ്. ആദ്യം ചെയ്യേണ്ടത് നിങ്ങൾക്ക് എന്തെങ്കിലും അലർജിയുണ്ടെങ്കിൽ അതിൽ നിന്ന് വിട്ട് നിൽക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുക എന്നതാണ്. ജലദോഷമോ പനിയോ ഉണ്ടാവുന്ന സാഹചര്യത്തിൽ ആസ്തമ രോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആസ്തമക്കെതിരെ എല്ലാ മുൻകരുതലുകളും എടുക്കുക. കാരണം ഇവ ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ആസ്ത്മ മൂർച്ഛിക്കാനും ഇടയുണ്ട്. ആസ്ത്മയുള്ളവർ നിർബന്ധമായും പുകവലി ഉപേക്ഷിക്കണം. ഏതെങ്കിലും തരത്തിൽ പുകയുമായി സമ്പർക്കം പുലർത്തുന്നത് രോഗം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. ആസ്ത്മയുള്ള ആളുകൾ കുറച്ച് കരുതലോടെ ജീവിത സാഹചര്യങ്ങൾ ക്രമീകരിച്ചാൽ ഒരു പരിധി വരെ രോഗത്തിൽ നിന്ന് മോചനം നേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.